ദാഹിച്ചുവലഞ്ഞ് ആലപ്പുഴ; കുടിവെള്ളത്തിനായി നാടെങ്ങും നെട്ടോട്ടം
text_fieldsആലപ്പുഴ: വേനൽമഴ ലഭിക്കാതെ ദാഹിച്ചുവലഞ്ഞ് ആലപ്പുഴ. കനത്തചൂടിൽ പലയിടത്തും ജലസ്രോതസ്സുകൾ വറ്റിവരണ്ട് നേരത്തേ തന്നെ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. ഇത് ദുരിതം ഇരട്ടിയാക്കി. മാർച്ച്, എപ്രിൽ മാസങ്ങളിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. 2018 മഹാപ്രളയത്തിനുശേഷം തുടർച്ചയായി ജില്ലയിൽ മഴ ലഭിച്ചിരുന്നു. എന്നാൽ, ജനുവരി മുതൽ ഇതുവരെ സീസണിൽ കിട്ടേണ്ട മഴ അപ്രത്യക്ഷമായി.
ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടലിൽ വലഞ്ഞാണ് നഗരവാസികളുടെ ജീവിതം. അമ്പലപ്പുഴ-തകഴി റോഡിൽ പൈപ്പ് പൊട്ടൽ 75 തവണയും കടന്നാണ് മുന്നേറുന്നത്. നഗരസഭയിലെ ചില വാർഡുകളിൽ പൈപ്പ് ലൈനിലൂടെ വെള്ളംകിട്ടാത്ത സ്ഥിതിയുണ്ട്. നഗരസഭ ഇടപെട്ട് ടാങ്കറിൽ കുടിവെള്ളം എത്തിക്കാറുണ്ടെങ്കിലും ആവശ്യത്തിന് തികയുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. പണംകൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഒട്ടേറെ കുടുംബങ്ങൾ. വേനൽ കടുത്തതോടെ ജില്ലയിലെ ആറ് താലൂക്കുകളിലും കുടിവെള്ളക്ഷാമമുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കുന്ന മുന്നൊരുക്കം ഒരിടത്തും ആരംഭിച്ചിട്ടില്ല.
ഫെബ്രുവരി അവസാനിക്കുമ്പോൾ തന്നെ വേനൽച്ചൂട് താങ്ങാനാവുന്നില്ല. മാർച്ച് പകുതിയോടെ അനുഭവപ്പെടേണ്ട ചൂടിന്റെ പ്രതിഫലനത്തിൽ കുറഞ്ഞത് കുടിവെള്ളലഭ്യതയാണ്. ചേർത്തല താലൂക്കിലെ 17 പഞ്ചായത്തിലും നഗരസഭയിലും ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെയാണ് കുടിവെള്ള വിതരണം. പലയിടത്തും വെള്ളം സുഗമമായി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
ജലംനിറഞ്ഞ കുട്ടനാട്ടിലും ദുരിതം
ജലസാന്നിധ്യം ഏറെയുള്ള കുട്ടനാട്ടിലും ശുദ്ധജലം കിട്ടാക്കനി. നദികളിലും തോടുകളിലും ജലനിരപ്പ് താഴ്ന്ന പാടശേഖരങ്ങളിൽ വെള്ളംകുറഞ്ഞതാണ് ക്ഷാമത്തിന് കാരണം. ഒറ്റപ്പെട്ട തുരുത്തുകളിൽ കഴിയുന്നവർക്കാണ് ഏറെ ദുരിതം. ജലാശയങ്ങളിലെ ഒഴുക്കുനിലച്ച് പോളയും മറ്റ് മാലിന്യങ്ങളും നിറഞ്ഞ വെള്ളമാണ് പലരും ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, കൈനകരി, വെളിയനാട്, ചമ്പക്കുളം, കിടങ്ങറ, മുട്ടാർ പഞ്ചായത്തുകളിലെ സ്ഥിതി പരിതാപകരമാണ്.
പാടശേഖരങ്ങളിലെ കീടനാശിനികളുടെ അംശം കലരുന്നതും പ്രശ്നം സൃഷ്ടിക്കുന്നു. നിരവധി കുടിവെള്ള പദ്ധതികളുണ്ടെങ്കിലും ആവശ്യത്തിന് വെള്ളം കിട്ടാറില്ല. കുട്ടനാട് പാക്കേജുപോലെ ബജറ്റിലടക്കം ആവർത്തിക്കുന്ന പദ്ധതിയാണ് കുട്ടനാട് കുടിവെള്ളപദ്ധതി. അതിനായി ഇനിയും എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കുട്ടനാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.