പൊഴി കവർന്നത് കടലിെൻറ മക്കളെ; പുന്നാര മക്കളെ നെഞ്ചോട് ചേർക്കാൻ കഴിയാത്ത വേദനയിൽ ഒരമ്മ
text_fieldsമാരാരിക്കുളം: ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി സഹോദരങ്ങളുടെ മരണം. പുന്നാര മക്കളെ നെഞ്ചോട് ചേർക്കാൻ കഴിയാത്ത വേദനയിൽ ഒരമ്മയും. മാരാരിക്കുളം തെക്കിലെ ഓമനപ്പുഴ ഓടാപ്പൊഴിയിൽ മുങ്ങിമരിച്ച സഹോദരങ്ങളായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാർഡ് ഓമനപ്പുഴ നാലുതൈയ്ക്കല് നെപ്പോളിയെൻറ മക്കളായ അഭിജിത്തും (12) അനഘയുമാണ് (10) നാടിനും വീടിനും തീരാ വേദനയായത്.
കുട്ടികളുടെ മാതാവ് ഷൈമോൾ കുവൈത്തിലാണ്. കോവിഡ് മഹാമാരി വന്നശേഷം മക്കളെ നേരിട്ട് കണ്ടിട്ടില്ല. കുട്ടികളെ കാണാൻ പറ്റാത്ത സങ്കടം ബന്ധുക്കളോടും കൂട്ടുകാരോടും ദിവസവും പങ്കുവെക്കലാണ് ഷൈമോളുടെ പതിവ്. പലതവണ നാട്ടിലെത്താൻ ശ്രമിച്ചിട്ടും കഴിയാതിരിക്കുന്നതിനിടയിലാണ് മക്കളുടെ വേർപാട്. എന്നും പലതവണ മക്കളുമായി വിഡിയോ കാൾ നടത്തിയിരുന്ന മാതാവിനെ എങ്ങനെ അറിയിക്കുമെന്ന ചിന്തയാണിപ്പോൾ കുവൈത്തിലെ സുഹൃത്തുക്കൾക്ക്. ഷൈമോളെ നാട്ടിലേക്ക് വിടാൻ അവിടെ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ മരണ വിവരം ഷൈമോളെ അറിയിച്ചിട്ടില്ല. ഭാര്യയോട് എന്ത് പറയുമെന്ന ചിന്തയിൽ മത്സ്യത്തൊഴിലാളിയായ നെപ്പോളിയൻ കരഞ്ഞു കലങ്ങിയ കണ്ണുമായി മോർച്ചറിയുടെ മുന്നിൽ നിൽക്കുന്ന കാഴ്ച ആരുടെയും കരളലിയിപ്പിക്കും. ഇങ്ങനെ ഒരു ദുരന്തം ഇതുവരെ തീരദേശത്ത് ഉണ്ടായിട്ടില്ലെന്ന് പ്രദേശ വാസികൾ പറഞ്ഞു.
പൊഴി കവർന്നത് കടലിെൻറ മക്കളെ
മാരാരിക്കുളം: പൊഴിയിൽ വീണ് വേർപിരിഞ്ഞ കുട്ടികൾ നാടിെൻറ നൊമ്പരമാകുന്നു. കടലിെൻറ മക്കളായിരുന്നു അഭിജിത്തും അനഘയും. പിതാവ് നെപ്പോളിയൻ കടലിൽ പൊന്തുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയി തിരികെ കരയിൽ എത്തുമ്പോൾ വല വിരിക്കാനും മത്സ്യം പെറുക്കാനും സഹായിച്ചിരുന്ന ഇരുവരും മത്സ്യത്തൊഴിലാളികളുടെ പൊന്നോമനകളായിരുന്നു. കടലിൽ ചേരുന്ന പൊഴിയുടെ ഭാഗത്ത് മണൽ ഇളകിയ നിലയിലായിരുന്നതാണ് അപകടത്തിന് കാരണമായത്. സാധാരണ കുട്ടികൾ പൊഴിയിൽ ഇറങ്ങാറില്ല. വെള്ളിയാഴ്ച പതിവുപോലെ കളിക്കുന്നതിനിടെ പൊഴിയുടെ മറുകരയിൽ പുലിമുട്ട് നിർമാണവുമായി ബന്ധപ്പെട്ട് മണ്ണുമാന്തി ഉൾപ്പെടെ നിരവധി യന്ത്രസാമഗ്രികൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കണ്ടപ്പോൾ ഇത് അടുത്തു നിന്ന് കാണുന്നതിനാവും ഇവർ പൊഴി കടക്കാൻ ഇറങ്ങിയതെന്നാണ് കരുതുന്നത്. പൊഴിയിലെ മണലിൽ ഇവരുടെ കാല് പുതഞ്ഞുപോയതാകാനാണ് സാധ്യത.
കുട്ടികൾ എപ്പോഴും ഇവിടെ കളിക്കുന്നതായതിനാൽ കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികളും സമീപത്തെ വീട്ടുകാരും ശ്രദ്ധിച്ചില്ല. എന്നാൽ, മറ്റ് കുട്ടികളുടെ അലമുറ കേട്ടാണ് ഇവരെല്ലാം ഓടിയെത്തിയത്. വെള്ളത്തിൽ മുങ്ങിത്താണ നിലയിലായിരുന്ന കുട്ടികളെ അധികം വൈകാതെ എടുത്തെങ്കിലും അവശരായിരുന്നതായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അയൽവാസി തുരുത്തേൽവീട്ടിൽ ഇമ്മാനുവൽ ആൻറണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.