ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്: പ്രകൃതിക്ഷോഭ മുൻകരുതലിന് വകുപ്പുകള്‍ക്ക് നിർദേശം
text_fieldsആലപ്പുഴ: ജില്ലയിലും സമീപ ജില്ലകളിലും കാലവർഷത്തിൽ ശക്തമായ മഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന ജാഗ്രത നിർദേശം ലഭിച്ചിരിക്കെ ജില്ലയില്‍ ദുരന്ത നിവാരണ നടപടികള്‍ക്ക് തുടക്കമിടാന്‍ വിവിധ വകുപ്പുകള്‍ക്ക് നിർദേശം നല്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ജില്ലയിലെ നദികളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ നടപടികൾക്കും ഏകോപനപ്രവർത്തനങ്ങൾക്കുമായി വിവിധ വകുപ്പുകൾക്ക് ചുമതല നൽകി ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവിട്ടു.
പ്രകൃതിക്ഷോഭവും കടലാക്രമണവും ഉണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവരുന്നത് കണക്കിലെടുത്ത് മുൻകൂട്ടി സംവിധാനങ്ങൾ ഒരുക്കും. മുൻവർഷങ്ങളിൽ ക്യാമ്പുകളായി ഉപയോഗിച്ച സ്റ്റാളുകളിലും മറ്റ് കേന്ദ്രങ്ങളിലും മതിയായ സജ്ജീകരണങ്ങൾ ഉണ്ടെന്ന് തഹസിൽദാർമാർ ഉറപ്പുവരുത്തണം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്യാമ്പുകൾ എല്ലാ മേഖലകളിലും കണ്ടെത്തുകയും മതിയായ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങൾ ഹോർട്ടികോർപ്, സിവിൽ സപ്ലൈസ്, സപ്ലൈകോ, കൺസ്യൂമർഫെഡ് മുതലായ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് മാത്രം വാങ്ങണം. ഇക്കാര്യത്തില്‍ വില്ലേജ് ഒാഫിസർമാർക്ക് നിർദേശം നല്‍കും. ഭക്ഷ്യധാന്യ ലഭ്യത ഇവര്‍ ഉറപ്പുവരുത്തണം. ജൂണ്‍ ഒന്ന് മുതല്‍ കണ്ട്രോള് റൂമുകള്‍ ആരംഭിക്കണം. ഭവന നാശവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസില്‍ ലഭിക്കുന്ന അപേക്ഷകൾ മൂന്നു ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപന എൻജിനീയർക്ക് കൈമാറേണ്ടതാണ്.
എൻജിനീയറുടെ സാക്ഷ്യപത്രം സഹിതം തിരികെ ലഭിക്കുന്ന അപേക്ഷകൾ മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ടാക്കി തഹസിൽദാർക്ക് നല്‍കണം. തഹസിൽദാർമാർ അപേക്ഷകൾ 15 ദിവസത്തിനുള്ളിൽ നഷ്ടപരിഹാര തുക വിതരണത്തിന് തയാറാക്കി വെക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ യഥാസമയം മിത്രം പോർട്ടലിൽ വില്ലേജ് ഒാഫിസറുടെ നേതൃത്വത്തിൽ രേഖപ്പെടുത്തണം.
ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അതത് തദ്ദേശമേഖലയിലുള്ള വില്ലേജ് ഒാഫിസർമാർ കണ്ടെത്തുന്ന ക്യാമ്പുകളിലേക്ക് എത്തിക്കുന്നതടക്കം പ്രവർത്തനങ്ങൾ അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരിൽ നിക്ഷിപ്തമായിരിക്കും. ഹോം ക്വാറൻറീനിൽ കഴിയുന്നവരെയും റിവേഴ്സ് ക്വാറൻറീനിൽ കഴിയുന്നവരെയും അതത് മെഡിക്കൽ ഓഫിസർമാരുമായി സഹകരിച്ച് കോവിഡ് മാനദണ്ഡ പ്രകാരം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ, സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പാചക വാതകം ക്രെഡിറ്റ് വ്യവസ്ഥയിൽ വിതരണം നടത്തുന്നതിന് ഗ്യാസ് ഏജൻസികൾക്ക് നിർദേശം നൽകുകയും അത് പാലിക്കുന്നുണ്ടെന്ന് ജില്ല സപ്ലൈ ഒാഫിസർ ഉറപ്പുവരുത്തേണ്ടതുമാണ്.
• ഭക്ഷ്യധാന്യം സ്റ്റോക്ക് ചെയ്യണം
മഴക്കാലത്ത് ഗതാഗത തടസ്സമുണ്ടാകാറുള്ള കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ ഭക്ഷണസാധനങ്ങൾ ലഭിക്കാതെ ക്യാമ്പ് പ്രവർത്തനം തടസ്സം നേരിടുന്നത് ഒഴിവാക്കാൻ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്ക് ചെയ്യാൻ ജില്ല സപ്ലൈ ഓഫിസര്‍ നടപടി സ്വീകരിക്കണം.
• ഫിഷറീസ് വകുപ്പ് കൺട്രോൾ റൂം
ഫിഷറീസ് വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിക്കണം. കടൽക്ഷോഭം മൂലം ബോട്ട് തകരാറാകുന്ന സന്ദർഭങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾക്കായി മുൻകൂട്ടി ബോട്ടുകൾ തയാറാക്കണം.
