കോവിഡ് മരണപ്പട്ടിക: 1252 പരാതികളിൽ അന്വേഷണം തുടങ്ങി
text_fieldsആലപ്പുഴ: കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടാതെ പോയ 1252 പേരുടെ കുടുംബങ്ങളിൽനിന്ന് ഉറ്റവരുടെ പരാതി. തുടർന്ന് അധികൃതർ വിശദ അന്വേഷണം തുടങ്ങി. ഓൺലൈനായി ലഭിച്ച അപേക്ഷകൾ അതതു പ്രദേശത്തെ ആശുപത്രികളിലേക്കാണ് കൈമാറിയത്. അന്വേഷണം പൂർത്തിയാക്കി തിരികെ ലഭിച്ച 19 പരാതികൾക്ക് ജില്ലതല സമിതി കഴിഞ്ഞദിവസം അംഗീകാരം നൽകി.
എ.ഡി.എം, ജില്ല മെഡിക്കൽ ഓഫിസർ, ജില്ല ജാഗ്രത ഓഫിസർ (ഡി.എസ്.ഒ), മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി എന്നിവരടങ്ങിയ സമിതിയാണ് പരാതി പരിഗണിക്കുന്നത്. കേന്ദ്രം നിഷ്കർഷിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് മെഡിക്കൽ രേഖകൾ പരിശോധിച്ചായിരിക്കും കോവിഡ് മരണമാണോയെന്നു തീരുമാനിക്കുക. അതിനു ശേഷമാകും നഷ്ട പരിഹാര വിതരണം. മരിച്ചയാളുടെ അവകാശിക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്ന് 50,000 രൂപയാണ് നൽകുന്നത്.
ജില്ലയിൽ 1617 പേർ കോവിഡ് ബാധിച്ചു മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കുട്ടികൾക്ക് മാതാവും പിതാവും നഷ്ടമായ ആറുകേസാണ് ജില്ലയിൽ. കുട്ടികൾക്ക് മൂന്നു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 18 വയസ്സ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് നൽകുക. ബിരുദം വരെ പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് കൂടി വഹിക്കും.
217 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: ജില്ലയില്‍ 217 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 213 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗ സ്ഥിരീകരണ നിരക്ക് 5.96 ശതമാനമായി കുറഞ്ഞു. 360 പേര് രോഗമുക്തരായി. നിലവില്‍ 3198 പേര് ചികിത്സയിലും കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.