തൊഴിൽ വകുപ്പിന്റെ ഇരുട്ടടി; ഇല്ലാത്ത അളവ് പെരുപ്പിച്ച് വീട്ടുനികുതി
text_fieldsകായംകുളം: കൂലിപ്പണിയിലൂടെ ജീവിതം പുലർത്താൻ നെട്ടോട്ടമോടുന്നയാളിന്റെ വീടിന് ഇല്ലാത്ത അളവ് കാട്ടി ഭീമമായ നികുതിവിഹിതം ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിന്റെ പീഡനം. കീരിക്കാട് കൊട്ടക്കാട്ട് കിഴക്കേ പുതുവലിൽ ഹസൻ കുഞ്ഞ് 13 വർഷം മുമ്പ് നിർമിച്ച വീടിനാണ് വകുപ്പ് അധിക സെസ് ആവശ്യപ്പെട്ടിരിക്കുന്നത്. 700 ചതുരശ്രയടിയുള്ള വീട്ടിൽ താമസിക്കുന്ന ഇദ്ദേഹം 2000 ചതുരശ്രയടിയുടെ നിർമാണം നടത്തിയതായാണ് തൊഴിൽ വകുപ്പ് നൽകിയ നോട്ടീസിൽ പറയുന്നത്. അന്ന് 18 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചതിനാൽ 17,905 രൂപ വിഹിതമായി അടക്കണമെന്നാണ് ആവശ്യം.
പെട്ടിഓട്ടോറിക്ഷ ഡ്രൈവറായ ഹസൻകുഞ്ഞ് 14 വർഷം മുമ്പ് കടം വാങ്ങിയും പലരുടെയും സഹായം സ്വീകരിച്ചുമാണ് സ്വന്തമായി കൂര കെട്ടിപ്പൊക്കിയത്. 38ാം വാർഡിലെ 248ാം നമ്പർ വീടായി രജിസ്റ്റർ ചെയ്ത് നഗരസഭയിൽ കരവും ഒടുക്കി വരുന്നു. 700 ചതുരശ്രയടി മാത്രമുള്ള വീടാണെന്ന് കാട്ടി നഗരസഭ സാക്ഷ്യപത്രവും നൽകിയിട്ടുണ്ട്.
ഇത്രയും കാലം അധ്വാനിച്ചിട്ടും വീടിന്റെ ബാധ്യതകൾ പലതും തീർക്കാനായിട്ടില്ലെന്നാണ് ഹസൻകുഞ്ഞ് പറയുന്നത്. കഷ്ടിച്ച് ജീവിതം മുന്നോട്ട് നീക്കുന്നതിനിടെ തൊഴിൽ വകുപ്പ് നൽകിയ നോട്ടീസ് കിട്ടിയത് മുതൽ ഇതിൽനിന്നും ഒഴിവാകാനുള്ള ഓട്ടത്തിലാണ് ഇദ്ദേഹം. തന്റെയും വീടിന്റയും അവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും തുക അടച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ഉദ്യോഗസ്ഥർ നൽകുന്നത്.
18 ലക്ഷത്തോളം രൂപ ചെലവിൽ വീട് വെച്ചെന്ന തൊഴിൽ വകുപ്പിന്റെ നോട്ടീസിന് മുന്നിൽ ഹസൻകുഞ്ഞും കുടുംബവും അന്തംവിട്ട് നിക്കുകയാണ്. ഇത്രയും തുക സ്വപ്നം കാണാൻപോലും കഴിയാത്തതാണെന്നാണ് ഇവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.