ഒരേ കുറ്റകൃത്യത്തിലെ പൊലീസിന്റെ ഇരട്ട നിലപാട് വിവാദമാകുന്നു
text_fieldsവള്ളികുന്നം: കൊടിമരവും ബോർഡുകളും തകർത്ത സംഭവങ്ങളിൽ വള്ളികുന്നം പൊലീസിന്റെ ഇരട്ട നീതി ചർച്ചയാകുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെ ജാമ്യമില്ലാ വകുപ്പും ബി.ജെ.പി നേതാവിന് ജാമ്യം കിട്ടുന്ന വകുപ്പും ചുമത്തിയ നടപടിയാണ് പ്രതിഷേധങ്ങൾക്കും കാരണമാകുകയാണ്.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ച കേസിൽ രണ്ട് ദിവസം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വള്ളികുന്നം ഇലിപ്പക്കുളം പണിക്കവീട്ടിൽ പടീറ്റതിൽ മുഹമ്മദ് ഷായെ (28) പിടികൂടി റിമാൻഡ് ചെയ്തിരുന്നു. അതേസമയം ബാബരി മസ്ജിദ് പ്രമേയമാക്കി എസ്.ഡി.പി.ഐ സ്ഥാപിച്ച ഫ്ലക്സ്, കൊടിമരങ്ങൾ, പതാക എന്നിവ തകർത്തതിന് പിടിയിലായ താളിരാടി സ്വദേശിയും ബി.ജെ.പി മണ്ഡലം ഭാരവാഹിയുമായ ദിപിക്ക് (സുധി ) എതിരെ ജാമ്യം കിട്ടുന്ന വകുപ്പിലാണ് കേസ് എടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് എസ്.ഡി.പി.ഐ ബോർഡുകൾ തകർക്കപ്പെട്ടത്. സംഭവത്തിൽ പ്രതിയെ യഥാസമയം കണ്ടെത്തിയെങ്കിലും ഏറെ സമ്മർദങ്ങൾക്ക് ഒടുവിൽ മേയിലണ് കേസ് എടുത്തത്. അതു തന്നെ സ്റ്റേഷനിൽ വിളിച്ചു വരുത്താതെ കോടതിയിൽ ഹാജരാകുന്ന തരത്തിൽ വീട്ടിലെത്തി നോട്ടിസ് നൽകുകയായിരുന്നു.
വർഗീയ പ്രശ്നങ്ങളുടെ ഭാഗമായി രണ്ട് പേർ കൊല്ലപ്പെട്ട പ്രദേശത്ത് സംഘർഷം ലക്ഷ്യമാക്കി ബി.ജെ.പി നേതാവ് നടത്തിയ കൊടിയും ബോർഡും നശിപ്പിക്കൽ സംഭവത്തിൽ പൊലീസ് ലാഘവ സമീപനമാണ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. പ്രദേശത്ത് കലാപവും സംഘർഷവും സൃഷ്ടിക്കുകയാണ് പ്രതി ലക്ഷ്യമിട്ടതെന്ന് എഫ്.ഐ.ആറിൽ പറയുന്നുവെങ്കിലുംസ്റ്റേഷനിൽ ഹാജരാകുന്നതിൽ വരെ ഇളവ് നൽകുകയായിരുന്നു.
ഇതേ ഉദ്യോഗസ്ഥർ ഡി.വൈ.എഫ്.ഐക്കാരൻ പ്രതിയായപ്പോൾ നിലപാട് മാറ്റിയതാണ് താരതമ്യത്തിന് കാരണമായത്. ഇതിനിടെ ഷായുടെ ഉടമസ്ഥതയിലുള്ള ചൂനാട്ടെ സ്ഥാപനം പൂട്ടിച്ച പൊലീസ് നടപടിയും ചർച്ചയായിട്ടുണ്ട്. പൊലീസ് ഭീഷണി കാരണം ഇതര സംസ്ഥാന തൊഴിലാളികളായ ജീവനക്കാർക്ക് സ്ഥലം വിടേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.