പി.പി. ചിത്തരഞ്ജനെതിരെ രൂക്ഷവിമർശനം; ഒന്നരമണിക്കൂർ ഏരിയസമ്മേളനം നിർത്തിവെച്ചു
text_fieldsആലപ്പുഴ: വിഭാഗീയത ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സി.പി.എം ആലപ്പുഴ നോർത്ത് ഏരിയസമ്മേളനത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എക്കെതിരെ രൂക്ഷവിമർശനം. സമ്മേളന പ്രതിനിധികൾ ചേരിതിരിഞ്ഞ് വിമർശനം ഉയർത്തിയതിനൊപ്പം ചിത്തരഞ്ജനെതിരെ വ്യക്തിഹത്യ ഉൾപ്പെടെയുള്ള ആരോപണം ഉയർത്തിയതോടെയാണ് സമ്മേളനം ഒന്നരമണിക്കൂർ നിർത്തിവെച്ചത്.
പിന്നീട്, പുനരാരംഭിച്ച സമ്മേളനത്തിൽ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരവും നടന്നു. സജി ചെറിയാൻ, പി.പി. ചിത്തരഞ്ജൻ പക്ഷമായി തിരിഞ്ഞാണ് തർക്കമുണ്ടായത്. വിഷയത്തിൽ ഇടപെട്ട ജില്ല സെക്രട്ടറി ആർ. നാസർ വ്യക്തിഹത്യ നടത്തുന്ന പരാമർശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതിനിധികൾ തയാറാകാതിരുന്നില്ല. ഇതും സമ്മേളന നടപടി നിർത്തിവെക്കുന്നതിന് ഇടയാക്കിയെന്നാണ് വിവരം. ജില്ല സെക്രട്ടറി ആർ.നാസർ, പി.പി. ചിത്തരഞ്ജൻ, ജി. സുധാകരൻ അടക്കമുള്ളവർ ഒരുപക്ഷത്ത് നിലയുറപ്പിക്കുമ്പോഴാണ് മറുപക്ഷത്ത് സജി ചെറിയാെൻറ വിഭാഗം വിമർശം അഴിച്ചുവിട്ടത്. രണ്ടാംദിവസമാണ് വ്യക്തിഹത്യയടക്കമുള്ള ആക്ഷേപമുന്നയിച്ചത്.
നഗരസഭ ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ ചിത്തരഞ്ജൻ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിച്ചത്. ഇതാണ് പ്രവർത്തകരെ തെരുവിലിറക്കേണ്ട സാഹചര്യമുണ്ടാക്കിയത്. പാലിയേറ്റിവ് കെയറിനുവേണ്ടി പിരിക്കുന്ന പണം ചെങ്ങന്നൂരിലേക്ക് കേന്ദ്രീകരിക്കുന്നതിനെതിരെയും വിമർശമനമുയർന്നു. ചിത്തരഞ്ജൻ വിഭാഗീയത പ്രവർത്തനത്തിന് നേതൃത്വം നൽകുന്നുവെന്നും സമ്മേളന പ്രതിനിധികൾ കുറ്റപ്പെടുത്തി. പൊലീസിെൻറ നടപടികളടക്കം സർക്കാറിനെതിരെയും വിമർശനമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.