താറാവിനും കോഴിക്കും പിന്നാലെ കാക്കക്കും പക്ഷിപ്പനി; പ്രഭവകേന്ദ്രമായി ആലപ്പുഴ
text_fieldsആലപ്പുഴ: ജില്ലയിലെ പടരുന്ന പക്ഷിപ്പനി കാക്കയിലും സ്ഥിരീകരിച്ചതോടെ ആശങ്ക. ആലപ്പുഴ മുഹമ്മയിലും തിരുവല്ല നഗരസഭയിലെ ചുമത്രയിലുമാണ് കാക്കകളിൽ രോഗം സ്ഥീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി കാക്കകളിലേക്കും രോഗവ്യാപനമെത്തിയതോടെ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ആശങ്കയിലാണ്. പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ പിടികൂടി കൊല്ലണമെന്നാണ് വ്യവസ്ഥ. കാക്കയുടെ കാര്യത്തിൽ ഇത് ഏങ്ങനെ പ്രായോഗികമാക്കുമെന്ന ആശങ്കയുണ്ട്. രോഗവ്യാപനം കൂടുന്നതിനും കാരണമാകും. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പക്ഷിപ്പനി ബാധിത മേഖലയിൽനിന്ന് ചത്തുവീണ കാക്കകളുടെ സാമ്പിൾ എടുത്ത് ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. താറാവുകൾക്ക് പിന്നാലെ പക്ഷിപ്പനി കോഴികളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചേർത്തല സൗത്തിലാണ് കോഴികളിൽ രോഗം കണ്ടെത്തിയത്. സാമ്പിൾ പരിശോധനയിൽ കഞ്ഞിക്കുഴിയിലും ചേർത്തല നഗരസഭയിലും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണവകുപ്പ് മുഹമ്മയിൽനിന്നും മണ്ണഞ്ചേരിയിൽനിന്നും പുതിയ സാമ്പിളുകൾ പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്.
ജില്ലയിൽ 11 ഇടത്ത് രോഗം
സംസ്ഥാനത്ത് പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രം ആലപ്പുഴയായി മാറുകയാണ്. ജില്ലയിൽ 11 ഇടത്താണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചേർത്തല നഗരസഭ, കഞ്ഞിക്കുഴി, മുഹമ്മ, തഴക്കര, ചെറുതന, എടത്വ, ചമ്പക്കുളം, അമ്പലപ്പുഴ വടക്ക്, തകഴി അടക്കമുള്ള പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ രണ്ടുതവണയും മുഹമ്മ, തഴക്കര പഞ്ചായത്തിൽ ആദ്യമായിട്ടുമാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുടുതൽ നാശമുണ്ടായത് ആലപ്പുഴയിലാണ്. ഇതുവരെ 73,601 പക്ഷികളെ കൊന്നു. അതിൽ 60,127 താറാവും 1,227 കോഴിയും 952 കാടയും എട്ട് ടർക്കിയും ഉൾപ്പെടുന്നു. 203 മറ്റ് പക്ഷികളെയും കൊന്നു. കുട്ടനാട്ടിൽ മാത്രം 900 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പക്ഷിപ്പനി വ്യാപിച്ചു. സംസ്ഥാനത്ത് ആകെയുള്ള 15 പ്രഭവകേന്ദ്രങ്ങളിൽ 11ഉം ആലപ്പുഴയിലുണ്ട്. ചേർത്തല നഗരസഭ, കഞ്ഞിക്കുഴി, മുഹമ്മ പഞ്ചായത്തുകൾക്ക് പിന്നാലെ ആലപ്പുഴ നഗരത്തിലും പക്ഷികൾ ചാകുന്നതായാണ് വിവരം. ചേർത്തല നഗരസഭയിലും കഞ്ഞിക്കുഴി പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാനിർദേശമുണ്ട്.കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, കുമരകം, അയ്മനം, ആർപ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂർ, മാരാരിക്കുളം വടക്ക്, ആലപ്പുഴ നഗരത്തിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയിൽ, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാർഡുകൾ, പട്ടണക്കാട്, വയലാർ, ചേന്നംപള്ളിപ്പുറം, വൈക്കം മുനിസിപ്പാലിറ്റി, ടി.വി. പുരം, തലയാഴം, കടക്കരപ്പള്ളി എന്നിവയാണ് ജാഗ്രത മേഖലയിലുൾപ്പെടുന്ന പ്രദേശങ്ങൾ.
