കോവിഡ് വർധന: വാക്സിൻ നിയന്ത്രണത്തിൽ ആശങ്ക, ഇളവിന് അനുമതി തേടി
text_fieldsആലപ്പുഴ: നിശ്ചിത എണ്ണം ആളുകളെത്തിയാലേ കോവിഡ് വാക്സിൻ നൽകൂവെന്ന നിയന്ത്രണം നീക്കാൻ ആരോഗ്യവകുപ്പ് ജില്ല അധികൃതർ സർക്കാറിന്‍റെ അനുമതി തേടി. വാക്സിനെടുക്കാനെത്തുന്ന ഒരാളെപ്പോലും തിരിച്ചയക്കാതെ കുത്തിവെപ്പ് നൽകുന്നതിന് സംവിധാനമൊരുക്കാനാണിത്. പാഴാകുന്ന വാക്സിന്‍റെ പരിധി ഉയർത്തി പ്രശ്നപരിഹാരം കാണണമെന്നാണ് ആവശ്യം. കോവിഡ് നാലാംതരംഗ സാധ്യത നിലനിൽക്കെ കുട്ടികൾക്ക് ഉൾപ്പെടെ സമ്പൂർണ വാക്സിനേഷൻ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
10 മുതൽ 20 വരെ പേർ ഒന്നിച്ചെത്തിയാലേ വാക്സിൻ നൽകൂ എന്ന നിബന്ധനയെത്തുടർന്ന് അടുത്തകാലത്ത് ജില്ലയിൽ വാക്സിനേഷൻ കുത്തനെ കുറഞ്ഞിരുന്നു.
10 ഡോസുള്ള വാക്സിൻ വയലും 20 ഡോസുള്ള വയലും തുറക്കണമെങ്കിൽ അത്രയും ആളുകളെത്തണമെന്നായിരുന്നു വ്യവസ്ഥ. കുറച്ചാളുകൾക്ക് മാത്രമായി വയൽ തുറന്നാൽ ബാക്കിവരുന്നത് കേടാകും.
വാക്സിൻ ഡ്രൈവ് ആരംഭിച്ച വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നിബന്ധന തുടരുന്ന സാഹചര്യത്തിൽ ഡ്രൈവിന്‍റെ പ്രയോജനം പൂർണമായി ലഭിച്ചില്ല.
ഡ്രൈവിന് മുന്നോടിയായി വാർഡുതല സമിതികളോടും വിദ്യാഭ്യാസവകുപ്പ് അധികൃതരോടും പരമാവധി ആളുകളെ ഒന്നിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. എന്നാൽ, പലയിടത്തും ഇത് സാധ്യമായില്ല.
ആദ്യമെത്തിയവർക്ക് എണ്ണം തികയാൻ മറ്റാളുകളെത്തുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ആളെണ്ണം തികയാഞ്ഞതിനാൽ ചിലരെ തൊട്ടടുത്ത മറ്റ് ആശുപത്രികളിലേക്കും വിട്ടു.
ചിലർ വാക്സിനെടുക്കാതെയും മടങ്ങി. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു പ്രാഥമികാരോഗ്യകേന്ദ്രം മുതൽ പ്രധാന ആശുപത്രികൾ വരെയുള്ള സ്ഥലങ്ങളിൽ വാക്സിനേഷനുണ്ടായിരുന്നത്. ഡ്രൈവിന്‍റെ ഭാഗമായി ഇത് എല്ലാ ദിവസവുമാക്കിയിട്ടുണ്ട്. ഇതിന്‍റെ പൂർണ പ്രയോജനം ലഭിക്കണമെങ്കിൽ നിയന്ത്രണങ്ങൾ നീക്കണമെന്നാണ് ആവശ്യം. 85 സർക്കാർ സ്ഥാപനത്തിലും ഏഴ് സ്വകാര്യസ്ഥാപനത്തിലുമാണ് വാക്സിനേഷനുള്ളത്.
കോവിഷീൽഡ്, കോർബെവാക്സ് വാക്സിനുകളുണ്ടെങ്കിലും കോവാക്സിൻ ആവശ്യത്തിന് ലഭ്യമല്ലെന്നതും പ്രശ്നമാണ്. കഴിഞ്ഞദിവസം ലഭിച്ച ലക്ഷം ഡോസിൽനിന്ന് 10,000 ഡോസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. സ്വകാര്യ ആശുപത്രികളിലും വാക്സിൻ ആവശ്യത്തിന് ലഭ്യമല്ല. വാക്സിനെടുക്കാൻ ആളു കുറഞ്ഞതോടെ പല ആശുപത്രികളും പിന്മാറിയതാണ് കാരണം. 60 വയസ്സിൽ താഴെയുള്ളവർക്ക് പണം നൽകി ബൂസ്റ്റർ ഡോസെടുക്കാനാവാത്ത സ്ഥിതിയാണ്. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 കഴിഞ്ഞവർ എന്നിവർക്ക് മാത്രമാണ് സർക്കാർ ആശുപത്രികളിലൂടെ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.