കുട്ടനാട്ടിൽ കൂട്ടരാജിക്ക് പിന്നാലെ കൂട്ടത്തല്ല്; സി.പി.എമ്മിൽ പ്രതിസന്ധി തുടരുന്നു
text_fieldsആലപ്പുഴ: കുട്ടനാട് സി.പി.എമ്മിലെ കൂട്ടരാജിക്ക് പിന്നാലെയുണ്ടായ കൂട്ടത്തല്ലിന് പിന്നിൽ കടുത്ത വിഭാഗീയത. കുട്ടനാട്ടിലെ കൂട്ടരാജിയടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് പാർട്ടിനേതൃത്വം അവകാശപ്പെടുമ്പോഴും വിഭാഗീയതയുടെ മറനീക്കിയെത്തിയ തെരുവുയുദ്ധം പുതിയ വിവാദത്തിന് തിരികൊളുത്തും.
വിഭാഗീയതയുടെ ഏറ്റവുമൊടുവിലത്തെ സംഭവമാണ് രാമങ്കരിയിൽ ചേരിതിരിഞ്ഞുള്ള ആക്രമണം. പ്രാദേശിക നേതാക്കളടക്കമുള്ളവരെയാണ് സംഘം ചേർന്ന് ആക്രമിച്ചത്.
ഔദ്യോഗിക വിഭാഗത്തിൽപ്പെട്ട രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രഞ്ജിത് രാമകൃഷ്ണൻ എന്നിവരടക്കം ആറുപേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മാരകായുധങ്ങൾ ഉപയോഗിച്ച് 12 അംഗസംഘം മൂന്നിടത്താണ് ആക്രമം നടത്തിയത്. ആക്രമിസംഘത്തിലെ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനിലായിരുന്നു സംഘർഷത്തിന് തുടക്കം. പിന്നീട് വേഴപ്രയിലും രാമങ്കരി ടൈറ്റാനിക് ജങ്ഷനിലും ചേരിതിരിഞ്ഞ് സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി. ആലപ്പുഴയിലെ വിഭാഗീയതയും ചേരിതിരിവും അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, പി.കെ. ബിജു എന്നിവർ അംഗങ്ങളായ അന്വേഷണകമീഷൻ റിപ്പോർട്ട് അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് ഔദ്യോഗിക-വിമത പക്ഷങ്ങൾ തെരുവിൽ ഏറ്റുമുട്ടിയത്.
കഴിഞ്ഞ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി മാറിയതോടെ രൂപപ്പെട്ട വിഭാഗീയതയുടെ പേരിൽ ചില നേതാക്കളെ മാറ്റിനിർത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഏരിയനേതൃത്വവുമായുള്ള ഭിന്നത പരസ്യമാക്കി കത്തുനൽകിയും രാജിവെച്ചും ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ഇത് ജില്ലനേതൃത്വം വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല. ജില്ല നേതൃത്വത്തിന്റെ ഈ ഉദാസീനതയാണ് കുട്ടനാട്ടിലെ കൂട്ടകൊഴിഞ്ഞുപോക്കലിന് പിന്നിലെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം.
ഡിസംബറിൽ രാമങ്കരിയിൽനിന്നാണ് കുട്ടനാട്ടിലെ കൂട്ടരാജിക്ക് തുടക്കം. ഏരിയ കമ്മിറ്റിഅംഗം ഉൾപ്പെടെ 42പേർ രാജിവെച്ചത് നേതൃത്വത്തെ ഞെട്ടിച്ചു. പിന്നാലെ കുട്ടനാട്, തകഴി ഏരിയകമ്മിറ്റികൾക്ക് കീഴിൽ ബ്രാഞ്ചുകളിൽനിന്ന് 307 അംഗങ്ങളാണ് രാജിവെച്ചത്.
ജില്ല നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മന്ത്രി സജി ചെറിയാൻ, സി.പി.എം ജില്ലസെക്രട്ടറി ആർ. നാസർ എന്നിവരുടെ നേതൃത്വത്തിൽ ഇടഞ്ഞുനിൽക്കുന്നവരുമായി ചർച്ച നടത്തി പ്രശ്നം ഒതുങ്ങിനിൽക്കുകയായിരുന്നു. ഇടഞ്ഞുനിൽക്കുന്നവരെ ഇനിയും കൂടെകൂട്ടാനായില്ലെന്ന സൂചനകളാണ് ആക്രമണത്തിലൂടെ പുറത്തുവന്നത്.
ആലപ്പുഴയിലെ സി.പി.എമ്മിലും ‘അടിമുടി’ പ്രശ്നങ്ങളാണ്. കൗൺസിലർ എ. ഷാനവാസ് ആരോപണവിധേയനായ ലഹരികടത്ത് കേസും സ്ത്രീകളുടെ നഗ്നവിഡിയോ ഫോണിൽ പകർത്തി സൂക്ഷിച്ച എ.പി സോണയുടെ വിവാദവും പാർട്ടിയെ വെട്ടിലാക്കി.
വിഭാഗീയതയുടെ പേരിൽ നേതാക്കൾ തമ്മിലുള്ള ശീതസമരവും തലവേദനയാണ്. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ കേരളയാത്രക്കുശേഷം ആലപ്പുഴയിലെത്തുന്ന അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ യോഗംചേർന്ന് പ്രശ്നം പരിഹരിക്കുമെന്നാണ് ഔദ്യോഗികപക്ഷം നൽകുന്ന വിവരം.
അഞ്ചുപേര്‍ അറസ്റ്റില്‍
കുട്ടനാട്: കുട്ടനാട്ടില്‍ സി.പി.എം ഔദ്യോഗിക വിഭാഗവും വിമതപക്ഷവും തെരുവില്‍ ഏറ്റുമുട്ടി നേതാക്കള്‍ക്ക് ഉൾപ്പെടെ ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.
ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വേഴപ്ര കോളനി നമ്പര്‍ 145ല്‍ കിഷോര്‍ (44), കാപ്പിശ്ശേരില്‍ സജികുമാര്‍ (47), കാപ്പിശ്ശേരില്‍ ചന്ദ്രന് (72), കുഴിക്കാല കോളനി 15ൽ ലൈജപ്പന്‍ (48), പുന്നപ്പറമ്പില്‍ ലക്ഷംവീട്ടില്‍ അനീഷ് (43) എന്നിവരാണ് അറസ്റ്റിലായത്. കിഷോറിന് തലയില്‍ പരിക്കുണ്ട്. സംഭവത്തില്‍ ശരവണൻ, രഞ്ജിത് എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷന് സമീപമാണ് സംഘര്‍ഷത്തിന്റെ തുടക്കം. വേഴപ്രയില്‍നിന്നുള്ള സി.പി.എം വിമത വിഭാഗത്തില്‍പ്പെട്ടവരും ഔദ്യോഗിക പക്ഷത്തിലെ ചിലരുമായി വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
തുടര്‍ന്ന് രാമങ്കരിയില്‍ വെച്ചും സംഘര്‍ഷമുണ്ടായി. രാമങ്കരി ലോക്കല്‍ കമ്മിറ്റി അംഗം ശരവണന്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രഞ്ജിത് രാമചന്ദ്രന് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് തലക്ക് പരിക്കേറ്റു.
കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഔദ്യോഗികപക്ഷം ആരോപിച്ചു. രാത്രി വൈകി തുടരാക്രമണവുമുണ്ടായി. ഇതില്‍ വിമതപക്ഷത്തിലെ ചിലര്‍ക്കും പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.