അവ്യക്തമായി മരുന്നു കുറിപ്പടി; കംപ്ലയിന്‍റ് മോണിറ്ററിങ് കമ്മിറ്റി തെളിവെടുത്തു
text_fieldsആലപ്പുഴ: അവ്യക്തമായ രീതിയിൽ മരുന്ന് കുറിപ്പടി എഴുതി ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുകയും ചോദിച്ചപ്പോൾ അസഭ്യം പറയുകയും ചെയ്ത ഡോക്ടർക്കെതിരെ കംപ്ലയിന്‍റ് മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തര അന്വേഷണം.
ഡോക്ടറെ രോഗീപരിചരണ ചുമതലയിൽനിന്ന് താൽക്കാലികമായി നീക്കിയാണ് അന്വേഷണം. ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരമാണ് ചുമതലയിൽനിന്ന് നീക്കിയത്. ആശുപത്രിയിലെ കംപ്ലയിന്‍റ് മോണിറ്ററിങ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷമാകും തുടർനടപടി. പ്രാഥമിക റിപ്പോർട്ട് ജില്ല മെഡിക്കൽ ഓഫിസർ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി.
ഒ.പിയിൽ ചികിത്സതേടിയെത്തുന്ന രോഗികൾക്കുള്ള കുറിപ്പടിയിലാണ് ഡോക്ടർ വ്യക്തമാകാത്തരീതിയിൽ മരുന്നുകുറിക്കുന്നത്. മരുന്നിന്‍റെ പേര് മനസ്സിലാകാതെ ആരോഗ്യപ്രവർത്തകർ സംശയം ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നാണ് പരാതി. കൂടാതെ, മരുന്നുകുറിപ്പടിയിൽ ദൈവവചനങ്ങളും കുറിക്കുന്നുണ്ട്. ഡോക്ടറുടെ കുറിപ്പടി ആശുപത്രിയിലെതന്നെ ജീവനക്കാരിൽ ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ആശുപത്രിയിലെ അന്വേഷണസംഘം വ്യാഴാഴ്ച തെളിവെടുത്തു. ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽമാത്രമേ മരുന്നുകുറിക്കാവൂവെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഡോക്ടർമാരോട് നിർദേശിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് മനസ്സിലാകാത്ത ഭാഷയിൽ മരുന്നു കുറിക്കുന്നതെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.