ബോട്ടുകൾക്ക് ഇനി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് എൻജിൻ...
text_fields
ആലപ്പുഴ: പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച വഞ്ചികളെയും ബോട്ടുകളെയും പരിസ്ഥിതിസൗഹാര്‍ദവും പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറഞ്ഞതുമായ ഇലക്ട്രിക് എന്‍ജിനുകളിലേക്ക് മാറ്റുന്നതിന് വിപ്ലവകരമായ ഇ-മറൈന്‍ സാങ്കേതികവിദ്യ.
സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത കേരളീയ കമ്പനിയായ യെസെന്‍ സസ്റ്റെയ്ന്‍ ആലപ്പുഴ പുന്നമട ഫിനിഷിങ് പോയന്റില്‍ രണ്ടു ശിക്കാര ബോട്ടുകകളുടെ പെട്രോള്‍ ഔട്ബോര്ഡ് എന്‍ജിനുകള്‍ മാറ്റി പകരം ഇ-മറൈന്റെ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ കിറ്റ് ഘടിപ്പിക്കുന്ന പ്രവര്‍ത്തനരീതി പ്രദര്‍ശിപ്പിച്ചു. യഥാക്രമം ആറ് എച്ച്.പിയും എട്ട് എച്ച്.പിയും ശക്തിയുള്ള 10 സീറ്റും 15 സീറ്റുമുള്ള രണ്ടു ശിക്കാര ബോട്ടുകളുടെ പെട്രോള്‍ ഔട്ബോര്ഡ് എന്‍ജിനുകള്‍ 30 മിനിറ്റിനുള്ളിലാണ് ടെക്നിഷ്യന്മാര് മാറ്റിയത്.
ജില്ല ബോട്ട് ഓണേഴ്സ് അസോസിയേഷനുമായി സഹകരിച്ചായിരുന്നു പരിപാടി. പുന്നമടയില്‍ നടത്തിയ പ്രദർശനത്തില്‍ വശത്തും നടുവിലും എന്‍ജിനുകള്‍ ഘടിപ്പിച്ച ശിക്കാര ബോട്ടുകളുടെ എന്‍ജിനുകളാണ് മാറ്റിയത്. ഏത് കപ്പാസിറ്റിയിലുമുള്ള ഔട്ട്ബോർഡ് എന്‍ജിനുകളുടെയും റിട്രോഫിറ്റിങ് രണ്ടു മണിക്കൂറിൽ താഴെ സമയം കൊണ്ടും ഇന്‍ബോർഡ് എന്‍ജിനുകളുടേത് ഏഴുദിവസത്തിനകവും പൂര്‍ത്തിയാക്കാമെന്ന് യെസെന്‍ സസ്റ്റെയ്ന്‍ സി.ഇ.ഒ ജോര്‍ജ് മാത്യു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ലഭ്യമായ കണക്കുകളനുസരിച്ച് കേരളത്തില്‍ മാത്രം 5000 ഹൗസ്ബോട്ടുകളും ശിക്കാര ബോട്ടുകളുമുണ്ടെന്ന് ജോര്‍ജ് മാത്യു ചൂണ്ടിക്കാണിച്ചു. ആഗോള കാര്‍ബണ്‍ ഫുട്പ്രിന്റിന്റെ 2.5 ശതമാനത്തിനും കാരണമാകുന്നത് ഇവയുള്‍പ്പെടുന്ന മറൈന്‍ മേഖലയാണ്. ഇതു കണക്കിലെടുക്കുമ്പോള്‍ പുതിയ ടെക്നോളജി നല്കാന് പോകുന്ന പരിസ്ഥിതി സേവനം ഏറെ നിര്‍ണായകമാകും.
പെട്രോള്‍, ഡീസല്‍. ഓയില്‍ മാലിന്യങ്ങളില്‍നിന്ന് കായലിനെ പൂര്‍ണമായും മുക്തമാക്കാന്‍ സഹായിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണിതെന്നും ജോര്‍ജ് മാത്യു പറഞ്ഞു. നിലവില്‍ ആളുകള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഗ്യാസ്, സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കുന്നതുപോലെ നിലവിലുള്ള ബോട്ടുകളിലും വള്ളങ്ങളിലും ഫിറ്റു ചെയ്യാവുന്ന പ്രി-എന്‍ജിനിയേഡ് ഇലക്ട്രിഫിക്കേഷന്, സോളരൈസേഷന്‍ കിറ്റുകളാണ് ഇ-മറൈന്‍ അവതരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.