കേബിളിൽ ചുറ്റിയ ചൂണ്ടനൂലിൽ കാക്ക കുടുങ്ങി; രക്ഷപ്പെടുത്തി യുവാവ്
text_fieldsആലപ്പുഴ: കായലിന് മീതെ ഉയരത്തിലുള്ള കേബിളിൽ ചുറ്റിയ ചൂണ്ടനൂലിൽ കുടുങ്ങിയ കാക്കയെ ഹൗസ്ബോട്ട് ജീവനക്കാരൻ സാഹസികമായി രക്ഷിച്ചു. ‘ഒറിജിൻ’ ഹൗസ് ബോട്ട് ജീവനക്കാരൻ ആലപ്പുഴ പള്ളാത്തുരുത്തി പ്രമോദ് ഭവൻ പ്രമോദ് സരസനാണ് (42) രക്ഷാപ്രവർത്തനം നടത്തിയത്.
വ്യാഴാഴ്ച രാവിലെ 8.30ന് പള്ളാത്തുരുത്തി കന്നിട്ട ജെട്ടിക്ക് സമീപമാണ് സംഭവം. പ്രദേശത്ത് ചൂണ്ടയിടാൻ എത്തുന്നവരുടെ നൈലോൺ നൂൽ കായലിനെ മുകളിലൂടെ പോകുന്ന കേബിളിൽ കുടുങ്ങുക പതിവാണ്. പറന്നുയരുന്നതിനിടെ കാക്കയുടെ ചിറക് കേബിളിൽ ചുറ്റിയ ചൂണ്ടനൂലിൽ കുടുങ്ങുകയായിരുന്നു.
ജീവനുവേണ്ടി പിടിഞ്ഞ കാക്കയുടെ ദൈന്യത തിരിച്ചറിഞ്ഞ പ്രമോദ് പിന്നെയൊന്നും ആലോചിച്ചില്ല. 25 അടിയിലേറെ ഉയരത്തിലെ കുരുക്കഴിക്കാൻ ജീവൻ പണയപ്പെടുത്തി ഹൗസ്ബോട്ട് അപ്പർഡെക്കിൽ കയറി കത്രിക ഉപയോഗിച്ച് നൂൽ മുറിച്ചുമാറ്റി പറത്തിവിട്ടു.
ഇതിന് മുമ്പേ എത്തിയ മറ്റ് ഹൗസ്ബോട്ടുകൾ കാക്കയെ രക്ഷിക്കാതെ കടന്നുപോയപ്പോഴാണ് യുവാവിന്റെ ഈ സാഹസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.