ധൻബാദ് എക്സ്പ്രസ് 2.45 മണിക്കൂർ വൈകി; നട്ടംതിരിഞ്ഞ് യാത്രക്കാർ
text_fieldsആലപ്പുഴ: മുന്നറിയിപ്പില്ലാതെ ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് പുറപ്പെടൽ 2.45 മണിക്കൂർ മണിക്കൂർ വൈകി. കൃത്യസമയത്ത് എത്താതെ യാത്രക്കാർ വലഞ്ഞു. വ്യഴാഴ്ച രാവിലെ ആറിന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകുമെന്ന് യാത്രക്കാർ അറിഞ്ഞത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ്. ഇത് എറണാകുളം, തൃശുർ മേഖലയിൽ ജോലിക്ക് പോകേണ്ടവരെയാണ് ഏറെ ബാധിച്ചത്. ട്രെയിൻ വൈകിയതോടെ പലരും വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച ഉച്ചക്ക് മൂന്നിന് ആലപ്പുഴയിൽ എത്തേണ്ട ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് രാത്രി 11.10നാണ് എത്തിയത്. ബോഗി വൃത്തിയാക്കൽ, ശുചീകരണം, വെള്ളംനിറക്കൽ തുടങ്ങിയ ജോലികൾ നീണ്ടുപോയതോടെ രാവിലെ 8.48നാണ് ധൻബാദ് പുറപ്പെട്ടത്. ഇതിന് പിന്നാലെയെത്തിയ ഏറനാട്, ഇൻറർസിറ്റി ട്രെയിനുകളും വൈകി. കൃത്യസമയത്ത് പോകേണ്ട ധൻബാദ് വൈകിയതോടെ ഏറനാടിലും തിരക്കേറി. ട്രെയിൻ എൻക്വയറി സംവിധാനത്തിൽ വൈകുന്ന കാര്യം അപ്ഡേറ്റ് ചെയ്തിരുന്നുവെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. ജില്ല കേന്ദ്രമായ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ പ്ലാറ്റ്ഫോം ഇല്ലാത്തതാണ് സമീപ സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിടാൻ കാരണം.
ആലപ്പുഴ-എറണാകുളം മെമു രണ്ടിലും ധൻബാദ് മൂന്നിലും പിടിച്ചിട്ടിരുന്നു. ഒഴിച്ചിട്ട ഒന്നാംട്രാക്കിലൂടെ കൊച്ചുവേളി എക്സ്പ്രസും ഇന്റർസിറ്റിയും കടത്തിവിടാനാണ് അമ്പലപ്പുഴയിൽ ഏറനാടിനെ പിടിച്ചിട്ടത്. വൈകീട്ടുള്ള യാത്രയും അതിദയനീയമാണ്. വന്ദേഭാരതിനുവേണ്ടി മറ്റ് ട്രെയിനുകൾ വഴിമാറുമ്പോൾ ഒറ്റവരിപ്പാതയിൽ ഊഴംകാത്തുകിടക്കേണ്ട സ്ഥിതിയാണ്. ധൻബാദിന്റെ സമയമാറ്റം അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ച് സ്റ്റേഷനിലെത്തിയവർക്ക് ടിക്കറ്റ് നൽകിയെന്ന് യാത്രക്കാർ ആരോപിച്ചു.
സമയക്രമം പാലിക്കാതെ ഏറനാട് എക്സ്പ്രസും
ആലപ്പുഴ: ദേശീയപാത നിർമാണത്തിലെ കുരുക്കിൽപെടാതിരിക്കാൻ ബസ് ഒഴിവാക്കി ട്രെയിനിനെ ആശ്രയിക്കുന്ന യാത്രക്കാർക്കും തിരിച്ചടി. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്ന നൂറുകണക്കിനാളുകൾക്ക് രാവിലെ ഓഫിസുകളിലെത്തുന്ന തിരുവനന്തപുരം-മംഗളുരു ഏറനാട് എക്സ്പ്രസിന്റെ (16606) യാത്രയാണ് ദിവസവും താളംതെറ്റുന്നത്. സമയക്രമം പാലിക്കാതെ പതിവായി വൈകിയോടുന്നതിനൊപ്പം വ്യാഴാഴ്ച അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടത് ഒരുമണിക്കൂറിലേറെയാണ്.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് ധൻബാദ് എക്സ്പ്രസ് പുറപ്പെടാൻ വൈകിയതാണ് പ്രധാനകാരണം. ആലപ്പുഴയിൽനിന്ന് കായംകുളം ഭാഗത്തേക്കുള്ള രണ്ട് ട്രെയിനുകളുടെ ക്രോസിങ്ങും മറ്റൊരുതടസ്സമായി. വ്യാഴാഴ്ച പുലർച്ച 5.40ന് ഹരിപ്പാട് വിട്ട ട്രെയിൻ സമയക്രമംപാലിച്ച് 6.10ന് അമ്പലപ്പുഴയിലെത്തി. മൈസൂർ-കൊച്ചുവേളി (16315) എക്സ്പ്രസ് കടന്നുപോകാൻ സാധാരണയായി അൽപനേരം ഇവിടെ പിടിച്ചിടുന്നതാണെന്നാണ് യാത്രക്കാർ കരുതിയത്. പിടിച്ചിടലിന് പിന്നാലെയെത്തിയ കൊച്ചുവേളിയും ഇന്റർസിറ്റി എക്സ്പ്രസും കടത്തിവിട്ട ശേഷമാണ് ഏറനാട് അമ്പലപ്പുഴയിൽനിന്ന് ചലിച്ചുതുടങ്ങിയത്. അപ്പോൾ സമയം 7.10 കഴിഞ്ഞിരുന്നു. ആലപ്പുഴയിൽ എത്തിയപ്പോൾ സമയം 7.22 ആയി. ഈസമയം കാത്തിരുന്ന യാത്രക്കാർ ഏറനാടിൽ തള്ളിക്കയറിയതോടെ നിന്നുതിരിയാൻ ഇടമില്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.