മകൻ ഓടിച്ച ബൈക്ക് അപകടത്തിൽ മരണം, അമ്മയുടെ ആശ്രിത നഷ്ടപരിഹാരത്തിന് മകന് അർഹതയില്ല
text_fieldsആലപ്പുഴ: വാഹനാപകടത്തിൽ മരിച്ച അമ്മയുടെ ആശ്രിത നഷ്ടപരിഹാരത്തുകക്ക് വാഹനം ഓടിച്ച മകന് അർഹത ഇല്ലെന്ന് കോടതി. മകൻ ഓടിച്ച ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് സഞ്ചരിക്കവേ ഉണ്ടായ റോഡ് അപകടത്തിൽ അമ്മ മരിച്ച കേസിലാണ് ആലപ്പുഴ അഡീഷനൽ മോട്ടോർ ആക്സിഡന്റ് െക്ലയിംസ് ട്രൈബ്യൂണൽ -3 ജഡ്ജി റോയി വർഗീസിന്റെ വിധി. 2010 ജൂലൈ 16ന് ദേശീയപാതയിൽ ആലപ്പുഴ തുറവൂർ പുത്തൻചന്തയിലുണ്ടായ അപകടത്തിൽ ആലപ്പുഴ എരമല്ലൂർ ചക്കാലപ്പറമ്പിൽ വിജയകുമാരി മരിച്ചിരുന്നു. സ്വന്തം മകൻ ഓടിച്ചിരുന്ന ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു വിജയകുമാരി.
റോഡിനുകുറുകെ രണ്ടുപേർ ചാടിയതുമൂലം പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ വിജയകുമാരി തെറിച്ച് റോഡിൽ വീണ് പരിക്കേൽക്കുകയായിരുന്നു. വിജയകുമാരി ജൂലൈ 18ന് മരിച്ചു. ഇതുസംബന്ധിച്ച് കുത്തിയതോട് പൊലീസ് കേസ് എടുത്തിരുന്നു. മരണപ്പെട്ട വിജയകുമാരിയുടെ മകൾ വാഹനാപകട നഷ്ടപരിഹാരക്കേസ് നൽകുകയായിരുന്നു. മരണപ്പെട്ട വിജയകുമാരിയുടെ ഭാഗത്ത് അശ്രദ്ധ ഇല്ലായിരുന്നുവെന്നും എന്നാൽ മകന്റെ ഭാഗത്ത് ശ്രദ്ധക്കുറവുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. ഹരജിക്കാരിയായ മകൾക്ക് 7,98,000 രൂപയും ഏഴുശതമാനം വാർഷിക പലിശയും നൽകാനും വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.