വിദ്യാർഥികളുടെ മുങ്ങിമരണം; സങ്കടക്കടലായി നാട്
text_fieldsആറാട്ടുപുഴ: കായൽ തീരത്തിരുന്ന മൊബൈലുകളിലേക്ക് നിലക്കാതെവന്ന കോളുകൾ മക്കളെ കാണാതെ വന്നപ്പോഴുള്ള അമ്മമാരുടെ വിളികളായിരുന്നു. എന്നാൽ, ആ വിളികൾ കേൾക്കാനാകാത്ത ലോകത്തിലേക്ക് അവർ ഇതിനകം യാത്രപോയ വിവരം അമ്മമാർ അറിഞ്ഞിരുന്നില്ല. മക്കൾ മടങ്ങിവരുന്നതും കാത്തിരുന്ന മാതാപിതാക്കളെ തേടിയെത്തിയത് അവരുടെ മരണവാർത്തയായിരുന്നു. ഹൃദയം പൊട്ടിയുള്ള ഉറ്റവരുടെ നിലവിളി ഒരു നാടിനെ മുഴുവൻ സങ്കടത്തിലാഴ്ത്തി. അവധിക്കാലത്തെ നേരംപോക്കിനാണ് ദേവപ്രദീപും വിഷ്ണുനാരായണനും ഗൗതം കൃഷ്ണയും ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്ക് കുരിശ്ശടിക്കു പടിഞ്ഞാറായി കായംകുളം കായലിൽ കുളിക്കാനായി വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ എത്തിയത്.
ഇവിടെയെത്തുന്ന കുട്ടികളെ നാട്ടുകാർ ഓടിച്ചുവിടുമായിരുന്നു. വ്യാഴാഴ്ച പ്രദേശത്തെ അമ്പലത്തിൽ ഉത്സവമായതിനാൽ ആളുകൾ അധികവും അമ്പലത്തിലായിരുന്നു. ഇതുമൂലം കുട്ടികൾ കുളിക്കാനിറങ്ങുന്നത് ആളുകളുടെ ശ്രദ്ധയിൽപെട്ടില്ല. രാത്രി ഒമ്പത് മണിയോടെ കായൽതീരത്തെ കുറ്റിക്കാടിന് അരികിലിരുന്ന് മൊബൈൽ ശബ്ദിക്കുന്നത് ശ്രദ്ധയിൽപെട്ട പരിസരവാസി അടുത്തെത്തിയപ്പോഴാണ് വസ്ത്രവും ചെരിപ്പും കാണുന്നത്. സംശയംതോന്നി മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ദേവപ്രദീപിെൻറയും വിഷ്ണു നാരായണെൻറയും മൃതദേഹങ്ങൾ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.
ഗൗതം കൃഷ്ണയുടെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചയാണ് ലഭിച്ചത്. ചേറിൽ താഴ്ന്ന നിലയിലാണ് മൃതദേഹങ്ങൾ കിടന്നത്. മകൻ മടങ്ങിവരാൻ വൈകിയപ്പോൾ ഗൗതം കൃഷ്ണയുടെ അമ്മ ജിഞ്ചു രണ്ട് മണിക്കൂറോളം കായൽതീരത്ത് അന്വേഷിച്ച് നടക്കുകയും ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. മൂവരും എട്ടാംക്ലാസ് വിദ്യാർഥികളായിരുന്നു. ദേവപ്രദീപും ഗൗതം കൃഷ്ണയും കാർത്തികപ്പള്ളി സെന്റ് തോമസിലും വിഷ്ണു നാരായണൻ ചേപ്പാട് സി.കെ.എച്ച്.എസ്.എസിലുമാണ് പഠിക്കുന്നത്. വിയോഗമറിഞ്ഞ് ഗൾഫിൽനിന്ന് എത്തിയ അശ്വിനി മോഹന് മകൻ വിഷ്ണുനാരായണെൻറ വേർപാട് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പിതാവില്ലാത്തതിെൻറ പ്രയാസങ്ങൾ അറിയിക്കാതെയാണ് ദേവ പ്രദീപിനെ രേഖ വളർത്തിയത്. ഒടുവിൽ മകനും തന്നെ വിട്ടുപോയതോടെ ഹൃദയം തകർന്ന രേഖയെ ആശ്വസിപ്പിക്കാൻ ഉറ്റവർക്കും ആകുന്നില്ല. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൂവരുടെയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.