കുടിവെള്ള ക്ഷാമം; ജല അതോറിറ്റി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് ജനപ്രതിനിധികൾ
text_fieldsആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വഴിച്ചേരി വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് ജനപ്രതിനിധികളുടെ പ്രതിഷേധം.
പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസിന്റെ നേതൃത്വത്തിലാണ് കുത്തിയിരുപ്പ് സമരവുമായി രംഗത്തെത്തിയത്. ഒരാഴ്ചയിലേറെയായി മുടങ്ങിയ കുടിവെള്ളം ബുധനാഴ്ച പുനഃസ്ഥാപിച്ചില്ലെങ്കിൽ വീണ്ടും സമരവുമായി വരുമെന്ന മുന്നറിയിപ്പ് നൽകിയാണ് ഇവർ മടങ്ങിയത്. ദേശീയപാതയുടെ കിഴക്കൻ മേഖലയിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. വാട്ടർ അതോറിറ്റി അധികൃതരോട് വിവരം അറിയിച്ചിട്ടും തിരിഞ്ഞ് നോക്കുന്നില്ലെന്നായിരുന്നു പരാതി. പഞ്ചായത്തിന്റെ കിഴക്കൻമേഖലയിലെ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് വാർഡുകളിലും പടിഞ്ഞാറ് ഭാഗത്തെ 10ഉം 11ഉം വാർഡുകളിലും ഒരാഴ്ചയിലേറെയായി വെള്ളം കിട്ടുന്നില്ല. ഇതുസംബന്ധിച്ച് വാട്ടർഅതോറിറ്റിയിൽ പരാതിപ്പെട്ടാൽ പഞ്ചായത്തിൽനിന്നാണ് കുടിവെള്ളം നൽകുന്നതെന്ന മറുപടിയാണ് നൽകുന്നതെന്ന് പി.ജി. സൈറസ് പറഞ്ഞു.
രാവിലെ 11.30ന് തുടങ്ങിയ സമരം ഉച്ചക്ക് ഒന്നുവരെ നീണ്ടു. കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കാമെന്ന് വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ജലവിതരണം വ്യാഴാഴ്ച തുടങ്ങിയില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. രണ്ടുമണിക്കൂറിലേറെ നടന്ന സമരത്തിന് പിന്നാലെ നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് അടച്ച്, പഞ്ചായത്തിലെ ജലസംഭരണി നിറച്ച് കുടിവെള്ള വിതരണം ഉറപ്പാക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സുലഭ ഷാജി, എൻ.കെ. ബിജുമോൻ, അംഗങ്ങളായ ഗീതാ ബാബു, ജെ. സിന്ധു, കില ഫാക്കൽറ്റി അംഗം ആർ. റെജിമോൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.