കുറ്റകൃത്യങ്ങൾ കൂടുന്നു; അന്തർസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കാൻ പൊലീസ്
text_fieldsകായംകുളം: അന്തർസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങൾ കൂടിയതോടെ ഇവരുടെ വിവരം ശേഖരിക്കാനൊരുങ്ങി പൊലീസ്. ആലുവയിൽ പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സമാനമായ രീതിയിൽ വള്ളികുന്നത്ത് ജൂസും പണവും നൽകി പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതോടെയാണ് പൊലീസ് നടപടി ഊർജിതമാക്കിയത്.
നാട്ടുകാരുടെ അവസരോചിത ഇടപെടലിലാണ് വള്ളികുന്നത്ത് പെൺകുട്ടി രക്ഷപ്പെട്ടത്. പ്രദേശത്തെ താമസക്കാരായ മുഴുവൻ അന്തർസംസ്ഥാന തൊഴിലാളികളുടെയും രേഖകൾ പരിശോധിക്കുന്ന നടപടി ഊർജിതമാണെന്ന് സി.ഐ എം.എം. ഇഗ്നേഷ്യസ് പറഞ്ഞു.
ഇതുവരെ 300 ഓളം പേരുടെ രേഖകൾ പരിശോധിച്ചു. സ്റ്റേഷൻ പരിധിയിൽ തൊഴിൽ ചെയ്യുന്നവരുടെയും താമസിക്കുന്നവരുടെയും വിവരങ്ങളാണ് ശേഖരിക്കുന്നത്. തൊഴിൽ ഉടമകളും വീട്ടുടമസ്ഥരും തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
തൊഴിലാളിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ , ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, തൊഴിൽ കാർഡ് എന്നിവയാണ് ഹാജരാക്കേണ്ടത്. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
പ്രദേശത്തെ ഇഷ്ടിക കളങ്ങൾ, നിർമാണ മേഖല എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നൂറ് കണക്കിന് അന്തർസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്.
ഇവരെ കേന്ദ്രീകരിച്ച് ലഹരി കച്ചവടം അടക്കം സജീവമാണെന്ന ആക്ഷേപം ശക്തമാണ്. ഇത് മുന്നിൽ വെച്ചുള്ള പരിശോധനകളും വരും ദിവസങ്ങളിലുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
തട്ടിക്കൊണ്ടുപോകൽ ശ്രമം ആസൂത്രിതം; നടുങ്ങി നാട്ടുകാർ
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് വള്ളികുന്നത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ബിഹാർ സ്വദേശിയായ കുന്തൻകുമാർ മഹാത്ത (29) യാണ് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്.
പെൺകുട്ടിയുടെ കൈയിലേക്ക് നൂറ് രൂപ ബലമായി നൽകാൻ ശ്രമിച്ചെങ്കിലും വാങ്ങിയില്ല. കൂടെയുണ്ടായിരുന്ന കുട്ടിയുടെ സാമർഥ്യമാണ് രക്ഷയായത്. വീണ്ടും ഇവരുടെ സമീപത്തേക്ക് എത്തിയതോടെ കുട്ടികൾ സമീപത്തുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്നവരാണ് പ്രതിയെ തടഞ്ഞുവെച്ച് വള്ളികുന്നം പൊലീസിന് കൈമാറിയത്. കൂടുതൽ അന്വേഷണത്തിൽ സംഭവം ആസൂത്രിതമാണെന്ന് കണ്ടെത്തിയത് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. മേസ്തിരി പണിക്കാരനായ പ്രതി സംഭവം നടന്നതിന് സമീപം തന്നെയാണ് താമസിച്ചിരുന്നത്. സ്കൂൾ വിട്ട് വരുന്ന കുട്ടികളെ സ്ഥിരം നിരീക്ഷിക്കുമായിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് ഒറ്റക്ക് വന്ന കുട്ടിക്ക് ഇയാൾ ജൂസ് വാങ്ങി നൽകി പരിചയം സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച ഇതേസമയം കാത്തുനിൽക്കുമ്പോൾ ലക്ഷ്യമിട്ട കുട്ടിക്ക് ഒപ്പം കൂട്ടുകാരിയും ഉണ്ടായതാണ് രക്ഷയായത്. പണം നൽകാൻ ശ്രമിച്ച ഇയാളോട് കയർത്ത കൂട്ടുകാരിയുടെ ഇടപെടലാണ് രക്ഷയായത്.
ഒന്നര മാസം മുമ്പാണ് കുന്തൻ മഹാത്ത ഇവിടെ ജോലി തേടി എത്തിയത്. നേരത്തേ എവിടെയായിരുന്നുവെന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.