ആലപ്പുഴയിൽ ലഹരി കടത്തുകാരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
text_fieldsഷൈജു ഖാൻ
ചാരുംമൂട്: നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതിയുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. നൂറനാട് പൊലീസ് സ്റ്റേഷന് പരിധിയിലെ നൂറനാട് പുതുപ്പളളിക്കുന്നം ഖാൻ മന്‍സിലില്‍ ഷൈജുഖാന് എന്ന പി.കെ. ഖാന്റെ (41) സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇയാളുടെ പേരിലുളള 17.5 സെന്റ് വസ്തുവും വീടുമാണ് എസ്.എ.എഫ്.ഇ.എം ആക്ട് പ്രകാരം കണ്ടുകെട്ടി ഉത്തരവായത്.
2020 മുതല്‍ നൂറനാട് പൊലീസ്, നൂറനാട് എക്സൈസ്, ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഷൈജു ഖാന്. ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചാരുംമൂട് കേന്ദ്രീകരിച്ച് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ വില്പന നടത്തിവരികയായിരുന്നു ഇയാൾ. 2023 മാര്‍ച്ചില്‍ രണ്ടുകിലോ കഞ്ചാവുമായി നൂറനാട് പൊലീസും, 2024 ജൂണില്‍ രണ്ടുകിലോ കഞ്ചാവുമായി നൂറനാട് എക്സൈസും , 2024 ആഗസ്റ്റില്‍ 8.5 കിലോ കഞ്ചാവുമായി ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ഇയാളുടെ വീട്ടില്‍ നിന്നും 2024 നവംബറില്‍ 125 ഗ്രാം കഞ്ചാവ് നൂറനാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. നിതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും കണ്ടെടുത്തിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍ എൻ.ഡി.പി.എസ് നിയമത്തിലെ പ്രത്യേക വകുപ്പു പ്രകാരം നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് വില്പനയിലൂടെ ഷൈജു ഖാന് സമ്പാദിച്ച സ്വത്തുവകകള്‍ കണ്ടെത്തി. 2020 ല്‍ അയല്‍വാസിയില്‍ നിന്ന് 17 ലക്ഷം രൂപ ഇയാളുടെ പേരില്‍ 17.5 സെന്റ് ഭൂമിയും വീടും വാങ്ങിയതായി തെളിവുകള്‍ ലഭിച്ചു.
വസ്തു വാങ്ങിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് തെളിവുകളൊന്നും ഹാജരാക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഈ വസ്തുവിന്റെ കൈമാറ്റം മരവിപ്പിച്ചു. കണ്ടു കെട്ടല്‍ നടപടികള്‍ക്കായി സി.ഐ കേന്ദ്ര സര്‍ക്കാറിന്റെ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിന്റെ ചെന്നൈ ആസ്ഥാനമായ ട്രൈബ്യൂണലിന് തെളിവ് രേഖകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.