വരൾച്ച: 500 ഹെക്ടറിൽ കൃഷിനാശം
text_fieldsആലപ്പുഴ: കൊടും വേനലിൽ ജില്ലയിൽ നശിച്ചത് 500 ഹെക്ടറിലെ കൃഷി. 900ത്തിലേറെ കർഷകരുടെ വിളകളാണ് കരിഞ്ഞുണങ്ങിയത്. ഒരുകോടിയോളം രൂപയുടെ നാശം കണക്കാക്കുന്നു. നെൽകൃഷിക്കാണ് ഏറെ നാശമുണ്ടായത്.
409 ഹെക്ടറിലെ നെൽകൃഷിയാണ് നശിച്ചത്. വാഴ, എള്ള് വിളകളും നശിച്ചു. ഹരിപ്പാട് ബ്ലോക്കിൽ 241 ഹെക്ടർ നെൽകൃഷി നശിച്ചു. ആലപ്പുഴയിൽ 85, അമ്പലപ്പുഴ 83 ഹെക്ടർ നെൽകൃഷി നശിച്ചെന്ന് ജില്ല കൃഷി ഓഫീസർ അറിയിച്ചു. പാടത്ത് ആവശ്യത്തിന് വെള്ളംകിട്ടാതെയാണ് നെൽകൃഷി നശിച്ചത്. വെള്ളം ലഭ്യത കുറഞ്ഞതോടെ വ്യാപക കീടബാധയുമുണ്ടായി.
ചാരുംമൂട്, പാണാവള്ളി, ഹരിപ്പാട്, ചെങ്ങന്നൂർ പ്രദേശങ്ങളിലാണ് വാഴകൃഷിക്ക് നാശം ഉണ്ടായത്. ചൂട് കഠിനമായതോടെ കുലച്ചവയടക്കം ഒടിഞ്ഞ് വീണ് നശിച്ചു. ജലസേചന സൗകര്യം ഉള്ളിടങ്ങളിലും ചൂട് കൂടിയതോടെ വാഴകൾ ഒടിഞ്ഞ് വീണിരുന്നു. ചാരൂംമൂട്ടിൽ 1.5, ചെങ്ങന്നൂരിൽ 3.2 ഹെക്ടർ വീതം പ്രദേശത്തെ വാഴക്കൃഷി നശിച്ചു. ഓണാട്ടുകര പ്രദേശത്താണ് ജില്ലയിൽ വ്യാപകമായി എള്ള് കൃഷിയുള്ളത്. കായംകുളം ബ്ലോക്കിൽ എട്ട്, മാവേലിക്കരയിൽ 2.3 ഹെക്ടർ വീതം എള്ള് നശിച്ചു. ചാരുംമൂട് ബ്ലോക്കിലും എള്ള് കൃഷി നശിച്ചിട്ടുണ്ട്. 100ൽ അധികം കർഷകരുടെ വിളവെടുപ്പിന് പാകമായ കൃഷിയാണ് നശിച്ചത്. പച്ചക്കറികൃഷിക്കും നാശമുണ്ടായി.
കൃഷി നാശത്തിന്റെ കണക്കെടുപ്പ് തുടരുകയാണ്. വേനൽ മഴ ലഭിച്ചതോടെ അവശേഷിക്കുന്നവക്ക് ആശ്വാസമായിട്ടുണ്ട്. കൃഷിനാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾശപ്പട്ടിട്ടുള്ളവർക്ക് ഇൻഷുറൻസ് തുക വൈകാതെ ലഭിക്കും. കൃഷിവകുപ്പ് റിപ്പോർട്ട് ഉടൻ കേന്ദ്രസർക്കാരിന് കൈമാറും. കർഷകർ നഷ്ടപരിഹാരത്തിന് കൃഷിവകുപ്പിന്റെ എയിംസ് (എ.ഐ.എം.എസ്) പോർട്ടൽ വഴി അപേക്ഷ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.