ഇവിടെ നായ്ക്കൾ സന്തുഷ്ടരാണ്; അന്നം നൽകാൻ മൂന്നംഗ കുടുംബം
text_fieldsആലപ്പുഴ: നഗരത്തിലെ തെരുവ് നായ്ക്കൾക്ക് ദിവസവും ഭക്ഷണം നൽകി സഹജീവി സ്നേഹത്തിെൻറ മാതൃക തീർക്കുകയാണ് മൂന്നംഗകുടുംബം. അഞ്ചു വർഷമായി തെരുവ് നായ്ക്കൾക്ക് അത്താഴം നൽകുന്ന ഇവർ നഗരവാസികൾക്ക് സുപരിചിതരാണ്. വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിന് സമീപം താമസിക്കുന്ന ശോഭ രഘുരാമൻ, ഭർത്താവ് രഘുരാമൻ, മകൾ കുക്കു (രേഷ്മ) എന്നിവരാണ് നായ്ക്കളുടെ വിശപ്പടക്കാൻ രാത്രി നഗരത്തിൽ സഞ്ചരിക്കുന്നത്. ടൗണിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ശോഭ തെൻറ കടയുടെ സമീപം അവശനായി കണ്ട നായെ പരിചരിച്ചത് മുതലാണ് ഇവക്ക് നിത്യവും ഭക്ഷണം നൽകണമെന്ന ചിന്തയിലേക്കുയർന്നത്. കടയുടെ സമീപം വിഹരിക്കുന്ന മുപ്പതോളം നായ്ക്കൾക്ക് ആദ്യം ഭക്ഷണം നൽകിത്തുടങ്ങി.
പിന്നീട് ഇത് നഗരത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഭർത്താവും മകൾ കുക്കുവും ഒപ്പം ചേർന്നത് കാരുണ്യ പ്രവർത്തനത്തിന് കൂടുതൽ പ്രചോദനം പകർന്നു. രാത്രി 8.30 മുതൽ 11.30 വരെയാണ് നൂറ്റമ്പതിലധികം നായ്ക്കൾക്ക് തീറ്റ നൽകുന്നത്.
21,000 രൂപയാണ് പ്രതിമാസ ചെലവ്. കോഴിയും ചോറുമാണ് വിഭവം. തികയാതെ വരുമ്പോൾ ബിസ്കറ്റും ബ്രഡും നൽകും. ഇതുവരെ മുടക്കം വന്നിട്ടില്ലെന്ന് കുക്കു പറയുന്നു. കൂടുതൽ ഭക്ഷണമുള്ളപ്പോൾ മൂന്ന് സ്കൂട്ടറുകളിലാണ് പോകുന്നത്. എറണാകുളത്ത് ഐക്യുവിയ എന്ന ഐ.ടി കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായ കുക്കുവിെൻറ ശമ്പളത്തിൽനിന്നാണ് അന്നമൊരുക്കുന്നത്.
അപകടത്തിൽ പെട്ട് തെരുവോരങ്ങളിൽ കഴിയുന്ന നായ്ക്കളെ ശുശ്രൂഷിക്കാൻ കേന്ദ്രമില്ലാത്തതാണ് വലിയ പ്രതിസന്ധി. ആനിമൽ ഹസ്ബൻഡറിയുടെ ഭാഗമായി ഡച്ച് സ്ക്വയറിന് പടിഞ്ഞാറ് കെട്ടിടം നിർമിച്ചെങ്കിലും ഉപയോഗ ശൂന്യമായ നിലയിലാണ്. വന്ധ്യകരണം നടത്തിയ നായ്ക്കളെ എത്തിക്കുന്നതിന് കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലും മാത്രമാണ് ആശുപത്രിയും സൗകര്യവുമുള്ളത്. നിലവിലുള്ള കെട്ടിടം തുറന്ന് കൊടുത്താൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ഇവർ പറയുന്നു.
ഭക്ഷണം നൽകുന്നതിൽ വിമർശനങ്ങളും കേൾക്കേണ്ടി വരുന്നുണ്ട്. നായ്ക്കൾ പെരുകുമെന്നാണ് ഇത്തരക്കാരുടെ ആരോപണം.
തെരുവ് നായെ ആക്രമിക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കാത്തതാണ് ഇവ തെരുവിൽ കൊല്ലപ്പെടാൻ കാരണമെന്നും മൃഗസംരക്ഷണവും ക്ഷേമവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന മദ്രാസ് ഹൈകോടതിഉത്തരവ് പ്രതീക്ഷ നൽകുന്നുവെന്നും മൂന്നംഗ കുടുംബം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.