വയറിളക്കവും ഛർദിയും; നൂറിലധികം കുട്ടികൾ ചികിത്സയിൽ, കാരണം ഉറപ്പിക്കാനാകാതെ ആരോഗ്യവകുപ്പ്
text_fieldsആലപ്പുഴ: വയറിളക്കവും ഛർദിയും ബാധിച്ച് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും നൂറിലധികം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. ആലപ്പുഴ നഗരസഭ പ്രദേശങ്ങളിൽനിന്നാണ് കൂടുതൽ കുട്ടികൾ ചികിത്സക്കെത്തിയത്. ജില്ല ജനറൽ ആശുപത്രി, കടപ്പുറം വനിത-ശിശു ആശുപത്രി എന്നിവിടങ്ങളിലാണ് കുട്ടികൾ ചികിത്സ തേടിയത്. വനിത-ശിശു ആശുപത്രിയിൽ തിങ്കളാഴ്ച മാത്രം 30 കുട്ടികൾ സമാന രോഗലക്ഷണവുമായി ചികിത്സക്കെത്തി.
ആലപ്പുഴ നഗരത്തിലെ സക്കരിയ ബസാര്‍, കാഞ്ഞിരംചിറ, വട്ടപ്പള്ളി, ലജ്നത്ത്, സീവ്യൂ, കറുകയിൽ, തുേമ്പാളി അടക്കമുള്ള പ്രദേശങ്ങളിലും ആര്യാട് പഞ്ചായത്തിലുമാണ് രോഗവ്യാപനം കണ്ടെത്തിയത്. ചികിത്സ തേടിയവരിൽ ഏറെപ്പേരും ചിക്കൻ കഴിച്ചതായിട്ടാണ് ഡോക്ടർമാരോട് പറഞ്ഞിട്ടുള്ളത്. എന്നാൽ, ഇതാണ് കാരണമെന്ന് കണ്ടെത്താനായിട്ടില്ല. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന ൈപപ്പ് ലൈൻ കഴിഞ്ഞദിവസം തകഴിയിൽ പൊട്ടിയിരുന്നു.
പുതിയ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലവിതരണം പൂർണമായും മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ കുടിവെള്ളവുമായി ബന്ധപ്പെട്ടാണ് രോഗവ്യാപനമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. രോഗവ്യാപനം കണ്ടെത്തിയ സ്ഥലങ്ങളിലെ കുടിവെള്ളം അടക്കമുള്ളവയുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും.
കുട്ടികൾ കഴിച്ച ചിക്കന്‍, മുട്ട, വെള്ളം എന്നിവയിൽനിന്നാണ് രോഗം പകര്‍ന്നതെന്നാണ് സംശയം. ഒരാഴ്ചയായി ദിവസേന 22 മുതൽ 28 വരെ രോഗികളാണ് കടപ്പുറം ആശുപത്രിയിൽ ചികിത്സ തേടിയത്. പലയിടങ്ങളിലും ശുദ്ധജലം പരിശോധിക്കാന്‍ നഗരസഭയും നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ നഗരസഭയിലെ വിവിധ വാർഡുകളിലായി 40ലധികം പേർ ഛർദിയെത്തുടർന്ന് ജനറൽ ആശുപത്രിയിലും വനിത-ശിശു ആശുപത്രിയിലും ചികിത്സ തേടിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിത കുമാരി അറിയിച്ചു.
പലചടങ്ങുകളിൽനിന്ന് ബിരിയാണി ഭക്ഷിച്ചവരാണ് രോഗബാധിതരായിട്ടുള്ളതെന്നാണ് പ്രാഥമിക നിരീക്ഷണത്തിൽ വിലയിരുത്തൽ. ഒരാഴ്ചയായി പല വാർഡുകളിലും ജലദൗർലഭ്യമുള്ളതായും അറിയാൻ കഴിഞ്ഞു. വെള്ളത്തിെൻറ ഗുണനിലവാരം, ചിക്കൻ സ്റ്റാളുകൾ, പാചകശാലകൾ എന്നിവിടങ്ങളിലെ ശുചിത്വം ഉറപ്പാക്കാനായി ജല അതോറിറ്റിയുമായും ഭക്ഷ്യസുരക്ഷ വകുപ്പുമായും ചേർന്ന് പ്രവർത്തനങ്ങൾ നടത്തും.
