കൊതുകിന്‍റെ 'കണക്കെടുത്തില്ല; ആരോഗ്യ സ്ഥാപനങ്ങൾ പ്രതിക്കൂട്ടിൽ
text_fieldsആലപ്പുഴ: ജില്ലയിൽ ഡെങ്കിപ്പനി പടരുമ്പോഴും കൊതുകിന്‍റെ സാന്ദ്രതപഠനവും ഉറവിടനാശവും നടത്താത്ത ആരോഗ്യസ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്. ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണിത്.
ജില്ലയിലെ 46 ആരോഗ്യസ്ഥാപനങ്ങൾക്കാണ് ആരോഗ്യവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വിവിധ ആരോഗ്യസ്ഥാപനങ്ങളിൽനിന്ന് കൊതുക് സാന്ദ്രത സംബന്ധിച്ച പഠനറിപ്പോർട്ടും ലഭിച്ചിട്ടില്ല. ഇതിനാൽ കൊതുകിന്‍റെ സാന്ദ്രത ഏതൊക്കെ പ്രദേശത്താണ് കൂടുതലെന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല. ഇത് ഡെങ്കിപ്പനി പ്രതിരോധത്തെ ബാധിച്ചതായാണ് വിലയിരുത്തൽ. ആശ പ്രവർത്തകരുടെ സഹായത്തോടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരാണ് പഠനം നടത്തേണ്ടത്. ഹെൽത്ത് ഇൻസ്പെക്ടർമാർ മേൽനോട്ടം വഹിക്കണം.
വീടുകൾ, സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചാണ് കൊതുകിന്‍റെ സാന്ദ്രതപഠനം നടത്തുക. 100 വീട് സന്ദർശിക്കുമ്പോൾ കൊതുക് വളരാനുള്ള പോസിറ്റിവ് കണ്ടെയ്നറുകൾ എത്രയെണ്ണം കണ്ടെത്തിയെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഓരോ മേഖലയിലെയും കൊതുകിന്‍റെ സാന്ദ്രത അളക്കുന്നത്.
മഴ ആരംഭിച്ച് ആഴ്ചകളായിട്ടും പഠനം നടത്താത്തതിനാൽ ജില്ലയിൽ എവിടെയാണ് കൊതുകുനശീകരണ-ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കേണ്ടതെന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. നിലവിൽ പനി ബാധിച്ച് ആശുപത്രിയിലെത്തുമ്പോൾ നടത്തുന്ന പരിശോധനയിലൂടെയാണ് രോഗം തിരിച്ചറിയുന്നത്. ജൂണിൽ ഇതുവരെ 40 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മേഖലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.
ആൾത്താമസമില്ലാത്ത പറമ്പുകളിൽ കൊതുകുകേന്ദ്രങ്ങൾക്ക് സാധ്യത ഏറെയാണ്. ഇത്തരം ഇടങ്ങൾ കണ്ടെത്തിയാൽ ആദ്യഘട്ടത്തിൽ നോട്ടീസ് നൽകി പറമ്പ് വൃത്തിയാക്കാൻ നിർദേശിക്കും. ചെയ്തില്ലെങ്കിൽ പഞ്ചായത്ത് അധികൃതർ ചെയ്യുകയും ചെലവായ തുക ഉടമയിൽനിന്ന് ഈടാക്കുകയും ചെയ്യും. തുടർന്ന് നിയമനടപടികളിലേക്ക് നീങ്ങാനും ആലോചനയുണ്ട്.
വൈറൽ പനി പടരുന്നതിനിടെയാണ് ഡെങ്കിപ്പനി, എലിപ്പനി ഇവയും കൂടിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിയന്ത്രണ വിധേയമായില്ലെങ്കിൽ സ്ഥിതി വഷളാകുമെന്ന ഘട്ടത്തിലാണ് ആരോഗ്യവകുപ്പ് കർശന നടപടിയുമായി രംഗത്തെത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.