• ചില്ലകൾ വെട്ടിമാറ്റും
അപകടകരമായ രീതിയിൽ നിൽക്കുന്ന വൃക്ഷങ്ങളുടെ ചില്ലകൾ മഴക്കാലത്തിനു മുമ്പ് തന്നെ കെ.എസ്.ഇ.ബി വെട്ടിമാറ്റണം. വെട്ടി മാറ്റുന്ന ചില്ലകൾ മൂലം ജലനിർഗമന മാർഗങ്ങൾ തടസ്സപ്പെടാതിരിക്കാനും ഗതാഗതതടസ്സം സൃഷ്ടിക്കാതിരിക്കുന്നതിനും ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതാണ്.
• പുറംബണ്ട് സംരക്ഷണം
പാടശേഖരങ്ങളുടെ പുറംബണ്ടുകൾ സംരക്ഷിക്കുന്ന നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ കൃഷി വകുപ്പ് സ്വീകരിക്കണം. മണൽചാക്കുകൾ, പമ്പുസെറ്റുകൾ തുടങ്ങിയവ കണ്ടെത്തുന്നതിനായി പ്രീ-റേറ്റ് കോൺട്രാക്ട് സംവിധാനം ഏർപ്പെടുത്തണം. അതത് കൃഷി ഓഫിസർമാരുടെ നേതൃത്വത്തിൽ എല്ലാ പാടശേഖരങ്ങളിലും കൃത്യമായി പമ്പിങ് നടത്തി വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.
കൃഷിവകുപ്പിന് കീഴിലുള്ള പമ്പ് സെറ്റുകൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കണം. പ്രവൃത്തികൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസര്‍ ഉറപ്പാക്കണം. ജൂൺ 1 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രിൻസിപ്പൽ അഗ്രികൾചറുടെ ഓഫിസിൽ സജ്ജീകരിക്കും.
• കോസ്റ്റൽ പൊലീസ്
അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിന് പൊലീസും അഗ്നിരക്ഷാ സേനയും സജ്ജമാകണം. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും പൊലീസ് പട്രോളിങ് നടത്തേണ്ടതും ഓരോ പുരുഷ വനിത സിവിൽ പൊലീസ് ഓഫിസറുടെ സേവനം ഉറപ്പാക്കേണ്ടതുമാണ്. ജനങ്ങൾ വീടൊഴിയുന്ന സന്ദർഭങ്ങളിൽ മോഷണം തടയുന്നതിന് പൊലീസ് നിരീക്ഷണം ശക്തമാക്കും. ആവശ്യമായ ബോട്ടുകൾ സജ്ജമാക്കി കടലിൽ പട്രോളിങ് നടത്തുന്നതിനുള്ള നടപടി കോസ്റ്റല്‍ പൊലീസ് സ്വീകരിക്കും.
അപകടസാധ്യതകൾ മുന്നിൽ കണ്ട് ഹൗസ് ബോട്ടുകൾ ഉൾപ്പെടെ ജലയാനങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ ഉണ്ടെന്ന് പരിശോധന നടത്തണം. കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും,ശക്തമായ കാറ്റും മഴയും ഉള്ള സമയങ്ങളിൽ ശിക്കാരിവള്ളങ്ങളുടെ സർവിസ് നിർത്തി വെക്കും.
• വളർത്തു മൃഗങ്ങൾക്ക് ഷെൽട്ടർ
മൃഗസംരക്ഷണ വകുപ്പ് വളർത്തുമൃഗങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുള്ള ഷെൽട്ടറുകൾ മുൻകൂട്ടിതന്നെ കണ്ടെത്തേണ്ടതും, അടിയന്തര സാഹചര്യം നേരിടുന്നതിന് കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുമാണ്.
• ഓരുമുട്ടുകൾ നീക്കം ചെയ്യും
ഇറിഗേഷൻ മേജർ, മൈനർ, മെക്കാനിക്കൽ ഡിവിഷൻ നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലുള്ള ഓരുമുട്ടുകൾ അടിയന്തരമായി നീക്കം ചെയ്യണം, തണ്ണീർമുക്കം, നോട്ടപ്പുള്ളി എന്നിവിടങ്ങളിലെ ഷട്ടറുകൾ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തണം.
തോട്ടപ്പള്ളി പൊഴി, അന്ധകാരനഴി പൊഴി എന്നിവിടങ്ങളിൽ അടിഞ്ഞ് കൂടിയിരുന്ന മണൽ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടി ത്വരിതപ്പെടുത്തണം. കടൽഭിത്തി ഇല്ലാത്ത പ്രദേശങ്ങളിലും ദുർബലമായ കടൽ ഭിത്തികൾ ഉള്ള ഭാഗങ്ങളിലും, ശക്തമായ കടൽക്ഷോഭം വേലിയേറ്റം എന്നിവ മൂലം വീടുകൾക്കും കാർഷിക വിളകൾക്കും വർഷംതോറും നാശം സംഭവിക്കുന്നതിനാൽ താൽക്കാലിക പരിഹാരമെന്ന നിലയിൽ ജിയോ ബാഗുകൾ മറ്റും ഇട്ട് വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കണം.
കൂടാതെ പുലിമുട്ട്, കടൽഭിത്തി മുതലായവയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാനും നടപടി സ്വീകരിക്കണം. 4000 ജിയോ ബാഗുകൾ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണം. പുഴകളിലെയും തോടുകളിലെയും എക്കൽ, ചെളി എന്നിവ അടിയന്തരമായി നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണം.
• വാഹന സൗകര്യം
ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള വാഹന സൗകര്യം, െറസ്ക്യൂ ബോട്ട്, വാട്ടര്‍ ആംബുലന്‍സ് എന്നിവ കെ.എസ്.ആര്.ടി.സി, ജലഗതാഗത വകുപ്പ് ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.