ചാരുംമൂട് കേന്ദ്രമാക്കി അഗ്നിരക്ഷാസേന യൂനിറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
text_fieldsചാരുംമൂട്: ചാരുംമൂട് കേന്ദ്രമാക്കി അഗ്നിരക്ഷാസേന കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബുധനാഴ്ച ചാരുംമൂട് ജങ്ഷന് സമീപത്തെ ബേക്കറിയിലെ തീപിടിത്തം അണയ്ക്കാൻ കായംകുളം, അടൂർ, മാവേലിക്കര ഭാഗങ്ങളിൽ നിന്നാണ് അഗ്നിരക്ഷാസേന എത്തിയത്. നാട്ടുകാരുടെ ഇടപെടലാണ് തീ ആളിപ്പടരാതിരിക്കാൻ കാരണമായത്.വർഷങ്ങളായി ചാരുംമൂട്ടിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് അഗ്നിരക്ഷാസേന കേന്ദ്രം. ചാരുംമൂട് കേന്ദ്രീകരിച്ച് അഗ്നിരക്ഷാസേനയുടെ പ്രവർത്തനം തുടങ്ങുമെന്ന് പലതവണ ജനപ്രതിനിധികൾ ഉറപ്പുനൽകിയിരുന്നു.
എന്നാൽ, നടപടി ഉണ്ടായിട്ടില്ല. മേഖലയിൽ അപകടമോ തീപിടിത്തമോ ഉണ്ടായാൽ കായംകുളം, അടൂർ, മാവേലിക്കര എന്നിവിടങ്ങളിൽനിന്നാണ് സേനയുടെ യൂനിറ്റുകൾ എത്തുന്നത്. 15 മുതൽ 20 വരെ കിലോമീറ്റർ വരെ ദൂരെയാണ് ഈ സ്ഥലങ്ങൾ. അതിനാൽ സ്ഥലത്തെത്താൻ അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വേണ്ടി വരും. അപ്പോഴേക്കും കടകളും മറ്റും നശിച്ചിരിക്കും. കെ.പി റോഡിൽ അപകടങ്ങൾ ഉണ്ടാകുമ്പോഴും മഴക്കാലത്ത് മരങ്ങളും മറ്റും റോഡിൽ ഒടിഞ്ഞുവീഴുമ്പോഴും ഇതുതന്നെയാണ് സ്ഥിതി.
മേഖലയിൽ അടിക്കടി ഉണ്ടാകുന്ന വ്യാപാര സ്ഥാപനങ്ങളിലെ അഗ്നിബാധമൂലം കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഏതാനും വർഷത്തിനുള്ളിൽ നിരവധി കച്ചവട സ്ഥാപനങ്ങളാണ് അഗ്നിക്കിരയായത്.ചാരുംമൂട്ടിൽ അഗ്നിരക്ഷാസേന കേന്ദ്രം സ്ഥാപിച്ചാൽ ചുനക്കര, നൂറനാട്, പാലമേൽ, താമരക്കുളം, വള്ളികുന്നം, ഭരണിക്കാവ് പഞ്ചായത്ത് പ്രദേശത്തുള്ളവർക്ക് ഏറെ പ്രയോജനപ്പെടും.
ചാരുംമൂട് ജങ്ഷനുസമീപം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് കിഴക്കുഭാഗത്തായി ഒഴിഞ്ഞു കിടക്കുന്ന കല്ലട ജലസേചന കനാൽ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഇതിന് ഉപയോഗിക്കാൻ അനുയോജ്യമാണ്.ഭാവിയിൽ നൂറനാട് ലെപ്രസി സാനട്ടോറിയത്തിന്റെ സ്ഥലം സ്ഥിരമായ കേന്ദ്രം സ്ഥാപിക്കാൻ ഉപയോഗിക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.