ആവേശത്തിരയായി കൊട്ടിക്കലാശം
text_fieldsആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആവേശം അണപൊട്ടിയ കൊട്ടിക്കലാശത്തിനൊടുവിൽ പരസ്യ പ്രചാരണത്തിന് സമാപനം. ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡങ്ങളിലും ആവേശത്തിര തീർത്തെങ്കിലും ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികൾ ആലപ്പുഴയിലും മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാർഥികൾ ചെങ്ങന്നൂരിലുമാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്.
‘കളറാക്കി’ ആരിഫിന്റെ റോഡ്ഷോ
ആലപ്പുഴ എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫിന്റെ റോഡ്ഷോ കളറായി. അരൂരിൽനിന്ന് തുടങ്ങി മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും സഞ്ചരിച്ച് വൈകീട്ടാണ് ആലപ്പുഴ സക്കറിയ ബസാറിലാണ് എത്തിയത്. അതിനുമുമ്പേ പ്രവർത്തകർ ആട്ടും പാട്ടുമായി തെരുവോരത്ത് നിറഞ്ഞിയിരുന്നു. പരസ്യപ്രചാരണത്തിന് ചൂട് പിടിച്ചതോടെ നടി ഉഷയോടെപ്പം നൃത്തചുവടുകളുമായി എ.എം. ആരിഫിന്റെ ഭാര്യ ഡോ. ഷഹ്നാസ് ബീഗവും എത്തിയത് പ്രവർത്തകർക്ക് ആവേശമായി.
വൈകുന്നേരം മൂന്നരയോടെ തന്നെ ഇവിടേക്ക് പ്രവർത്തകർ ഒഴുകിയെത്തി. ആട്ടവും പാട്ടുമായി ഇടത് അനുകൂല ചുവടുകളായിരുന്നു എങ്ങും. 5.45നാണ് മണ്ഡലത്തിലെ വിവിധ മേഖലകളിലൂടെ റോഡ് ഷോക്ക് ശേഷം സ്ഥാനാർഥിയെത്തിയത്. ഒപ്പം മന്ത്രി പി. പ്രസാദും എച്ച്. സലാം എം.എൽ.എ.യുമുണ്ടായിരുന്നു. സ്ഥാനാർഥിയെത്തിയതോടെ പ്രവർത്തകർ അദ്ദേഹത്തെ തോളിലേറ്റി ജയ് വിളിച്ചു. പിന്നാലെ പ്രസംഗം. ഇതിനിടെ സി.പി.എം ജില്ലസെക്രട്ടറി ആർ. നാസറും പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യും സ്ഥാനാർഥിക്കൊപ്പം തുറന്ന ജീപ്പിൽ കയറി ജയ് വിളിച്ചു.
ആവേശത്തേരിലേറി കെ.സിയുടെ റോഡ്ഷോ
കളർകോടുനിന്ന് ആരംഭിച്ച റോഡ്ഷോ പ്രധാനകേന്ദ്രങ്ങളിലൂടെ ചുറ്റിതിരിഞ്ഞ് കൊട്ടിക്കലാശത്തിന്റെ സമാപനകേന്ദ്രമായ വട്ടപ്പള്ളിയിൽ തുറന്ന വാഹനത്തിൽ കെ.സി. വേണുഗോപാൽ എത്തിയപ്പോൾ പ്രവർത്തകർ ആവേശത്തിരയായി. വാദ്യമേളങ്ങളുടെ അകമ്പടിക്കൊപ്പം കൊടിതോരണങ്ങളും വർണ ബലൂണുകളും ഉയർത്തിയാണ് വരവേറ്റത്. ഇടക്കിടെ വർണക്കടലാസുകൾ വാരിവിതറുന്ന വലിയ പേപ്പർ പോപ്പർ പൊട്ടിച്ചതോടെ ആവേശം ഇരട്ടിയായി. കേന്ദ്രസർക്കാറിനെയും സംസ്ഥാനസർക്കാറിനെയും രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാന്റെ പ്രസംഗം കത്തികയറുന്നതിടെയാണ് കെ.സി വാഹനത്തിൽ സജ്ജീകരിച്ച വേദിയിലേക്ക് എത്തിയത്. പ്രവർത്തകർ തോളിൽ എടുത്തുയർത്തിയാണ് വേദിയിലേക്ക് കൊണ്ടുവന്നത്. വിജയാരവം മുഴക്കി കൊടികളും പാറിപ്പറന്നു.
കെ.സിയുടെ പ്രസംഗം കത്തികയറിയപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കാനും മറന്നില്ല.
പ്രസംഗത്തിന് നിറഞ്ഞ കൈയടിയും കിട്ടി. തെരഞ്ഞെടുപ്പിൽ മത്സരിച്ച എക്കാലത്തും പരസ്യപ്രചാരണം അവസാനിപ്പിക്കാൻ തെരഞ്ഞെടുക്കുന്ന വട്ടപ്പള്ളിയിൽ മണിക്കൂറുകൾക്ക് മുമ്പേ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വൻജനാവലി എത്തിയിരുന്നു. മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് എ.എം. നസീർ, കെ.പി.സി.സി ജനറൽസെക്രട്ടറി എ.എ. ഷുക്കൂർ, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എം. ലിജു, മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ബബിത ജയൻ എന്നിവരുമുണ്ടായിരുന്നു.
ആട്ടവും പാട്ടും തീർത്ത് എൻ.ഡി.എ
നഗരത്തിൽ ആട്ടവും പാട്ടും മേളവും തീർത്താണ് എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ റോഡ് സമാപിച്ചത്. ആലപ്പുഴ കളർകോട് എൻ.ഡി.എ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ നിന്ന് തുറന്ന ജീപ്പിൽ വാദ്യമേളങ്ങളുടെ അകമ്പടിയിലാണ് പര്യടനം തുടങ്ങിയത്. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പ്രവർത്തകരും ഒപ്പംചേർന്നു.
മുല്ലക്കലിൽ ഒത്തുചേർന്ന പ്രവർത്തകർ കൊടിയും മുത്തുകുടകളും അമ്മൻകുടവുമെല്ലാം നിരത്തി ആടിത്തിമിർത്തു. ഇടക്കിടെ പൊഴിക്കുന്ന വർണകടലാസുകളുമുണ്ടായിരുന്നു.
പ്രവർത്തകർക്കിടയിലേക്ക് ആവേശം വിതറിയാണ് സ്ഥാനാർഥിയെത്തിയത്. ബി.ജെ.പി ജില്ല പ്രസിഡന്റ് എം.വി. ഗോപകുമാർ, സീരിയൽ താരം നിധിൻ ജോസഫ് എന്നിവരും സ്ഥാനാർഥിയോടൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.