കോവിഡ് ചികിത്സ മുൻഗണന മാറുന്നു: ലക്ഷണങ്ങൾ ഇല്ലാത്തവരും ഇനി സി.എഫ്.എൽ.ടി.സികളിൽ
text_fieldsആലപ്പുഴ: കോവിഡ് ബാധിതരെയും ചികിത്സിക്കുന്ന ആശുപത്രികളെയും പല വിഭാഗങ്ങളായി തിരിച്ചുള്ള ചികിത്സയിൽ മുൻഗണന ക്രമം മാറുന്നു. ഇനി തീവ്രതയനുസരിച്ച് എ, ബി, സി എന്നിങ്ങനെ തിരിക്കും. ഈ വിഭാഗങ്ങളിൽ ഏതൊക്കെ ആശുപത്രികൾ, ഏതൊക്കെ വിഭാഗം രോഗികൾ ഉൾപ്പെടും എന്നതിലാണ് പ്രധാന മാറ്റം.
മൂന്നാം തരംഗത്തിൽ കോവിഡിന്റെ ലക്ഷണങ്ങളും അതനുസരിച്ച് ചികിത്സ പ്രോട്ടോക്കോളും മാറിയതിനാലാണ് ആശുപത്രികളെയും കോവിഡ് ബാധിതരെയും തരംതിരിച്ച ചികിത്സ. കോവിഡ് ബാധിച്ചെങ്കിലും ലക്ഷണങ്ങൾ ഇല്ലാത്ത, വീട്ടിൽ സൗകര്യമുള്ളവരെ വീട്ടിൽതന്നെ കഴിയാൻ നിർദേശിക്കുന്നതായിരുന്നു നേരത്തേയുണ്ടായിരുന്ന രീതി. വീട്ടിൽ സൗകര്യമില്ലാത്തവരെ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഈ കേന്ദ്രങ്ങളിൽ ഡോക്ടർ ഉണ്ടാവില്ല. നഴ്സ് മാത്രം. പിന്നീട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ട്രയാജിലേക്ക് മാറ്റുന്നതായിരുന്നു രീതി. കോവിഡ് കാഷ്വാലിറ്റിയായി പ്രവർത്തിക്കുന്ന കേന്ദ്രമാണ് ട്രയാജ്. ഇവിടെ കിടത്തിച്ചികിത്സയില്ല.
അതിനിടെ, കോവിഡ് ബാധിതരുടെ വിവരങ്ങൾ പൂർണമായി ഇപ്പോഴും പൊതുജനാരോഗ്യ വിഭാഗത്തിൽ എത്തുന്നില്ല. കോവിഡ് ബാധിച്ചതായി പലരും ആരോഗ്യപ്രവർത്തകരെ യഥാസമയം അറിയിക്കാത്തതാണ് പ്രധാന കാരണം. സ്വകാര്യ ലബോറട്ടറികളിൽ നിന്നും ആശുപതികളിൽ നിന്നും വിവരങ്ങൾ കൈമാറുന്നതിലെ വീഴ്ചയും പൊതുജനാരോഗ്യ വിഭാഗത്തിന്റെ ദൈനംദിന വിശകലനത്തിനു തടസ്സമാണ്. കോവിഡ് സ്ഥിരീകരിച്ചാൽ പ്രദേശത്തെ ഹെൽത്ത് ഇൻസ്പെക്ടറെയോ ആശാ പ്രവർത്തകരെയോ അറിയിക്കണം.
അവർ ബന്ധപ്പെട്ട ആരോഗ്യ വിദഗ്ധരെ വിവരങ്ങൾ അറിയിക്കും. സ്വകാര്യ ലബോറട്ടറിയിലോ സ്വകാര്യ ആശുപത്രിയിലോ പരിശോധിച്ചതാണെങ്കിൽ ആ സ്ഥാപനം തന്നെ പൊതുജനാരോഗ്യ വിഭാഗത്തെ നേരിട്ട് അറിയിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
പുതിയ രീതി ഇങ്ങനെ
എ വിഭാഗം -ലക്ഷണങ്ങൾ ഇല്ലാത്തവരെയും മിനിമം ലക്ഷണങ്ങൾ മാത്രമുള്ളവരെയും സി.എഫ്.എൽ.ടി.സികളിൽ പരിചരിക്കും.
ബി വിഭാഗം -ജീവിതശൈലീ രോഗങ്ങളുള്ള (പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങിയവ) സാധാരണ ലക്ഷണങ്ങൾ മാത്രമുള്ളവർ. ഇവരെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കും. ഹരിപ്പാട് മാധവ ഫാർമസി, കായംകുളം പത്തിയൂർ എൽമെക്സ് ഹോസ്റ്റൽ എന്നിവയാണ് ജില്ലയിലെ കോവിഡ് ആശുപത്രികൾ.
സി വിഭാഗം -കാൻസർ, വൃക്കരോഗം, കരൾരോഗം തുടങ്ങിയ ഗുരുതര രോഗങ്ങളോ ജീവിതശൈലീരോഗങ്ങളോ ഉള്ള തീവ്രമായ ലക്ഷണങ്ങളുള്ളവർ. മെഡിക്കൽ കോളജ് ആശുപത്രിയാണ് ഈ വിഭാഗത്തിൽ ഇപ്പോഴുള്ളത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ കൂടി സജ്ജീകരണങ്ങളുണ്ടാകും. തീവ്രപരിചരണ വിഭാഗവും വെന്റിലേറ്റർ സൗകര്യവുമുള്ള ആശുപത്രികളാണ് ഈ വിഭാഗത്തിന് പരിഗണിക്കുന്നത്. കാര്യമായ ലക്ഷണങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ (ശ്വാസംമുട്ടൽ, മറ്റ് അസുഖങ്ങൾ) ഇല്ലാത്തവരോടാണ് ഡോക്ടർമാർ വീട്ടിൽ തന്നെ കഴിയാൻ നിർദേശിക്കുന്നത്. ചെറിയ പ്രയാസങ്ങൾ ഉള്ളവർ അടുത്തുള്ള ട്രയാജിൽ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.