അരൂർ പഞ്ചായത്ത് ഓഫിസ് പൂട്ടിയെന്ന് സി.പി.എം അംഗം; തിരുത്തുമായി പാർട്ടി നേതാവ്
text_fieldsഅരൂർ: അരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ ജനങ്ങളെ പ്രവേശിപ്പിക്കാതെ താക്കോലിട്ട് പൂട്ടിയിട്ടിരിക്കുകയാണെന്ന് സി.പി.എം അംഗം.അരൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ ‘പകർച്ചവ്യാധി’ എന്ന തലക്കെട്ടിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെതിരെ സി.പി.എം പള്ളിയറക്കാവ് ബ്രാഞ്ച് മെംബറായ കെ.വി. അജയൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ആരുടെയും പ്രവേശനം തടഞ്ഞിട്ടില്ലെന്നും ജനങ്ങൾക്ക് സേവനം ലഭ്യമാകാൻ തടസ്സമില്ലെന്നും അരൂർ ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം അരൂർ ലോക്കൽ കമ്മിറ്റി മെംബറുമായ ബി.കെ. ഉദയകുമാർ മറുപടി കമന്റിട്ടത് ചർച്ചയെ ചൂടുപിടിപ്പിച്ചു. ഒരാഴ്ചയായി ഗ്രാമപഞ്ചായത്ത് ഓഫിസിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ, ഓഫിസ് താക്കോലിട്ട് പൂട്ടിയിട്ടിരിക്കുകയാണെന്നാണ് അജയൻ എഴുതിയത്. പഞ്ചായത്ത് ഓഫിസിനുള്ളിലെ ഇടനാഴിയിൽ ഒരുചില്ലുവാതിൽ പിടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഉദയകുമാറിന്റെ മറുപടി.
അനാവശ്യമായി പഞ്ചായത്ത് ഓഫിസിനുള്ളിൽ ആളുകൾ കയറുന്നത് നിയന്ത്രിക്കാൻ പഞ്ചായത്ത് കമ്മിറ്റിയെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഉദയകുമാർ വിശദീകരിച്ചു. ഫ്രണ്ട് ഓഫിസുവഴി പഞ്ചായത്തിന്റെ സേവനങ്ങൾ നൽകുന്നത് കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് പൊതുജനങ്ങൾക്ക് പരാതിയില്ലെന്നും സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.