കോവിഡ് പ്രതിരോധ കുത്തിവെപ്പിന് തുടക്കം
text_fieldsആലപ്പുഴ: ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പിന് തുടക്കം. ജനറൽ ആശുപത്രിയിലെ വാക്സിൻ വിതരണകേന്ദ്രത്തിൽ ജില്ല മെഡിക്കൽ ഓഫിസർ എൽ. അനിതകുമാരി 'കോവിഷീൽഡ്' ആദ്യമായി സ്വീകരിച്ചു. തുടർന്ന് ഡോ. വേണുഗോപാൽ, ആർ.സി.എച്ച് ഓഫിസർ ഡോ. മോഹൻദാസ് എന്നിവരും സ്വീകരിച്ചു.
ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ എല്ലാവരെയും വാക്സിനേഷന് വിധേയമാക്കും. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് കലക്ടറേറ്റിൽ വിഡിയോവഴി വീക്ഷിച്ച ശേഷം കലക്ടർ എ. അലക്സാണ്ടർ വാക്സിൻ വിതരണകേന്ദ്രമായ ജനറൽ ആശുപത്രിയിൽ എത്തി.
ജില്ലയിൽ ആദ്യദിനം 616 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. കായംകുളം താലൂക്ക് ആശുപത്രി -60, ജില്ല ആശുപത്രി ചെങ്ങന്നൂർ -65, ജില്ല ആശുപത്രി മാവേലിക്കര -80, മെഡിക്കൽ കോളേജ് -64, സേക്രഡ് ഹാർട്ട് ആശുപത്രി ചേർത്തല 71, ആലപ്പുഴ ജനറൽ ആശുപത്രി -68, ആർ.എച്ച്.ടി.സി ചെട്ടികാട് -66, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം -60, പി.എച്ച്.സി പുറക്കാട് -82 എന്നിങ്ങനെയാണ് വാക്സിൻ നൽകിയത്. വാക്സിൻ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട 89 കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുമ്പോൾ എല്ലാവർക്കും ലഭ്യമാകാനുള്ള സൗകര്യം ഉണ്ടാകുമെന്ന് കലക്ടർ പറഞ്ഞു.
തീരദേശമേഖല, കുട്ടനാട് തുടങ്ങി എല്ലാ വിഭാഗത്തിലെയും പ്രാതിനിധ്യം ആദ്യഘട്ടത്തിൽ ഉറപ്പാക്കും. ആദ്യദിനം ഓരോ കേന്ദ്രത്തിലും നൂറോളം പേർക്ക് വീതം തെരഞ്ഞെടുത്താണ് വാക്സിനേഷൻ നൽകിയത്. ഇതിൽ ആരോഗ്യമേഖലയിലെ താഴേതട്ടിലുള്ള ജീവനക്കാരടക്കമുള്ളവരെയും ഉൾപ്പെടുത്തിയിരുന്നു. വാക്സിനേഷൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നുവെന്ന് ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു.
മന്ത്രി ജി. സുധാകരൻ മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും എത്തി പ്രവർത്തനം വിലയിരുത്തി. ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്പേഴ്സൻ സൗമ്യരാജ് എന്നിവരും ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. അഡ്വ. എ.എം. ആരിഫ് എം.പി വണ്ടാനം മെഡിക്കൽ കോളജിൽ എത്തി വാക്സിൻ വിതരണം വീക്ഷിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓര്‍ത്തോവിഭാഗം അസോ. പ്രഫ. ഡോ. ജോര്‍ജ്കുട്ടി ആദ്യവാക്സിന് സ്വീകരിച്ചു. സൂപ്രണ്ട് ആര്.വി. രാംലാല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുൽ സലാം, പ്രഫസര്‍മാരായ ഡോ. ടി.കെ. സുമ, നഴ്സിങ് സൂപ്രണ്ട് പ്രഭാകുമാരി, വാക്സിനേഷന് നോഡല്‍ ഓഫിസര്‍ ഡോ. സുനില്‍ ഡാനിയേല്‍, കോവിഡ് സെല്‍ നോഡല്‍ ഓഫിസര്‍ ഡോ. ജൂബി ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.