ജാഗ്രത പാലിക്കണം –ജില്ല മെഡിക്കൽ ഓഫിസ്
വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസ് അറിയിച്ചു. കുടിവെള്ള സ്രോതസ്സുകൾ മലിനമാകുമ്പോഴും ആഹാരപദാർഥങ്ങളില്‍ രോഗാണുക്കള്‍ കലരുമ്പോഴുമാണ് വയറിളക്കരോഗങ്ങൾ ഉണ്ടാകുന്നത്. മഴക്കാലത്ത് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. വയറിളക്കത്തിെൻറ ആരംഭം മുതല്‍ പാനീയ ചികിത്സ തുടരണം.
ഒ.ആര്.എസ് ലായനി അല്ലെങ്കിൽ വീട്ടിൽ തയാറാക്കുന്ന ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കണം. ആരോഗ്യകേന്ദ്രങ്ങളിൽനിന്നും ആശ, അംഗന്‍വാടി പ്രവര്‍ത്തകരില്‍നിന്നും ലഭിക്കുന്ന ഒ.ആര്.എസ് മിശ്രിതം ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി ആവശ്യാനുസരണം കുടിക്കണം. ഒരിക്കല്‍ തയാറാക്കുന്ന ലായനി 24 മണിക്കൂറിനുശേഷം ഉപയോഗിക്കരുത്. പാനീയ ചികിത്സയോടൊപ്പം വേഗം ദഹിക്കുന്ന ഭക്ഷണം കഴിക്കണം. ഇതോടൊപ്പം 14 ദിവസംവരെ ദിവസേന സിങ്ക് ഗുളിക ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നത് വയറിളക്കത്തിെൻറ തീവ്രത കുറക്കാനും രോഗം വേഗം മാറാനും സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, തുറന്നുവെച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ കഴിക്കാതിരിക്കുക, ആഹാരത്തിന് മുമ്പും മലവിസര്‍ജനത്തിനുശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, മലവിസര്‍ജനം കക്കൂസിൽ മാത്രമാക്കുക, കുഞ്ഞുങ്ങളുടെ മലവിസര്‍ജ്യം കക്കൂസില്തന്നെ ഇടുക, വയറിളക്കമുള്ള കുട്ടികളെ വൃത്തിയാക്കിയശേഷവും അവരുടെ വസ്ത്രങ്ങള്‍ കഴുകിയശേഷവും ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, കുടിവെള്ളസ്രോതസ്സുകൾ േക്ലാറിനേറ്റ് ചെയ്യുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ആര്.ഒ പ്ലാൻറിലെ ജലമാണെങ്കിലും തിളപ്പിച്ചാറിയശേഷം മാത്രമേ ഉപയോഗിക്കാവൂ.
നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി
വയറിളക്കവും ഛർദിയും പടരുന്ന സാഹചര്യത്തിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. നഗരസഭയിലെ ലജ്നത്ത്, സഖറിയ, ആലിശ്ശേരി, വലിയ മരം, വാടക്കനാൽ തുടങ്ങിയ വാർഡുകളിലാണ് അതിസാരം പടർന്നത്. ചികിത്സ തേടിയവരുടെ വീടുകൾ നഗരസഭ ആരോഗ്യവിഭാഗം സന്ദർശിച്ചു.
ചിക്കൻ സ്റ്റാളുകൾ, സ്വകാര്യ ആർ.ഒ പ്ലാൻററുകൾ, വാട്ടർ അതോറിറ്റിയുടെ ആർ.ഒ പ്ലാൻറ് എന്നിവയും സന്ദർശിച്ചു. വരുദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ ഹെൽത്ത് സ്ക്വാഡ് അറിയിച്ചു. ബോധവത്കരണത്തിനായി നഗരസഭ വാഹന അനൗൺസ്മെൻറ് ആരംഭിച്ചിട്ടുണ്ട്.
നഗരസഭ അധ്യക്ഷ സൗമ്യരാജ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീന രമേശ് എന്നിവരുടെ നിർദേശാനുസരണം രൂപവത്കരിച്ച സ്ക്വാഡിൽ ഹെൽത്ത് ഓഫിസർ കെ.പി. വർഗീസ്, എച്ച്.ഐമാരായ എസ്. സുനിലാൽ, ആർ. അനിൽകുമാർ, എസ്. ഹർഷിദ്, ഷംസുദ്ദീൻ, സി.വി. രഘു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.