ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്നതിൽ താമസം; മില്‍മയുടെ പാല് വിതരണം വൈകി
text_fieldsഅമ്പലപ്പുഴ: പുന്നപ്ര മിൽമ ഡെയറിയിൽനിന്നുള്ള പാൽ വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അധികൃതരുടെ അനാസ്ഥയെന്ന് തൊഴിലാളികൾ ആരോപിച്ചു. രണ്ടു ഷിഫ്റ്റിലായാണ് പുന്നപ്ര മിൽമ ഡെയറിയിൽനിന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് പാൽ വിതരണം ചെയ്യുന്നത്. ബുധനാഴ്ച രാവിലെ അഞ്ചരക്ക് പാലുമായി പുറപ്പെടേണ്ട വാഹനങ്ങൾ മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
ഉച്ചക്ക് ഒന്നിന് പുറപ്പെടേണ്ട വാഹനങ്ങളും മണിക്കൂറുകൾ വൈകിയാണ് പോയത്. ഇതോടെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏതാനും ദിവസം മുമ്പും ഇതേ രീതിയിൽ പാൽ വിതരണം വൈകിയിരുന്നു. ഇത് തൊഴിലാളികൾ ചോദ്യം ചെയ്തപ്പോൾ യന്ത്രത്തകരാറ് മൂലം യാദൃച്ഛികമായാണ് പാൽ വിതരണം തടസ്സപ്പെട്ടതെന്നും ഇനി അതുണ്ടാകില്ലെന്നും മാനേജ്മെന്റ് ഉറപ്പ് നൽകിയിരുന്നതായും തൊഴിലാളികൾ പറഞ്ഞു.
എന്നാൽ, ബുധനാഴ്ച വീണ്ടും പ്രോസസിങ് നടപടികൾ വൈകിയതോടെ പാൽ വിതരണം മണിക്കൂറുകളോളം വൈകുകയായിരുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കായി 13 വാഹനങ്ങളിലാണ് ഇവിടെ നിന്ന് പാൽ വിതരണം ചെയ്യുന്നത്.
എന്നാൽ, കർണാടകയിൽനിന്ന് ടാങ്കറിൽ പാലെത്താൻ വൈകിയതാണ് പാൽ വിതരണം വൈകാൻ കാരണമായതെന്ന് മിൽമ അധികൃതർ പറഞ്ഞു. 35,000 ലിറ്റർ പാൽ മാത്രമാണ് ഇവിടെ സംഭരിക്കുന്നത്. ശേഷിക്കുന്ന 70,000ത്തോളം ലിറ്റർ പാൽ മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നാണെത്തിക്കുന്നത്. പാൽ വിതരണം തടസ്സപ്പെട്ടതോടെ തങ്ങൾ അധിക ജോലി ചെയ്യേണ്ട സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു. ഓവർ ടൈം നൽകാൻ കഴിയില്ലെന്നാണ് മാനേജ് മെന്റ് പറഞ്ഞതെന്നും ഇവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.