ആശുപത്രി വളപ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോത്ത്; രണ്ടുപേർക്ക് വീണ് പരിക്ക്
text_fieldsആലപ്പുഴ: കശാപ്പുചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. പോത്ത് വരുന്നത് കണ്ട് ഓടിയ കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിക്കും വനിതാ ഡോക്ടർക്കും വീണ് പരിക്കേറ്റു. വാർഡിനകത്തേക്ക് പോത്ത് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും കൂട്ടിരിപ്പുകാരും ജീവനക്കാരും ചേർന്ന് വാതിലുകൾ അടച്ചതിനാൽ ഗർഭിണികളും നവജാതശിശുക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പോത്ത് ആശുപത്രി വളപ്പില്‍ ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ ഗേറ്റ് തകർത്താണ് പോത്ത് ഓടിക്കയറിയത്. ആശുപത്രി വളപ്പിലുണ്ടായിരുന്ന ബൈക്ക് പോത്ത് തകർത്തു. അഗ്നിരക്ഷാ സേനയെത്തി ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടിച്ചുകെട്ടിയത്. ഇതിനിടെ അഗ്നിരക്ഷാസേനയുടെ വാഹനത്തിന്റെ ബംപർ പോത്ത് ഇടിച്ചുതകർത്തു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ആർ. ജയസിംഹന്റെ നേതൃത്വത്തിൽ ഓഫിസർമാരായ കെ.ബി.ഹാഷിം, ജോബിൻ വർഗീസ്, പി.പി. പ്രശാന്ത്, എ.ജെ. ബഞ്ചമിൻ, കെ.ആർ. അനീഷ്, ജസ്റ്റിൻ ജേക്കബ്, കെ.ബി. ആന്റണി, വി. വിനീഷ് എന്നിവർ ചേർന്നാണ് പോത്തിനെ പിടിച്ചുകെട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.