ഓടുന്ന കാറിൽ അഭ്യാസപ്രകടനം; ആറ് യുവാക്കളെ ‘നല്ലനടപ്പിന്’ വിടും
text_fieldsആലപ്പുഴ: അപകടകരമായി കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ ‘നല്ലനടപ്പിന്’ വിടാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനം. കാറോടിച്ചിരുന്ന ഓച്ചിറ മേമന സ്വദേശി മർഫിൻ അബ്ദുൽറഹീമിന്റെ ലൈസൻസ് റദ്ദാക്കും. മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച് സെന്ററിൽ (ഐ.ഡി.ടി.ആർ) ആറുപേരെയാണ് എട്ടുദിവസത്തെ പരിശീലനത്തിന് അയക്കുന്നത്. ജൂൺ മൂന്നിന് തുടങ്ങുന്ന പരിശീലനത്തിൽ പങ്കെടുക്കണം. വിവാഹത്തിനുശേഷം മടങ്ങിയ വാഹനത്തിൽ ഏഴുപേരാണുണ്ടായിരുന്നത്. ഇതിൽ പ്രായപൂർത്തിയാകാത്തയാളെ ഒഴിവാക്കി.
ഞായറാഴ്ച വൈകീട്ട് കായംകുളം- പുനലൂർ കെ.പി റോഡിൽ രണ്ടാംകുറ്റിക്കും കറ്റാനത്തിനും ഇടയിലാണ് സംഭവം. കാറിന്റെ പിന്സീറ്റിന്റെ ഭാഗത്തെ ചില്ല് താഴ്ത്തി ശരീരത്തിന്റെ പാതിയോളം പുറത്തേക്കിട്ടാണ് ഡാൻസ് കളിച്ചത്. പിന്നിൽ വന്ന വാഹനത്തിലെ യാത്രക്കാർ രംഗം പകർത്തി ട്രാൻസ്പോർട്ട് കമീഷണർക്ക് അയക്കുകയായിരുന്നു. തുടര്ന്ന് ആർ.ടി.ഒ എ.കെ. ദിലുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അപകടകരമായ യാത്ര നടത്തിയ കെ.എൽ 23 വി 2550 നമ്പർ മാരുതി എക്സൽ സിക്സ് വാഹനം കസ്റ്റഡിയിലെടുത്തു.
നേരത്തേ സമാനരീതിയിൽ കാറിൽ അഭ്യാസം നടത്തിയ അഞ്ച് യുവാക്കളെ ആലപ്പുഴ മെഡിക്കൽ കോളജിലും പത്തനാപുരം ഗാന്ധിഭവനിലും സാമൂഹികസേവനം നടത്താൻ വിട്ടിരുന്നു. ഏപ്രിൽ 28ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം കാറിൽ മടങ്ങിയ അഞ്ച് യുവാക്കളും സമാനരീതിയിൽ അഭ്യാസപ്രകടനം നടത്തിയിരുന്നു. അപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിലായവർ നേരിടുന്ന ബുദ്ധിമുട്ട് നേരിൽക്കണ്ട് മനസ്സിലാക്കാനായിരുന്നു ഇത്. കാറിന്റെ നാലു വാതിലും തുറന്നശേഷം എഴുന്നേറ്റുനിന്ന് അഭ്യാസപ്രകടനം നടത്തിയാണ് യുവാക്കൾ യാത്ര ചെയ്തത്. സംഭവത്തിൽ കാറോടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.
പരിശോധന കർശനമാക്കും -ആർ.ടി.ഒ
ആലപ്പുഴ: ജില്ലയിൽ ഓടുന്ന വാഹനങ്ങളിൽ അഭ്യാസപ്രകടനം ആവർത്തിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കുമെന്ന് ആർ.ടി.ഒ എ.കെ. ദിലു പറഞ്ഞു. കായംകുളത്ത് കാറിൽ അഭ്യാസപ്രകടനം നടത്തിയവരെ പിടികൂടിയതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ സംഭവമാണിത്. ആദ്യ സംഭവത്തിൽ ഉൾപ്പെട്ട അഞ്ചുപേരെ നല്ലനടപ്പിന് ശിക്ഷിക്കുകയും കമ്യൂണിറ്റി സർവിസിന് ആലപ്പുഴ മെഡിക്കൽ കോളജിലും പത്തനാപുരം ഗാന്ധിഭവനിലും വിട്ടിരുന്നു. ഈ ശിക്ഷ വേണ്ടത്ര ഗുണംകിട്ടിയിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
ഏപ്രിൽ 28ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം കാറിൽ മടങ്ങിയ അഞ്ച് യുവാക്കളും സമാനരീതിയിൽ അഭ്യാസപ്രകടനം നടത്തിയിരുന്നു. ആദ്യ സംഭവത്തിൽ ഉൾപ്പെട്ടിരുന്നത് ചെറിയ പ്രായത്തിലുള്ളവരായിരുന്നു. അവരിൽ മാനസിക പരിവർത്തനമുണ്ടാക്കാനാണ് അത്തരം ശിക്ഷ നടപ്പാക്കിയത്.
എന്നാൽ, രണ്ടാമത്തെ സംഭവത്തിൽ അഭ്യാസം നടത്തിയവരുടെ വീട്ടിലെത്തിയപ്പോൾ വാഹനം മാറ്റിയിരുന്നു. അവർ പോയ സ്ഥലം കണ്ടെത്തിയാണ് വാഹനം കസ്റ്റഡിലിലെടുത്തത്. പിറകിലിരിക്കുന്നയാൾ എഴുന്നേറ്റ് നിന്നായിരുന്നു അഭ്യാസം. സ്വകാര്യവാഹനത്തിൽ ഇരിക്കുന്നയാൾ കൈയും തലയും പുറത്തിട്ടാൽ നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഡ്രൈവർക്കാണ്. വാഹനങ്ങളിലെ അഭ്യാസപ്രകടനം വിഡിയോയിൽ ചിത്രീകരിച്ച് റീൽസായി പോസ്റ്റ് ചെയ്ത് ലൈക്ക് കിട്ടാനും ഇത്തരം അപകടകരമായരീതി കാണിക്കുന്നവരുണ്ട്. വിഡിയോ അടക്കമുള്ള തെളിവ് കിട്ടാത്തതിനാൽ വേണ്ടത്ര നടപടിയുണ്ടാട്ടില്ലെന്നും ആർ.ടി.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.