തകഴിയിൽ കെട്ടിക്കിടന്ന നെല്ല് ശേഖരിച്ചുതുടങ്ങി
text_fieldsആലപ്പുഴ: നെല്ലിന്റെ ഗുണനിലവാരം കുറഞ്ഞതിന്റെ പേരിൽ കെട്ടികിടന്ന നെല്ല് ശേഖരിച്ചുതുടങ്ങി. തകഴി കൃഷിഭവന് കീഴിലുള്ള നാനൂറാം പാടശേഖരത്തിൽ കെട്ടികടന്ന നെല്ലാണ് തിങ്കളാഴ്ച മുതൽ ശേഖരിക്കാൻ നടപടികളായത്. നെല്ലിന് ഗുണനിലവാരം കുറവും വെള്ളരിയാണെന്ന കാരണത്താലുമാണ് മില്ലുകാർ നെല്ലെടുക്കാൻ മടിച്ചത്.
ക്വിന്റലിന് 12 കിലോ കിഴിവ് നൽകിയാൽ നെല്ലെടുക്കാമെന്ന് മില്ലുകാർ പറഞ്ഞെങ്കിലും കർഷകർ അതിന് തയ്യാറാകാതെ ഇരുന്നതാണ് നെല്ലെടുപ്പ് വൈകിയത്. തൊട്ടടുത്ത പാടശേഖരങ്ങളിൽ നിന്നുള്ള നെല്ലെടുപ്പ് പൂർത്തിയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പാഡി ഓഫിസർ അമ്പിളിയുടെ നേതൃത്വത്തിൽ കർഷകരും മില്ലുടമകളുമായി നടത്തിയ ചർച്ചയിൽ 8.5 കിഴിവ് നൽകാമെന്ന ഉറപ്പിലാണ് നെല്ലെടുപ്പ് ആരംഭിച്ചത്. എ.ജി.എം എന്ന കമ്പനിയാണ് നെല്ലെടുക്കുന്നത്. തകഴി കൃഷിഭവന് കീഴിൽ കുന്നുമ്മ പാടശേഖരങ്ങൾ കരിനിലങ്ങളിൽപ്പെടുന്നതാണ്. കരിനിലങ്ങളിൽ മറ്റ് പാടശേഖരങ്ങളെ അപേക്ഷിച്ച് വിളവ് കുറവാണെങ്കിലും ഏക്കറിന് 25 ക്വിന്റൽ വിളവ് വരെ ലഭിക്കാറുണ്ട്. എന്നാൽ, കുന്നുമ്മ നാനൂറാം പാടശേഖരത്തിൽ ഏക്കറിന് 10 മുതൽ 15 ക്വിന്റൽ വരെ വിളവ് മാത്രമാണ് ലഭിച്ചത്. ഇളവിത്താണ് വിതച്ചത്.
കൂടാതെ സ്പൈകൊയിൽ റെജിസ്റ്റർ ചെയ്തപ്പോൾ വെള്ളരിയാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. വെള്ളരി എടുക്കാൻ മില്ലുകാർ തയ്യാറാകാറില്ലെന്ന് പാഡി ഓഫിസർ പറയുന്നു. മില്ലുകാർ ശേഖരിക്കുന്ന നെല്ല് അരിയാക്കി സപ്ലൈകോക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഒരു ക്വിന്റൽ നെല്ലിന് 68 കിലോ അരി നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഗുണനിലവാരം കുറഞ്ഞ ഇത്തരത്തിലുള്ള നെല്ല് അരിയാക്കിവരുമ്പോൾ 60 കിലോ മാത്രമാണ് കിട്ടുന്നതെന്നാണ് മില്ലുകാരുടെ വാദം.
പുഞ്ചകൃഷിയിൽ വിളഞ്ഞത് നഷ്ടക്കണക്ക്
പുഞ്ചകൃഷിക്ക് പലപാടശേഖരങ്ങളിലും ഇളവിത്താണ് വിതച്ചെതെങ്കിലും വിത താമസിച്ച പാടശേഖരങ്ങളിലെ കർഷകർക്ക് വിളവ് കുറവാണ് ലഭിച്ചത്. കിട്ടിയ വിളവിൽ അളക്കാനുള്ളത് കർഷകർക്ക് നഷ്ടക്കണക്ക് മത്രം. കരിനിലങ്ങളിൽ 20 മുതൽ 25 ക്വിന്റൽ വരെ ഒരേക്കറിൽ നിന്ന് ലഭിക്കുമെങ്കിലും പല പാടശേഖരങ്ങളിലും വിളവ് കുറവാണ് ലഭിച്ചത്. ഏക്കറിന് 10 ക്വിന്റൽ വിളവ് മാത്രം ലഭിച്ച പാടശേഖരങ്ങളുമുണ്ട്. അപ്പർ കുട്ടനാടൻ മേഖലയിൽ കഴിഞ്ഞ രണ്ടാം കൃഷിക്ക് 30 മുതൽ 35 വിളവ് വരെ ലഭിച്ച പാടശേഖരങ്ങളിൽ പുഞ്ചകൃഷിയിൽ ലഭിച്ചത് 25 ക്വിന്റലാണ്.
ഇവിടെയും പത്ത് ക്വിന്റൽ വിളവ് ലഭിച്ച പാടശേഖരങ്ങളുമുണ്ട്. ഒരേക്കർ വിതച്ച് പാകമാക്കി കൊയ്ത് കരക്കെത്തിക്കുമ്പോൾ ഏക്കറിന് 35,000 മുതൽ 40,000 രൂപവരെ ചെലവ് വരും. കാർഷിക വായ്പയും സ്വർണ്ണം പണയപ്പെടുത്തിയുമാണ് പല കർഷകരും പ്രതീക്ഷയോടെ വിത്തെറിഞ്ഞത്. എന്നാൽ ഇത്തവണയാകട്ടെ കർഷർക്ക് കിട്ടിയത് കണ്ണീരിൽ കുതിർന്ന കണക്കുകൾ മാത്രം.
വേനൽമഴക്കുമുമ്പ് കൊയ്യുന്ന നെല്ലെടുക്കാൻ നടപടികളായി
വേനൽമഴ എത്തിയാൽ കുതിരുന്നത് കർഷകൻ വിതച്ച പ്രതീക്ഷകളാണ്. എല്ലാ പുഞ്ചകൃഷിയിലും കർഷകർക്ക് വില്ലനായി എത്താറുള്ളത് വേനൽ മഴയാണ്. കൊയ്ത് കരക്കെത്തിച്ച നെല്ല് ശേഖരിക്കാതെ മില്ലുകാരും പാകമായ നെല്ല് വേനൽമഴയിൽ നശിച്ചും കർഷകനെ നിരാശയിലാക്കുന്നത് പതിവായിരുന്നു. എന്നാൽ ഇത്തവണ കൊയ്യുന്നപാടെ നെല്ലെടുക്കാനുള്ള നടപടികളായെന്നാണ് പാഡി ഓഫിസർ പറഞ്ഞത്. അടുത്ത ദിവസം കൊയ്യാനുള്ള കുട്ടനാട് പുളിങ്കുന്ന്, തകഴി പാടശേഖരങ്ങളിലെ നെല്ലെടുക്കാൻ മില്ലുകാരുമായി ധാരണയിലായെന്നും പാഡി ഓഫിസർ അമ്പിളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.