ക്രിയാത്മക നിർദേശങ്ങൾ ഗൗരവമായി പരിഗണിക്കും -മുഖ്യമന്ത്രി
text_fieldsആലപ്പുഴ: സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ആശയങ്ങൾ സ്വരൂപിച്ച് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താമരശ്ശേരിൽ കൺവെൻഷൻ സെൻററിൽ ആലപ്പുഴ ജില്ല നവകേരള സദസിന്റെ രണ്ടാം പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണാട്ടുകരയുടെ കാർഷികപ്പെരുമ, സംയോജിത കൃഷി, ടൂറിസം സാധ്യതകൾ, ഭിന്നശേഷി വ്യക്തികളുടെ പ്രശ്നങ്ങൾ, ഉന്നതവിദ്യാഭ്യാസം, തൊഴിൽ, ആയുർവേദം തുടങ്ങിയ മേഖലകളിൽ നിന്നുള്ള നിർദേശങ്ങളാണ് യോഗത്തിൽ ചർച്ചയായത്. യോഗത്തിൽ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീരുമാനങ്ങൾ വേഗത്തിൽ എടുക്കുക, ജനങ്ങൾക്ക് തീരുമാനങ്ങളുടെ ഫലം അനുഭവിക്കാനാകുക എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫയൽ തീർപ്പാക്കൽ, അദാലത്ത്, അവലോകന യോഗങ്ങൾ തുടങ്ങിയ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ തീരുമാനങ്ങളിലെ കാലതാമസം ഒഴിവാക്കുകയാണ് സർക്കാർ ചെയ്തത്. നമ്മുടെ നാട് എവിടെ എത്തിനിൽക്കുന്നു, ഇനി മുന്നോട്ട് പോകാൻ സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാമാണ് എന്ന് ചർച്ച ചെയ്യുകയാണ് ഇവിടെയെന്നും അദ്ദേഹം പറഞ്ഞു.
മാവേലിക്കര ബിഷപ്പ് എബ്രഹാം മാർ എപ്പിഫാനിയോസ്, സ്വാതന്ത്ര്യ സമര സേനാനി കെ.എ. ബക്കർ, ജാഫർ സാദിഖ് സിദ്ദിഖി, കലാകാരി എസ്. കൺമണി, വിദേശ വ്യവസായി ജോൺ മത്തായി, സമസ്ത മുശാവറ അംഗം താഹ മുസ്ലിയാർ കായംകുളം എന്നിവർ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടെ പ്രഭാത സദസ്സാണ് നടന്നത്.
240 ക്ഷണിതാക്കൾ പങ്കെടുത്തു. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ ഉൾപ്പെടെയുള്ള മന്ത്രിസഭാ അംഗങ്ങൾ സന്നിഹിതരായിരുന്നു. എ.എം. ആരിഫ് എം.പി, എം.എൽ.എ.മാരായ യു. പ്രതിഭ, എം.എസ്. അരുൺകുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ കലക്ടർ ജോൺ വി. സാമുവൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.