മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആവേശം അടങ്ങാതെ തെരഞ്ഞെടുപ്പ് കാഹളം
text_fieldsആലപ്പുഴ: ആളുന്ന വെയിലത്ത് ചൂടുപിടിച്ച തെരഞ്ഞെടുപ്പ് ചര്‍ച്ചയിലാണ് പലരും. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപതി പരിസരവും ചര്‍ച്ചയുടെ കാര്യത്തില്‍ ആവേശത്തിലാണ്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഒത്തുകൂടുന്നിടങ്ങളിലാണ് ചര്‍ച്ച മൂക്കുന്നത്. രാത്രി മുഴുവന്‍ രോഗികളോടൊപ്പം ഇരുന്ന ശേഷം രാവിലെ 7.30 ഓടെയാണ് ഇവര്‍ പുറത്തിറങ്ങുന്നത്. ഉറക്കച്ചടവ് തീര്‍ക്കാന്‍ ഒരു കട്ടന്‍ ചായയും കുടിച്ച് പത്രവായനയും കഴിഞ്ഞ് വിശ്രമകൂടാരത്തില് ഇരിക്കുമ്പോഴാണ് കഴിഞ്ഞ രാത്രിയിലെ വാര്‍ഡിലെ വിഷയങ്ങള്‍ ചര്‍ച്ചക്കിടുന്നത്. കൂടിയിരിക്കുന്നവരുടെ പ്രധാന വിഷയം കൊതുക് ശല്യമാണ്. ഇത്രയും വലിയ കെട്ടിട സമുച്ഛയത്തില്‍ കൊതുകിനെ തുരത്താന്‍ സംവിധാനങ്ങൾ ഇല്ലെന്നതാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്.
സര്ക്കാറോആശുപത്രി അധികൃതരോ മാത്രം തീരുമാനിച്ചാല്‍ കൊതുക് ശല്യം കുറക്കാനാകില്ലെന്നാണ് ഹരിപ്പാട് സ്വദേശി ഷാജി ഉയര്‍ത്തിയ വിഷയം. ഇവിടെ എത്തുന്നവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാ പിതാവിന് കൂട്ടിരിക്കാന്‍ എത്തിയതാണ് ഷാജി. പിന്നീട് സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച് വാചാലനായി. ഇത്രയും സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളില്‍ പോലും കിട്ടില്ല. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അനുബന്ധജീവനക്കാര്‍ എന്നിവരോട് ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല.
മൂന്നുനേരം സൗജന്യഭക്ഷണം. മദര്‍ തെരേസാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രഭാത ഭക്ഷണം. ഉച്ചക്ക് ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍. രാവിലെയും വൈകിട്ടും സേവാഭാരതിയുടെ കഞ്ഞി. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പുറത്തുപോകേണ്ട കാര്യമില്ല. ഷാജിയുടെ അഭിപ്രായത്തിനിടെ പേരുപറയാന്‍ മടിച്ച യുവാവ് ചര്‍ച്ചയെ കയറിവെട്ടി. ഭക്ഷണവിതരണം എല്ലാം ശരിയാണ്. പക്ഷേ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാത്രമല്ല പ്രയോജനം. അതില്‍ അര്‍ഹതയില്ലാത്തവരും എത്താറുണ്ട്. ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷണം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാക്കാറുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണം വാങ്ങിയശേഷം ഇത്തരക്കാര്‍ക്ക് ഭക്ഷണം വാങ്ങാനുള്ള സാഹചര്യം ഒരുക്കണം. വാര്‍ഡുകളില്‍ കുടിവെള്ളം കിട്ടാനില്ല. പല ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. അറ്റകുറ്റപ്പണികളുടെ കാര്യത്തില്‍ പരാജയമാണ്.
ഷാജിക്ക് ഇനിയും പറയാനുണ്ട്. ഇടത് സ്ഥാനാർഥി തന്നെ വരണം. ഇവിടെ നിന്നും 20 പേരാണ് ലോക്സഭയിലേക്ക് പോയത്. പാര്‍ലമെന്റ് കൂടുമ്പോള്‍ കൃത്യമായി പങ്കെടുക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പദ്ധതികള്‍ ആവശ്യപ്പെടുന്നതും എ.എം. ആരിഫാണ്. തുടര്‍ന്നും അദ്ദേഹം വരണമെന്നാണ് ഷാജിയുടെ അഭിപ്രായം. കേന്ദ്രത്തില്‍ ഇന്‍ഡ്യാ മുന്നണിയാണ് അധികാരത്തില്‍ വരേണ്ടത്. ഇന്‍ഡ്യാ മുന്നണിയില്‍ ഉള്ള എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തില്‍ പരസ്പരം മത്സരിക്കുകയാണല്ലോ എന്ന ചോദ്യത്തില്‍ അതെല്ലാം കേരളരാഷ്ട്രീയമെന്നായിരുന്നു മറുപടി. മത്സ്യത്തൊഴിലാളിയായ തൈക്കല്‍ സ്വദേശി സജീവന് ചര്‍ച്ചക്കിടയിലാണ് എത്തിയത്. തെരഞ്ഞെടുപ്പിനെ കുറിച്ചാണെന്നറിഞ്ഞപ്പോള് കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത നിലപാടിലായി സജീവന്. മണ്ണെണ്ണ പെര്‍മിറ്റാണ് സജീവന്റെ പ്രധാന വിഷയം. പെര്‍മിറ്റില്‍ കുറഞ്ഞ വിലക്ക് കിട്ടിയിരുന്ന മണ്ണെണ്ണ ലിറ്ററിന് 100 മുതല്‍ 110 രൂപ കൊടുത്ത് പുറംവിലക്കാണ് വാങ്ങുന്നത്. ആരുവന്നാലും തീരദേശമേഖലക്ക് വേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാകണം. അതിനുള്ള കഴിവുള്ളവരായിരിക്കണം തെരഞ്ഞെടുക്കപ്പെടേണ്ടത്.