ജാഗ്രത നിർദേശവുമായി മൃഗസംരക്ഷണ വകുപ്പ്
കൂടുതൽ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി പടരുന്നതിനാൽ ജനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് ജാഗ്രത നിർദേശം പുറത്തിറക്കി. കാക്കകളിലും മറ്റ് പറവകളിലും വളർത്തുപക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവികമരണങ്ങൾ അടുത്തുള്ള മൃഗാശുപത്രികളിൽ അറിയിക്കണം. ചത്ത പക്ഷികളെയും രോഗം ബാധിച്ചവയെയെയും കൈകാര്യം ചെയ്യരുത്. കാക്കകളെയും മറ്റ് പക്ഷികളെയും ആകർഷിക്കുന്ന തരത്തിൽ മാലിന്യങ്ങൾ പൊതുനിരത്തിലും വെളിയിടങ്ങളിലും വലിച്ചെറിയരുത്. ചന്തകളിൽ മാലിന്യങ്ങൾ കൂട്ടിയിടരുത്. ഫാമുകളിലും കോഴി വളർത്തൽ കേന്ദ്രങ്ങളിലും ജനങ്ങളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കണം. വീടുകളിലെ ഖരമാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കണം. വനപ്രദേശങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ പക്ഷികളിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ വനംവകുപ്പ് അധികാരികളെയും മൃഗാശുപത്രികളിലും അറിയിക്കണം.രോഗംബാധിച്ച പക്ഷികളെ കൊന്നൊടുക്കാനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കാനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
മുഹമ്മയിലെ മൂന്ന് വാർഡുകളിൽ കാക്കകൾ ചത്തുവീഴുന്നു -പഞ്ചായത്ത് പ്രസിഡന്റ്
ആലപ്പുഴ: മുഹമ്മ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ കാക്കകൾ ചത്തുവീഴുന്നതായി വിവരം ലഭിച്ചതായി പ്രസിഡന്റ് സ്വപ്ന ഷാബു. അഞ്ച്, ആറ്, 16 വാർഡുകളിലാണ് കാക്കകൾ ചത്തുവീണത്. വിവരം മൃഗസംരക്ഷണവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. കാക്കയിൽ രോഗം സ്ഥിരീകരിച്ചതിനാൽ പഞ്ചായത്തിൽ പ്രതിരോധപ്രവർത്തനങ്ങളടക്കം ഊർജിതമാക്കാൻ വെള്ളിയാഴ്ച അടിയന്തരയോഗം വിളിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
വില്പനയും ഉപയോഗവും നിരോധിച്ചു
ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രത നിര്‍ദേശം നിലനില്ക്കുന്നതുമായ കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാര്‍ഡുകളിലും താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഈമാസം 22 വരെ നിരോധിച്ച് ജില്ല കലക്ടർ ഉത്തരവിട്ടു.
സുരക്ഷ നടപടികൾ
- ഫാമിലും പരിസരത്തും പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കരുത്
- അനിവാര്യ സാഹചര്യത്തിൽ അണുനശീകരണം നടത്തി
- പുറത്തേക്ക് പോകാം
- പുറത്തുനിന്നുള്ള മറ്റു പക്ഷി മൃഗാദികളെ ഫാം പരിസരത്ത് കടത്തരുത്
- ഫാമിൽ ജോലി ചെയ്യുന്നവർ കൈയുറ, മുഖാവരണം,
- ഗംബൂട്ട്/ഷൂ കവർ തുടങ്ങിയവ ധരിക്കണം
- ഫാം നടത്തുന്നവർ മറ്റ് ഫാമുകളും സങ്കേതങ്ങളും സന്ദർശിക്കരുത്
- ഫാമിലുള്ള പക്ഷികളുടെ കൃത്യമായ രേഖകൾ സൂക്ഷിക്കണം
- അസ്വാഭാവികമായി ചാകുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ
- മൃഗാശുപത്രിയിൽ അറിയിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.