ആലപ്പുഴയിൽ യുവതിയുടെ മരണം; ജില്ല ലീഗൽ സർവിസ് അതോറിറ്റി അന്വേഷണം തുടങ്ങി
text_fieldsആലപ്പുഴ: കടപ്പുറം വനിത-ശിശു ആശുപത്രിയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ജില്ല ലീഗൽ സർവീസസ് അതോറിറ്റി അന്വേഷണം തുടങ്ങി.
ആലപ്പുഴ പഴവീട് ശരത്ത് ഭവനിൽ ആശാ ശരത്ത് (31) മരിച്ച സംഭവത്തിലാണ് അന്വേഷണം. ലീഗൽ സർവിസസ് അതോറിറ്റി സബ് ജഡ്ജ് പ്രമോദ് മുരളിയുടെ നിർദേശപ്രകാരം ജില്ല പ്രോഗ്രാം കോഓഡിനേറ്റർ ബി.ബിന്ദുഭായി ആശയുടെ വീട്ടിലെത്തി വിവരങ്ങൾ തേടി. ശസ്ത്രക്രിയക്കിടയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. യഥാർഥ മരണകാരണം കണ്ടുപിടിക്കാൻ സമഗ്രഅന്വേഷണം വേണം. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തങ്ങളുടെ വീട്ടിലെത്തി വിവരങ്ങൾ തേടിയിട്ടില്ല. ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവ് സംബന്ധിച്ച് പൊലീസിൽ തുടർപരാതികൾ നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. നിയമപരമായ എല്ലാസേവനവും കുടുംബത്തിന് ഉറപ്പാക്കുമെന്ന് ജില്ല ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചു.
വെള്ളിയാഴ്ച നടത്തിയ ലാപ്രോസ്കോപിക് ശസ്ത്രക്രിയക്കിടെയാണ് യുവതി ഗുരുതരാവസ്ഥയിലായത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടായിരുന്നു മരണം. ശസ്ത്രക്രിയക്കിടെ യുവതിക്ക് ഹൃദയാഘാതമുണ്ടായെന്നായിരുന്നു ഡോക്ടർമാരുടെ വിശദീകരണം.
സർക്കാർ സ്പോൺസേഡ് കൊലപാതകം -ബി.ജെ.പി
ആലപ്പുഴ: വനിത-ശിശു ആശുപത്രിയില്‍ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയക്ക് വിധേയായ ആശയുടെ മരണം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മരണത്തെക്കുറിച്ച് സമഗ്രഅന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.