ഫീസടച്ചിട്ടും ഡ്രൈവിങ് ടെസ്റ്റുകൾ റദ്ദാക്കി; വലഞ്ഞ് പഠിതാക്കൾ
text_fieldsആലപ്പുഴ: മോട്ടോർ വാഹന വകുപ്പിൽനിന്ന് എത്തിയ ‘ഫോൺ സന്ദേശം’ ഡ്രൈവിങ് പഠിതാക്കളിൽ പലരും ആദ്യമൊന്ന് ഞെട്ടി. വിശദമായി വായിച്ചിട്ടും കാര്യം പിടിക്കിട്ടിയില്ല. ചിലർ നേരിട്ട് അന്വേഷിക്കാൻ ഓഫിസിലെത്തിയിട്ടും ഒന്നും മനസ്സിലായില്ല. ഡ്രൈവിങ് ടെസ്റ്റിലെ ഡേറ്റ് റദ്ദാക്കിയതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത് കോവിഡ്-19 എന്ന മഹാമാരിയാണ്. രാജ്യത്തുനിന്ന് രോഗം പൂർണമായും മുക്തമായിട്ടും വീണ്ടും കോവിഡ് തലപൊക്കിയതിന്റെ ഉത്തരംതേടി ഒരുകൂട്ടം പഠിതാക്കൾ ആലപ്പുഴ ആർ.ടി ഓഫിസിലെത്തിയെങ്കിലും നിരാശയോടെയാണ് മടങ്ങിയത്. ഇതിന് ഉത്തരവാദി കേന്ദ്രസർക്കാറാണെന്നും പരാതിയുള്ളവർ എഴുതി നൽകാനുമായിരുന്നു നിർദേശം.
ആലപ്പുഴ ആർ.ടി.ഒക്ക് കീഴിൽവരുന്ന 45 ഡ്രൈവിങ് സ്കൂളിലെ 900 പഠിതാക്കളാണ് ഫീസടച്ചിട്ടും ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ് കിട്ടാതെ വലയുന്നത്. കിട്ടിയവർക്ക് അത് റദ്ദാക്കിയതായും അറിയിപ്പ് വന്നു. ജനുവരി മുതൽ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ലേണേഴ്സ് എടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ടെസ്റ്റിന് തോറ്റുപോയവർക്ക് വീണ്ടും ഡേറ്റ് എടുക്കാനും കഴിയുന്നില്ല. കോവിഡിന്റെ പേരിൽ കൂട്ടത്തോടെയാണ് ടെസ്റ്റുകൾ റദ്ദാക്കിയത്. ലേണേഴ്സ് കാലാവധി തീരാറായവരും ഡേറ്റ് കിട്ടാതെ വിഷമിക്കുകയാണ്. പഠനാവശ്യത്തിനും ജോലിക്കും വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും ജോലിതേടി പോകേണ്ടവരാണ് ഏറെ വലയുന്നത്. ഡ്രൈവിങ് ടെസ്റ്റ് പാസായി മാസങ്ങൾ കഴിഞ്ഞിട്ടും ലൈസൻസ് കിട്ടാത്തവരുമുണ്ട്. ടൂ, ഫോർ വാഹനത്തിന് ലൈസൻസ് എടുക്കുന്നതിന് 1455 രൂപയാണ് മോട്ടോർ വാഹനവകുപ്പ് ഫീസായി ഈടാക്കുന്നത്. ഇരുചക്രവാഹനത്തിന് മാത്രം 1055 രൂപയും നൽകണം. ടെസ്റ്റിൽ തോറ്റവർക്ക് വീണ്ടും പങ്കെടുക്കുന്നതിന് 350 രൂപയാണ് നൽകേണ്ടത്. ഇത് അടച്ചശേഷം ടെസ്റ്റിനായി കാത്തിരിക്കുന്നവർക്കാണ് റദ്ദാക്കിയ സന്ദേശം കിട്ടിയത്.
ഇത്തരം വീഴ്ചകൾക്ക് പിന്നിൽ ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരാണെന്ന് ആരോപിച്ച് പഠിതാക്കളുടെ ബന്ധുക്കളിൽനിന്ന് മർദനവും കൈയേറ്റവും ഉണ്ടായതായി ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി ജില്ല ട്രഷറർ അൻസാരി ചെമ്മാരപ്പള്ളി ‘മാധ്യമ’ത്തോട് പറഞ്ഞു. സനൽ ഡ്രൈവിങ് സ്കൂളിലെ ടെയിനർക്കാണ് മർദനമേറ്റത്. പരിശീലനത്തിനെത്തിയ യുവതിയുടെ ഭർത്താവിന്റെ വകയായിരുന്നു മർദനം.
അപേക്ഷിച്ചിട്ടും ലൈസൻസ് കിട്ടാത്തതിന്റെ കാലതാമസവും മോട്ടോർ വാഹന വകുപ്പിന്റെ അനാസ്ഥയുമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. വ്യാഴാഴ്ച രാവിലെ വിവിധ സ്കൂളുകളിലെ ഡ്രൈവിങ് പഠിതാക്കൾ ആലപ്പുഴ ആർ.ടി.ഒക്ക് പരാതി നൽകി. ലൈൻസിന് അപേക്ഷിച്ചവരുടെ ലേണേഴ്സ് നമ്പറും പേരും എഴുതി നൽകിയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.