തെരുവ് നായ്ക്കളുടെ കടിയേറ്റ് വയോധികയുടെ മരണം; നൊമ്പരം വിട്ടുമാറാതെ അയൽവാസികൾ
text_fieldsആറാട്ടുപുഴ: തെരുവ് നായ്ക്കളുടെ കടിയേറ്റ് വയോധിക മരിച്ച സംഭവത്തിൽ അയൽവാസികളുടെ മനസ്സിലെ വിങ്ങൽ ഇനിയും മാറിയിട്ടില്ല. സാമൂഹിക ബന്ധങ്ങൾക്ക് വിലകൽപ്പിക്കാതെ സ്വന്തത്തിലേക്ക് മാത്രം ഒതുങ്ങിപ്പോകുന്നതിന്റെ കൂടി ദുരന്ത ഫലമാണിതെന്ന് നാട്ടുകാർ പറയുന്നു. കണ്മുന്നിൽ നടന്ന സംഭവമായിട്ടും കാർത്യായനി അമ്മയുടെ നിലവിളി തങ്ങൾക്ക് കേൾക്കാൻ കഴിയാതെപോയത് അയൽപ്പക്കബന്ധം പോലും വേണ്ടതില്ലെന്ന വീട്ടുകാരുടെ ചിന്താഗതിയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വീട്ടുമുറ്റത്തുവെച്ചാണ് തകഴി അഞ്ചാംവാർഡിൽ അരയന്റെ ചിറയിൽ പരേതനായ ശ്രീധരന്റെ ഭാര്യ കാർത്യായനി അമ്മ (81) തെരുവ് നായ്ക്കളുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തരക്കും വൈകീട്ട് നാലിനും ഇടയിലാണ് സംഭവം. ഈസമയം മകൻ പ്രകാശും ഭാര്യ ജൂലിയും കോട്ടയത്ത് പഠിക്കുന്ന മകളെ വിളിക്കാൻ പോയിരുന്നു. വീടിന് മുൻവശത്തെ മതിലിനോട് ചേർന്ന് കമ്പ് നാട്ടി കെട്ടി പഴയ പ്ലാസ്റ്റിക് ഷീറ്റ് മുകളിലിട്ട ഷെഡിൽ കാർത്യായനി അമ്മയെ ഇരുത്തി ഗേറ്റും വീടും അടച്ചുപൂട്ടിയാണ് ഇരുവരും പോയത്. അയൽവാസികളുമായി സഹകരിക്കാത്ത പ്രകൃതമാണ് വീട്ടുകാരുടേത്. അതിനാൽ അവിടേക്ക് ആളുകളുടെ സഹകരണവും കുറവാണ്. നാല് ആൺമക്കളുടെ വീടുകളിൽ മാറിമാറി നിൽക്കുകയാണ് കാർത്യായാനി അമ്മയുടെ പതിവ്. നാലുമാസത്തിലേറെയായി കാർത്യായനിയമ്മ ഇളയമകൻ പ്രകാശനോടൊപ്പമാണ്.
ഇവിടെ കാർത്യായനിയമ്മ ഉള്ള കാര്യം അയൽവാസികൾക്ക് പോലും അറിയില്ലായിരുന്നു. വയോധികയുടെ മുഖമാണ് നായ്ക്കൂട്ടം പ്രധാനമായും കടിച്ചുകീറിയത്. അതുകൊണ്ടാകാം നിലവിളിക്കാൻ പോലും കഴിയാതെപോയത്. ഒരുകണ്ണ് ഒഴിച്ച് മുഖത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളെല്ലാം കടിച്ചുപറിച്ച നിലയിൽ ഭീകരമായിരുന്നു അവസ്ഥ. കഴുത്തിലും ആഴത്തിൽ കടിയേറ്റിരുന്നു.
വൈകീട്ട് നാലിന് പ്രകാശനും ഭാര്യയും എത്തിയപ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെയാണ് കണ്ടത്. ഉടൻ തൊട്ടടുത്തുള്ള എ.ഒ. ബ്രദേഴ്സ് എന്ന ചെമ്മീൻ കമ്പനിയുടെ വാനിൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃക്കുന്നപ്പുഴയിൽ വെച്ച് മരിച്ചു. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തകഴിയിലെ കുടുംബ വീട്ടിൽ സംസ്കരിച്ചു. പേപ്പട്ടി കടിച്ച നിരവധി സംഭവങ്ങൾ തീരദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും കടിയേറ്റ് ഒരാൾ ദാരുണമായി കൊല്ലപ്പെടുന്നത് ആദ്യമാണ്. ജനങ്ങൾ ഏറെ ഇടപഴകി ജീവിക്കുന്ന തീരഗ്രാമത്തിൽ മറിച്ചൊരു അനുഭവവും വേദനിപ്പിക്കുന്നതാണ്.
വൈകീട്ട് മൂന്നരയോടെ നായ്ക്കൂട്ടങ്ങൾ അസ്വാഭാവികമായി കുരക്കുന്നത് അയൽവാസികളും സമീപത്തെ കടക്കാരും കേട്ടിരുന്നു.എന്നാൽ വീടിന്റെ ഗേറ്റ് താഴിട്ട്പൂട്ടിയ നിലയിലായിരുന്നു. ഇതോടെ വീട്ടിൽ ആരുമില്ലെന്നാണ് ആളുകൾ ധരിച്ചത്. കാർത്യായനിയമ്മ കിടന്നിരുന്ന ഷെഡ് മതിലിനോട് ചേർന്ന് മരങ്ങളുടെ മറവിലായതിനാൽ പുറത്ത് നിന്നും നോക്കുന്നവർക്ക് ഇത് കാണാൻ കഴിയുകയുമില്ല. വീടിനുമുന്നിലും ഒരു വളർത്തുനായെ പൂട്ടിയിട്ടിരുന്നു. വേലിക്ക് ഇടയിലൂടെ വീട്ടുവളപ്പിൽ കടന്ന നായ്ക്കൾ കടിപിടി കൂടുകയാണെന്ന് ധരിച്ച് കുര കേട്ട് എത്തിയവർ തിരിച്ചുപോവുകയും ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.