താരമായി ഈത്തപ്പഴം; 'അജ്വ'ക്ക് വിലകുറഞ്ഞു
text_fieldsആലപ്പുഴ: റമദാൻ വിപണിയിലെ താരമായ ഈത്തപ്പഴത്തിന് ഇത്തവണയും ആവശ്യക്കാർ ഏറെ. സൗദിയിലെ മദീന, ജോര്‍ദാന്‍, ടുണീഷ്യ, ഫലസ്തീൻ, ഇറാന്‍, അഫ്ഗാൻ അടക്കമുള്ള വിവിധ രാജ്യങ്ങളിൽനിന്നാണ് ഈത്തപ്പഴം പ്രധാനമായും എത്തുന്നത്. ഈത്തപ്പഴങ്ങളുടെ രാജാവായി അറിയപ്പെടുന്ന മദീനയിലെ 'അജ്‌വ'ക്കാണ് പ്രിയം. കിലോക്ക് 2400 രൂപ വരെയുണ്ടായിരുന്ന അജ്വക്ക് ഇക്കുറി 900 രൂപയായി കുറഞ്ഞെന്ന് ആലപ്പുഴ ഹലായീസ് റസ്റ്റാറൻറ് ഉടമ മുഹമ്മദ് ഹനീഫ് സേട്ട് 'മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡ് മഹാമാരിയിൽ മക്കയിലെ മസ്ജിദുൽ ഹറമിൽ വിശ്വാസികളുടെ തിരക്ക് കുറഞ്ഞതാണ് അജ്വക്ക് വിലയിടിയാൻ കാരണം. തേനൂറും രുചിയും വലിപ്പവുമായി കിലോക്ക് 1500 രൂപ വിലവരുന്ന മജ്ദൂൾ ആണ് മുന്നിൽ. ഫലസ്ത്രീൻ, ഇസ്രായേൽ എന്നിവിടങ്ങളിൽനിന്നാണ് ഇവയുടെ വരവ്. മദീനയിൽനിന്നെത്തുന്ന ഈന്തപ്പഴങ്ങൾക്കാണ് ഇക്കുറി ആവശ്യക്കാർ ഏറെയുള്ളത്. വലിപ്പംകുറഞ്ഞ ഖൽമീ (കിലോക്ക്)-380 രൂപ, വലിപ്പമുള്ള മറിയം-380 രൂപ, അൽഒഫാദ്-400 രൂപ, ഹുറുമ-340 രൂപ, സുൽത്താൻ-350 രൂപ, ടാറ്റ്കോ-300 രൂപ, ജോഡ്-300 രൂപ, ഫറാദി-260 രൂപ, ജംബോ ഡെയ്സ്-200 രൂപ, അരിനൂർ-220 രൂപ, യു.വി.എ ഡെയ്സ്-280 രൂപ, കിങ്-300 രൂപ, ക്രാഫ്റ്റ്-300 രൂപ, മഷ്റൂഖ്-400 എന്നിങ്ങനെയാണ് വില. ഇവയിൽ ഞെട്ടോടുകൂടിയ ടുണീഷ്യൻ പഴങ്ങളാണ് ഏറെ ആകർഷകം. പ്രത്യേകം പായ്ക്കറ്റിൽ തനിമചോരാതെ എത്തുന്ന പഴങ്ങൾക്ക് 200 ഗ്രാമിന് 90 രൂപയാണ് വില. പ്രത്യേക ബോക്സിൽ എത്തുന്ന കീമിയക്ക് 170-190 രൂപയാണ് നിരക്ക്. ഉണക്ക കാരയ്ക്കക്കും ആവശ്യക്കാർ ഏറെയാണ്. കിലോക്ക് 350 രൂപയാണ് വില.അത്തിയും ഒലിവും തേടിയും നിരവധിപേരാണ് എത്തുന്നത്.
അഫ്ഗാനിൽനിന്ന് പ്രത്യേകപായ്ക്കറ്റിൽ എത്തുന്ന ഒലിവ് കായക്ക് (450 ഗ്രാം) 140 രൂപയും രുചികരമായ അമേരിക്കൻ ഗാർഡന്‍റെ ബ്ലാക്ക് ഒലിവിന് (450 ഗ്രാം) 225 രൂപയും നൽകണം. വിവിധ കമ്പനികളുടെ ഒലിവ് ഓയിലും സുലഭമാണ്. അമേരിക്കയിലെ കാലിഫോർണിയയിൽനിന്നാണ് ബദാം, പിസ്ത എന്നിവയുടെ വരവ്. കഴിഞ്ഞരണ്ടുവർഷവും കോവിഡ് മൂലം പള്ളികളിൽ ആൾക്കൂട്ട നിയന്ത്രണമുണ്ടായിരുന്നതിനാൽ വിപണി വേണ്ടത്ര സജീവമല്ലായിരുന്നു. ഇക്കുറി കച്ചവടത്തിൽ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.