സംസ്ഥാന ഭരണം അത്ര പോരെന്ന് സ്ത്രീകൾ
സംസ്ഥാന സർക്കാറിന്റെ ഭരണം അത്ര പോരെന്നാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാരായ സ്ത്രീകളുടെ അഭിപ്രായം. ആശുപത്രിയുടെ ജെ. ബ്ലോക്കിന് മുന്നില്‍ സ്ത്രീകളുടെ ചര്‍ച്ചയാണ്. അടുത്തെത്തി ശ്രദ്ധിച്ചപ്പോള്‍ കഴിഞ്ഞ ദിവസം നടന്ന അനുഭവങ്ങള്‍ പങ്കിടുകയാണ് പലരും. കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സുരക്ഷാജീവനക്കാരോടാണ് പരിഭവം. രോഗികളോടൊപ്പമുള്ള സ്ത്രീകളോട് കയര്‍ത്ത് സംസാരിക്കുന്ന നിലപാടാണ് പലര്‍ക്കും പരിഭവമായി പറയാനുള്ളത്. രാവിലെ 7.30 മുതല്‍ 11 വരെ സ്ത്രീകളുടെ വാര്‍ഡില്‍ ഒരാളെപ്പോലും നിര്‍ത്താന്‍ സുരക്ഷാജീവനക്കാര്‍ അനുവദിക്കില്ല. പ്രഭാതഭക്ഷണം മുഴുവന്‍ കഴിക്കാന്‍ പോലും സാവകാശം തരില്ലെന്നാണ് കണ്ണൂര്‍ സ്വദേശിനി ശ്രീമതിയുടെ പരിഭവം. പുന്നമടയില്‍ വിവാഹം ചെയ്ത മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീമതി ആലപ്പുഴയില്‍ എത്തിയത്. ഡോക്ടര്‍, നഴ്സ്, മറ്റ് ജീവനക്കാരുടെ ഇടപെടല്‍ വളരെ നല്ലതാണ്.
സുരക്ഷാജീവനക്കാരെ കുറിച്ച പരാതികളാണ് ഷാനിക്കും മിനിക്കും സുമക്കുമെല്ലാമുള്ളത്. ഇതിനിടെ കായംകുളം സ്വദേശിനി അഭിപ്രായങ്ങളുമായി രംഗത്തെത്തി. പലര്‍ക്കും അഭിപ്രായം പറയാന്‍ ഭയമാണ്. സ്വന്തം മക്കളും സഹോദരങ്ങളും ബന്ധുക്കളുമാണ് ഇവിടെ കിടക്കുന്നത്. അവരെക്കുറിച്ച് ഓര്‍ത്താണ് ആരും പ്രതികരിക്കാത്തത്. പേരുചോദിച്ചെങ്കിലും പറയാന്‍ താല്പര്യപ്പെട്ടില്ല. മതിയായ ചികിത്സാ അനുബന്ധ സംവിധാനങ്ങള്‍ രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയാണ് പറഞ്ഞത്. പേരക്കുട്ടിക്ക് ശ്വാസതടസ്സവുമായി ബന്ധപ്പെട്ടൊരു സംവിധാനം വേണ്ടിയിരുന്നു. അതിന്റെ പേരറിയില്ല. ബി.പി.എല്‍, അമ്മയും കുഞ്ഞും പദ്ധതി, കാരുണ്യ തുടങ്ങിയവ എല്ലാം ഉണ്ടായിട്ടും പുറത്തുനിന്നും വാങ്ങേണ്ടിവന്നു. ഇവിടെ നിന്നും ജയിച്ചുപോയ എം.പിയെ ഞാൻ പിന്നെ കണ്ടിട്ടില്ലെന്നാണ് കായംകുളം സ്വദേശിനിയുടെ അഭിപ്രായം. ഒരു മാറ്റം ആവശ്യമാണ്. ആരു ജയിച്ചാലും ജനങ്ങളോടൊപ്പം നിൽക്കുന്നവരാകണം. സംസ്ഥാന ഭരണത്തോട് ശ്രീമതിക്ക് അത്രതാൽപര്യമില്ല. ഇതിലും നല്ലത് രാജഭരണമായിരുന്നു എന്നുള്ള അഭിപ്രായമാണുള്ളത്. ആരുടെ മുന്നിലും ഇക്കാര്യം പറയാൻ മടിയില്ലെന്നും തൊഴുകൈയ്യോടെ ശ്രീമതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.