വലഞ്ഞ് കർഷകർ; മട വീഴ്ച: കുട്ടനാട്ടിൽ വ്യാപകമായി പാടങ്ങൾ മുങ്ങുന്നു
text_fieldsആലപ്പുഴ: വൃശ്ചിക വേലിയേറ്റവും മടവീഴ്ചയും കുട്ടനാട്ടിലെ കർഷകരെ വലക്കുന്നു. 150 ഏക്കറിലേറെ പ്രദേശത്തെ കൃഷിയാണ് മടവീഴ്ച മൂലം നശിച്ചത്.
നാലിടത്താണ് ഇതുവരെ മട വീണത്. നിരവധി പാടങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. രാമങ്കരി കൃഷിഭവനിലെ പറക്കുടി കിളിരുവാക്ക പാടശേഖരം, പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ എൺപതുംപാടം പാടശേഖരം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മടവീണു. വേലിയേറ്റ സമയം വേമ്പനാട് കായലിന്റെയും അനുബന്ധ ജലാശയങ്ങളുടെയും തീരവാസികൾ വെള്ളപ്പൊക്കക്കെടുതിയിലുമാകുന്നു. വേലിയേറ്റ സമയത്ത് തണ്ണീർമുക്കം ഷട്ടറുകൾ താഴ്ത്തുകയും വേലിയിറക്ക സമയത്ത് ഉയർത്താനുമുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം. ക്രമീകരണങ്ങൾ ചെയ്യുമെന്ന് കലക്ടർ പ്രഖ്യാപിച്ചിരുന്നു.
വൃശ്ചിക വേലിയേറ്റവുമായി ബന്ധപ്പെട്ട് കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കാൻ തണ്ണീർമുക്കം ബണ്ടിന്റെ 28 ഷട്ടറുകൾ വേലിയേറ്റ തോതനുസരിച്ച് നവംബർ 12 മുതൽ ക്രമീകരിക്കാനുള്ള നടപടി സ്വീകരിക്കാൻ കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. നടപടി സ്വീകരിക്കാൻ എക്സി. എൻജിനീയർ, ഇറിഗേഷൻ (മെക്കാനിക്കൽ) ആലപ്പുഴയെ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ടും ദുരിതം ഒഴിയാത്ത സ്ഥിതിയാണ് കുട്ടനാട്ടിൽ. പറക്കുടി കിളിരുവാക്ക പാടത്ത് പുഞ്ചകൃഷിക്കായി വിത കഴിഞ്ഞു 13 ദിവസം കഴിഞ്ഞപ്പോഴാണ് മടവീണത്. എട്ട് ഹെക്ടറോളമുള്ള പാടശേഖരത്തിൽ 13 കർഷകരാണുള്ളത്. വെള്ളം ദിവസേന ഉയരുകയാണ്.
കൃഷി ആരംഭിച്ച പാടങ്ങളും ഭീഷണിയിൽ
കൃഷി ആരംഭിച്ച പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ജലനിരപ്പ് ഉയരുന്നതിനാൽ കായൽ പാടശേഖരങ്ങളിൽ വിത ഇനിയും വൈകാനാണ് സാധ്യത. എൺപതുംപാടം പാടശേഖരത്തിൽ രാവിലെ വേലിയേറ്റ സമയത്ത് പാടശേഖരത്തിന്റെ ബണ്ടിൽ അള്ള വീണതിനെത്തുടർന്ന് ബണ്ടിൽ നിൽക്കുന്ന തെങ്ങുകൾ വെട്ടിയും പൊക്കമുള്ള ബണ്ടിൽനിന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് ചാക്കിൽ നിറച്ചും മട വീഴാതിരിക്കാൻ ശ്രമിച്ചെങ്കിലും വൈകീട്ട് ആറോടെ മടവീണു.
65 ഏക്കറുള്ള പാടശേഖരത്തെ കർഷകരെല്ലാം നാമമാത്ര കർഷകരാണ്. മടവീണ് വെള്ളം കയറി പാടശേഖരം മുങ്ങുന്നതോടെ ബണ്ടിന് ചുറ്റും താമസിക്കുന്നവരുടെ പുരയിടങ്ങളിലും വീടുകൾക്കുള്ളിലും വെള്ളം കയറുമെന്ന സ്ഥിതിയാണ്. പുഞ്ച കൃഷിക്കായുള്ള പമ്പിങ് ആരംഭിച്ചതും രണ്ടാംകൃഷിക്ക് വിളവെടുക്കാറായ പാടശേഖരങ്ങളുമെല്ലാം മടവീഴ്ച ഭീഷണിയിലാണ്.
വേലിയേറ്റ സമയത്ത് ജലനിരപ്പ് ഉയർന്നതിനാൽ പമ്പിങ് നടത്താൻ കഴിയുന്നില്ല. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പുലർച്ച ആരംഭിക്കുന്ന വേലിയേറ്റം രാവിലെ 11 വരെ നിൽക്കും. പിന്നെ വെള്ളം ഇറങ്ങിത്തുടങ്ങും.
വൈകീട്ട് വേലിയേറ്റം വീണ്ടും ശക്തമാകും. പാടശേഖരങ്ങൾക്കുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ ഇപ്പോൾ വെള്ളപ്പൊക്കം ബാധിച്ചിട്ടില്ല. നടവഴികളും ഇടറോഡുകളും വെള്ളത്തിൽ തന്നെയാണ്. പുളിങ്കുന്ന് പഞ്ചായത്തിലെ 13, 14 വാർഡുകളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്.
വേലിയേറ്റം നിയന്ത്രിക്കാൻ നടപടി വേണം
വേലിയേറ്റ സമയത്ത് തണ്ണീർമുക്കം ഷട്ടറുകൾ താഴ്ത്തുകയും വേലിയിറക്ക സമയത്ത് ഉയർത്താനുമുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ജില്ല ഭരണകൂടവും കൃഷി വകുപ്പും തയാറാകണമെന്ന് കർഷക കോൺഗ്രസ് എടത്വ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. വേലിയേറ്റവും വേലിയിറക്കവും ശാസ്ത്രീയമായി പഠിച്ച് കൃത്യമായി തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പിൽവേയുടെയും ഷട്ടറുകൾ സമയബന്ധിതമായി പ്രവർത്തിപ്പിക്കാൻ ജില്ല ഭരണകൂടം ഇടപെടണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂറും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.