കോവിഡ് വാക്സിന്; ഡ്രൈ റണ്‍ വിജയകരം
text_fieldsആലപ്പുഴ: ജില്ലയിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് മുന്നോടിയായി ആശുപത്രികളിൽ നടന്ന ഡ്രൈ റണ്‍ വിജയകരം. യഥാര്‍ഥ വാക്സിന് നല്‍കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ റിഹേഴ്സലാണ് വിജയകരമായി പൂർത്തിയാക്കിയത്. ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് റസീന വാക്സിന് സ്വീകരിക്കുന്നതിന് ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തെത്തിയതോടെ നടപടിക്രമം ആരംഭിച്ചു.
ആദ്യം രജിസ്റ്റർ ചെയ്ത സമയത്ത് സമര്‍പ്പിച്ച തിരിച്ചറിയല്‍ രേഖ പരിശോധിക്കാൻ കൗണ്ടറില്‍ നല്കി. തുടര്‍ന്ന് കാത്തിരിപ്പുമുറിയില്‍ സമൂഹ അകലം പാലിച്ച് ഇരുന്നു. വാക്സിനേഷന് മുറിയിലെത്തി നഴ്സ് നിർദേശം നൽകിയതിനുശേഷമാണ് വാക്സിൻ സ്വീകരിച്ചത്.
തുടർന്ന് നിരീക്ഷണ മുറിയിലെത്തി അര മണിക്കൂര്‍ ചെലവിട്ടു. ഇതിനിടെ, കലക്ടര്‍ എ. അലക്സാണ്ടര്‍ നിരീക്ഷണ മുറിയിലെത്തി റസീനയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തൊട്ടുപിന്നാലെ മറ്റ് ആരോഗ്യപ്രവര്‍ത്തകരെത്തി വാക്സിനുകള്‍ സ്വീകരിച്ചു. ജില്ലയിലെ കോവിഡ് വാക്സിന് വിതരണത്തോടനുബന്ധിച്ച് നടന്ന ഡ്രൈ റണ്‍ പ്രോസസിെൻറ ഭാഗമായാണ് റസീന വാക്സിന് സ്വീകരിച്ചത്.
ആരോഗ്യവകുപ്പിെൻറ നേതൃത്വത്തില്‍ നടത്തിയ വാക്സിന് ഡ്രൈ റണ്ണിൽ ജില്ലയിലെ 100 ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. ആലപ്പുഴ ജനറല്‍ ആശുപത്രി കൂടാതെ ആര്.എച്ച്.ടി.സി ചെട്ടികാട്, പ്രാഥമികാരോഗ്യകേന്ദ്രം പുറക്കാട്, സേക്രഡ് ഹാര്‍ട്ട് ജനറല്‍ ആശുപത്രി ചേര്‍ത്തല എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്.
ജനറല്‍ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടർ നേതൃത്വം നല്കി. ജില്ലയിൽ വാക്സിന് വിതരണത്തിന് സജ്ജീകരണം പൂർത്തിയാക്കി. ഇതുവരെ ജില്ലയില്‍ 18,291 ആരോഗ്യപ്രവര്‍ത്തകരാണ് പേര് രജിസ്റ്റർ ചെയ്തത്. 501 സെൻററിലാണ് വാക്സിനേഷന് സജ്ജീകരിക്കുക.
വാക്സിന് വിതരണത്തിന് തയാറാക്കിയ പ്രത്യേക പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് 25 പേരെ വീതം തെരഞ്ഞെടുത്താണ് ഡ്രൈ റണ്‍ നടത്തിയത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാർഥികള്‍, ആശ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് അംഗൻവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന് ലഭ്യമാക്കുന്നത്.
ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതാകുമാരി, ജില്ല മാസ് മീഡിയ ഓഫിസര്‍ പി.എസ്. സുജ, ആലപ്പുഴ മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.