വേനൽമഴയിൽ കൃഷിനാശം: നഷ്ടപരിഹാരത്തിന് അതിവേഗ നടപടി –മന്ത്രി കെ. രാജൻ
text_fieldsആലപ്പുഴ: വേനല്‍മഴയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അതിവേഗ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്‍. നാശനഷ്ടങ്ങള്‍ വിലയിരുത്താനും തുടര്‍നടപടി തീരുമാനിക്കാനും കലക്ടറേറ്റിൽ ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കും. നഷ്ടപരിഹാര വിതരണം ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ദുരിതാശ്വാസ നടപടിക്ക് എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. പല പാടശേഖരങ്ങളും വെള്ളം കയറിയ നിലയിലാണ്. താഴ്ന്ന മേഖലകളില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് അടിയന്തരമായി വെള്ളം പമ്പ് ചെയ്തുകളഞ്ഞ് കൊയ്ത്ത് നടത്താനുള്ള നടപടി കലക്ടര്‍ ഏകോപിക്കും. നെല്ലുസംഭരണം വേഗത്തിലാക്കാനും നടപടി സ്വീകരിക്കും. ഈര്‍പ്പമുണ്ടെന്ന കാരണം കാട്ടി കിഴിവ് എന്ന പേരില്‍ അളവില്‍ കുറവു വരുത്തി മില്ലുടമകളും ഏജന്റുമാരും കര്‍ഷകരെ ചൂഷണം ചെയ്യുന്നത് അനുവദിക്കില്ല. സംഭരണവേളയില്‍ നെല്ല് കൃത്യമായി അളക്കാൻ ക്രമീകരണം ഏര്‍പ്പെടുത്താന്‍ പാഡി ഓഫിസര്‍മാര്‍ക്ക് നിർദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
കുട്ടനാട്ടിലെ നിരവധി പാടശേഖങ്ങളില്‍ മട വീണിട്ടുണ്ട്. ബണ്ടുകള്‍ പുനര്‍നിര്‍മിക്കാന്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നതിന് സാധ്യത പരിശോധിക്കും. മുഴുവൻ പാടശേഖരങ്ങളിലും സുരക്ഷിതമായ പുറംബണ്ട് നിര്‍മിക്കുന്നതും പരിഗണിക്കും. രണ്ടാം കുട്ടനാട് പാക്കേജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായി വിലയിരുത്തും.
ജില്ലയില്‍ വേനല്‍മഴ മൂലം ഇതുവരെ 126.53 കോടി രൂപയുടെ കൃഷിനാശനഷ്ടം സംഭവിച്ചതായാണ് കണക്ക്. ആകെ 27,000 ഹെക്ടറിലാണ് ജില്ലയില്‍ നെല്‍കൃഷി ഇറക്കിയത്. ഇതില്‍ 7527 ഹെക്ടറിലെ കൃഷി നശിച്ചു. 9500 ഹെക്ടറിലെ കൊയ്ത്ത് കഴിഞ്ഞു. ശേഷിക്കുന്ന സ്ഥലത്തെ കൊയ്ത്തുകൂടി കഴിഞ്ഞാല്‍ മാത്രമേ നെല്‍കൃഷിക്കുണ്ടായ നാശനഷ്ടത്തിന്റെ അന്തിമ കണക്ക് ലഭ്യമാകൂ. വിവിധ താലൂക്കുകളിലായി 103 വീട് ഭാഗികമായും മൂന്ന് വീടുകള്‍ പൂർണമായും തകര്‍ന്നു. ഇവക്ക് നഷ്ടപരിഹാരം മഴക്കാലത്തിന് മുമ്പ് വിതരണം ചെയ്യും.
കെ.എസ്.ഇ.ബി.ക്ക് 14 ലക്ഷം രൂപയുടെയും മൃഗസംരക്ഷണ മേഖലയില്‍ 6.77 ലക്ഷം രൂപയുടെയും നാശനഷ്ടമുണ്ടായി. തദ്ദേശ ഭരണ വകുപ്പിന് കീഴിലെ പല റോഡുകളും വേനല്‍ മഴയില്‍ തകര്‍ന്നു.
തോടുകളിലും കനാലുകളിലും അടിഞ്ഞ എക്കല്‍ നീക്കാന്‍ തദ്ദേശ ഭരണ, ജലസേചന വകുപ്പുകളും തൊഴിലുറപ്പ് വിഭാഗവും സംയുക്തമായി നടപടി സ്വീകരിക്കണം. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് നടപടി മഴക്കാലത്തിനുമുമ്പ് പൂര്‍ത്തീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം. ആരിഫ്, എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാര്‍, എച്ച്. സലാം, കൃഷിവകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കലക്ടര്‍ ഡോ. രേണുരാജ്, ജില്ല പൊലീസ് മേധാവി ജി. ജയദേവ്, സബ് കലക്ടര്‍ സൂരജ് ഷാജി, എ.ഡി.എം എസ്. സന്തോഷ് കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആശ സി. എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.