തണ്ണീർമുക്കത്ത് മൂന്ന് മാസത്തിനകം കുടിവെള്ളം നൽകണം –മനുഷ്യാവകാശ കമീഷൻ
text_fieldsആലപ്പുഴ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ 17ാം വാർഡിൽ കുടിവെള്ള കണക്ഷൻ ഇല്ലാത്ത വീടുകളിൽ മൂന്ന് മാസത്തിനകം കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. പഞ്ചായത്തിൽ കുടിവെള്ള കണക്ഷൻ ലഭിക്കാനുള്ള 350 പേർക്ക് എസ്റ്റിമേറ്റ് തയാറാക്കി ജൽ ജീവൻ മിഷന് സമർപ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു.
പരാതിക്കാരനായ തണ്ണീർമുക്കം 17ാം വാർഡിൽ ആർ. ജനാർദനന് കുടിവെള്ള കണക്ഷൻ നൽകണമെന്ന് കമീഷൻ 2020ൽ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ, കുടിവെള്ളം കിട്ടിയില്ല. തുടർന്നാണ് പരാതിക്കാരൻ വീണ്ടും കമീഷനെ സമീപിച്ചത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ 23 വാർഡിൽ 4199 ഗാർഹിക കണക്ഷൻ നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.
പരാതിക്കാരന്റെ വീടിന് സമീപം ജല അതോറിറ്റിയുടെ വിതരണക്കുഴലില്ല. അതിനാൽ എട്ട് വീടിന് കണക്ഷൻ നൽകാനായിട്ടില്ല. 350 പേർക്ക് ഇനിയും കണക്ഷൻ കൊടുക്കാനുണ്ട്. ഇത് അംഗീകരിച്ചാൽ പരാതിക്കാരന് വെള്ളം നൽകാൻ കഴിയും.
കമീഷൻ ഉത്തരവ് നൽകി അഞ്ചുവർഷം കഴിഞ്ഞിട്ടും കുടിവെള്ളം നൽകാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും കമീഷൻ ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.