നഗരസഭയിലെ തെരുവുനായ്ക്കളെ പിടികൂടാൻ തീരുമാനം; വാക്സിനേഷൻ യജ്ഞത്തിന് നാളെ തുടക്കം
text_fieldsആലപ്പുഴ: നഗരസഭയിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് തെരുവുനായ്ക്കളെ പിടികൂടുന്ന മെഗാ വാക്സിനേഷൻ യജ്ഞത്തിന് വ്യാഴാഴ്ച മുതൽ തുടക്കമാകും.
കൊമ്മാടിയിലും പൂന്തോപ്പിലും വഴിയാത്രക്കാരടക്കം ഒമ്പതുപേരെ കടിച്ചശേഷം ചത്ത രണ്ട് നായ്ക്കൾക്ക് പേവിഷബാധ കണ്ടെത്തിയ സാഹചര്യത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. നിരവധിയാളുകൾക്ക് കടിയേറ്റ തത്തംപള്ളി, കൊമ്മാടി, പൂന്തോപ്പ് വാർഡുകളിൽനിന്നാണ് തെരുവുനായ്ക്കളുടെ വാക്സിനേഷൻ തുടങ്ങുക.
രണ്ട് ടീമായി തിരിഞ്ഞ് മൂന്നാഴ്ചക്കകം മുഴുവൻവാർഡിലെയും തെരുവ്നായ്ക്കളെ പിടികൂടി കുത്തിവെപ്പ് എടുക്കും. നായ് പിടിത്തക്കാരുടെയും മൃഗസംരക്ഷണവകുപ്പിന്റെയും വെറ്റിനറി ഡോക്ടർമാരുടെയും സഹായത്തോടെയാണ് വാക്സിനേഷൻ നടത്തുക.
ഇതിനായി വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും നഗരസഭയുടെ കരാർ ജീവനക്കാരെയും ഉപയോഗിക്കും. ഇവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച് നടപടികൾ വേഗത്തിലാക്കും. അടിയന്തരസാഹചര്യം കണക്കിലെടുത്ത് തനത് ഫണ്ടിൽനിന്ന് പണം അനുവദിച്ചാവും പ്രവർത്തനം.
പിടികൂടുന്ന നായ്ക്കളെ തിരിച്ചറിയാൻ ഫ്രാബിക്സ് പെയിന്റ് അടയാളപ്പെടുത്തും. കൂടുതൽ വാർഡുകളിലേക്ക് പ്രവർത്തനം വ്യാപിക്കുന്നതിനായി നഗരസഭ ജീവനക്കാർക്ക് നായ്പിടിത്ത പരിശീലനം നൽകും. കണിച്ചുകുളങ്ങര സ്വദേശിയും നായ്പിടിത്തക്കാരനുമായ സജീവന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് നിലവിൽ യജ്ഞം തുടങ്ങുക.
ആദ്യം ബുധനാഴ്ച മുതൽ നടപടികൾ ആരംഭിക്കാനായിരുന്നു നീക്കം. എന്നാൽ, അതിനുമുമ്പ് പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ജീവനക്കാർക്ക് വാക്സിനേഷൻ നൽകാൻ വേണ്ടിയാണ് വ്യാഴാഴ്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചത്. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്. കവിത, എം.ആര്. പ്രേം, എൽ.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സൗമ്യരാജ്, പ്രതിപക്ഷ നേതാവ് അഡ്വ. റീഗോരാജു, കക്ഷിനേതാക്കളായ ഡി.പി. മധു, ഹരികൃഷ്ണന്, സലിം മുല്ലാത്ത്, പി. രതീഷ്, എം.ജി. സതീദേവി, സെക്രട്ടറി എ.എം. മുംതാസ്, ഹെല്‍ത്ത് ഓഫിസര്‍ കെ.പി. വർഗീസ്, സീനിയര്‍ വെറ്ററിനറി സര്ജന് പി. രാജീവ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മനോജ്, ശങ്കര്‍മണി, ഷാംകുമാര്‍, ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
കണക്കിൽ 1375 തെരുവ് നായ്ക്കൾ; അലയുന്നത് ഇരട്ടി
ആലപ്പുഴ: നഗരസഭ പരിധിയിൽ 1375 തെരവുനായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. 2019 സെൻസസ് പ്രകാരമാണിത്. ചത്തനായ്ക്കൾക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചേർന്ന നഗരസഭ സർവകക്ഷിയോഗത്തിൽ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ, ഇതിന്റെ ഇരട്ടിയോളം നായ്ക്കളുണ്ടെന്ന് അംഗങ്ങൾ വിലയിരുത്തി. നഗരത്തിലും പരിസരപ്രദേശങ്ങളിലും കുരച്ചുചാടി ഭീതിപരത്തുന്ന നായ്ക്കളുടെ ആക്രമണവും ദിനംപ്രതി പെരുകുകയാണ്.
യുവാവിനെ കടിച്ച നായ്ക്ക് പേ വിഷബാധ
കലവൂർ: യുവാവിനെ കടിച്ച ശേഷം ചത്ത നായ്ക്ക് പേവിഷ ബാധയുള്ളതായി പരിശോധന ഫലം. കലവൂർ കയർബോർഡിന് പടിഞ്ഞാറ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാർഡിലെ യുവാവിനാണ് കഴിഞ്ഞ ദിവസം റോഡിലൂടെ നടക്കുമ്പോൾ കടിയേറ്റത്. സംശയം തോന്നിയതിനാൽ നായെ പൂട്ടിയിട്ടു. പിന്നീട് ചത്തതോടെയാണ് ആശങ്കയായത്. ആദ്യം നായെ കുഴിച്ചിട്ടെങ്കിലും പിന്നീട് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് പരിശോധന ഫലം ലഭിച്ചത്. നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും കടിയേറ്റയാൾക്ക് അന്നുമുതൽ കുത്തിവെപ്പ് തുടങ്ങിയതായും പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത പറഞ്ഞു. സമീപവാർഡിൽ ഉൾപ്പെടെ എല്ലാ നായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്താൻ തീരുമാനിച്ചതായും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.