'പഠിച്ചു മിടുക്കനായ' പ്രസിഡൻറിന് ജില്ല സാക്ഷരത മിഷെൻറ സ്നേഹാദരം
text_fieldsആലപ്പുഴ: സാക്ഷരത മിഷെൻറ പത്താംതരവും ഹയർ സെക്കൻഡറിയും പഠിച്ച് മിടുക്കനായ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.വി. വിശ്വംഭരന് ആദരം. ചെറുപ്പത്തിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിശ്വംഭരൻ സാക്ഷരത പ്രേരക് സ്നേഹപ്പെൻറ നിർബന്ധത്താലാണ് തുടർവിദ്യാഭ്യാസത്തിെൻറ വഴിയിലേക്ക് വന്നത്. തിരിച്ചുവരവ് ഒട്ടും മോശമാക്കിയില്ല. മികച്ച വിജയം നേടി വിശ്വംഭരൻ കഴിവ് തെളിയിച്ചു.
വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോൾ തുല്യത പഠനത്തിലൂടെ കിട്ടിയ അറിവ് ഏറെ കരുത്ത് പകർന്നതായും വിശ്വംഭരൻ പറഞ്ഞു. പ്രസിഡൻറായി ചുമതലയേറ്റശേഷം എല്ലാ വേദികളിലും തുടർവിദ്യാഭ്യാസത്തിെൻറ പ്രാധാന്യം വിശദീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച ആരംഭിച്ച തുല്യത കോഴ്സിെൻറ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തതും വിശ്വംഭരനാണ്.
സന്തോഷം പങ്കിടാൻ സാക്ഷരത മിഷൻ ജില്ല ഓഫിസിൽ എത്തിയ വിശ്വംഭരനെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി പുസ്തകങ്ങൾ നൽകി ആദരിച്ചു. വെളിയനാട് ബ്ലോക്കിലെ മുഴുവൻ ആളുകളെയും ഹയർ സെക്കൻഡറിതലം വരെ എത്തിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും വിശ്വംഭരൻ പറഞ്ഞു.
നിലവിൽ വിവിധ തുല്യത കോഴ്സുകളിലെ പഠിതാക്കളായിരുന്ന 20 പേർ ജനപ്രതിനിധികളായി മാറിയിട്ടുണ്ട്. സാക്ഷരതയിലൂടെ പഠിച്ച് വിജയിച്ച് ജനപ്രതിനിധികളായവരെ അനുമോദിക്കുന്നതിന് ജില്ല പഞ്ചായത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്ന് കെ.ജി. രാജേശ്വരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.