ആലപ്പുഴയുടെ വികസനം; കാലാവസ്ഥ വ്യതിയാനം മുഖ്യവിഷയമാക്കണം
text_fieldsആലപ്പുഴ: ജില്ലയുടെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ കാലാവസ്ഥ വ്യതിയാനം മുഖ്യവിഷയമായി പരിഗണിച്ച് പദ്ധതികൾ രൂപവത്കരിക്കണമെന്ന് വിദഗ്ധരുടെ ശിൽപശാല. ജില്ല ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തിൽ വികസന സാധ്യതകൾ പ്രാദേശികതലത്തിലും ജില്ലതലത്തിലും ഏറ്റെടുക്കേണ്ട മുൻഗണന പദ്ധതികൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദേശം.
കാലാവസ്ഥ വ്യതിയാനത്തിനൊപ്പം ദുരന്ത നിവാരണത്തെക്കുറിച്ച് വ്യക്തമായ ധാരണ വരുത്തിയ ശേഷമാവണം കുട്ടനാട് ഉൾപ്പെടെയുള്ള ആലപ്പുഴയിലെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. വാട്ടർ കൺസർവേഷൻ, മണ്ണ് സംരക്ഷണം എന്നിവ കൂടുതൽ ശ്രദ്ധിക്കേണ്ട മേഖലയാണ്. മാലിന്യ നിർമാർജനത്തിനും ശുദ്ധജല വിതരണത്തിലും പ്രത്യേക താൽപര്യം എടുക്കണം. പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്നങ്ങളുണ്ട്. ക്ഷീരോൽപാദനം സ്വയംപര്യാപ്തതയുടെ അടുത്തുവരെ എത്തിയതാണ്. എന്നാൽ, മഹാമാരിക്കുശേഷം 90 ശതമാനത്തിൽനിന്ന് 60 ആയി ഉൽപാദനം കുറഞ്ഞു.
കാലാവസ്ഥ വ്യതിയാനം ഇല്ലാതാക്കാനുള്ള നടപടികൾ സങ്കീർണമാണ്. എന്നാൽ, അതിന്റെ ആഘാതം കുറക്കാനുള്ള നടപടികൾക്ക് മൂൻതൂക്കം നൽകണം. കുട്ടനാട്ടിൽ പ്രാദേശികമായ സവിശേഷ പ്രവർത്തനങ്ങളും പദ്ധതികളും വേണം. പ്രാദേശിക പദ്ധതികളുടെ നടത്തിപ്പിൽ ജില്ല മൂന്നാംസ്ഥാനത്ത് എത്തിയെങ്കിലും വലിയ വളർച്ചയിലേക്ക് എത്തിയിട്ടില്ല. വേമ്പനാട്ടുകായലിലെ പോളപ്രശ്നം അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ സർവകലാശാലകളുടെ സാങ്കേതിക സഹകരണം തേടിയിട്ടുണ്ട്. ടൂറിസം മേഖലയുടെ വികസനത്തിന് എ.സി കനാൽ ശുചീകരണം ആവശ്യമാണെന്നും യോഗം വിലയിരുത്തി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ബിജു പി. അലക്സ് മുഖ്യവിഷയം അവതരിപ്പിച്ചു. കലക്ടർ അലക്സ് വർഗീസ്, ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ കെ.കെ. ജയമ്മ, ജെ. ജോസഫൈൻ, എസ്.എസ്. നാഗേഷ് എന്നിവർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.പി. സംഗീത, ജില്ല പ്ലാനിങ് ഓഫിസർ എം.പി. അനിൽകുമാർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ ദീപ ശിവദാസൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.