തെരഞ്ഞെടുപ്പ് തോൽവി; സി.പി.എമ്മിൽ ചർച്ചകൾ ഇനി താഴെ തട്ടിലേക്ക്
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച ചർച്ചകൾ ഇനി സി.പി.എമ്മിന്റെ താഴെ തട്ടിലേക്ക്. സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് ജില്ല സെക്രട്ടറിയേറ്റുകളും ജില്ല കമ്മിറ്റികളും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്തിരുന്നു. ഇനി റിപ്പോർട്ട് ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ ചർച്ച നടത്തും. ജില്ലയിലെ അടക്കം നേതാക്കൾക്കെതിരെ വിമർശനങ്ങൾ താഴെ തട്ടിൽനിന്നുയർന്നേക്കും. പാർട്ടിയിൽ തിരുത്തേണ്ടത് നേതാക്കളാണെന്ന വിമർശനം ഇപ്പോൾ തന്നെ മിക്ക പ്രവർത്തകരും പറയുന്നുണ്ട്.
ജില്ല സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും നടന്ന ചർച്ചകളിൽ ഉയർന്ന ഭേദഗതികൾ സംസ്ഥാന കമ്മിറ്റിക്ക് അയക്കും. അവകൂടി പരിഗണിച്ച ശേഷം താഴെ തട്ടിൽ ചർച്ചക്കായി പുതിയ റിപ്പോർട്ട് തയാറാക്കിയേക്കും. സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് കേന്ദ്രകമ്മിറ്റി തള്ളിയിരുന്നു. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത് മാർക്സിയൻ രീതിയിലല്ലെന്ന് കുറ്റപ്പെടുത്തിയാണ് തള്ളിയത്. ഇതുകൂടി കണക്കിലെടുത്താണ് താഴെ തട്ടിൽ ചർച്ചക്കായി പുതിയ റിപ്പോർട്ട് തയാറാക്കുന്നത്. അതും കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെയാകും കീഴ്ഘടകങ്ങളിലേക്ക് അയക്കുക. ഇടത് വോട്ടുകൾ ചോർന്നത് സംബന്ധിച്ച സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ടിലെ വിലയിരുത്തലുകളാണ് ജില്ലകളിൽ നടന്ന ചർച്ചകളിൽ രൂക്ഷ വിമർശനത്തിനിടയാക്കിയത്. പാർട്ടിയുടെ അടിത്തറയായ ഈഴവരടക്കം പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഇത്തവണ വൻതോതിൽ ബി.ജെ.പിയിലേക്ക് പോയിരുന്നു. അത്തരം ഒഴുക്ക് ഏറെ ഉണ്ടായ ജില്ലയാണ് ആലപ്പുഴ. ഈഴവരുടെ വോട്ട് ചോർച്ചക്ക് കാരണം വെള്ളാപ്പള്ളിയുടെ നിലപാടാണെന്ന സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ട് ആലപ്പുഴയിലെ നേതാക്കൾ തള്ളിയിരുന്നു. ബി.ജെ.പി സ്ഥാനാർഥി ഈഴവ സ്ത്രീയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
അദ്ദേഹത്തെ നേരില്‍ കണ്ട അവരെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. ഇതെല്ലാം വിഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും എസ്.എന്‍.ഡി.പി സ്ഥാനാർഥിയാണ് ,അത് കൊണ്ട് അവര്‍ക്ക് വോട്ട് ചെയ്യണമെന്ന് അതിവിപുലമായ കാമ്പയിന് പിന്നാക്ക, ധീവര, ദലിത് വിഭാഗങ്ങളില്‍ സമര്‍ഥമായി നടത്തി. ഇത് മനസ്സിലാക്കാനും പ്രതിരോധിക്കാനും പാർട്ടിക്ക് കഴിഞ്ഞില്ലെന്നാണ് ജില്ലതല യോഗങ്ങൾക്ക് ശേഷം ജില്ല സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. അതിനിടെ അവസരം മുതലെടുത്ത് ചില നേതാക്കളുടെ മേൽ കുറ്റം ചാർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുമുണ്ട്. ആലപ്പുഴയിൽ മുതിർന്ന നേതാവ് ജി. സുധാകരൻ മോദിയെ പ്രശംസിച്ചുവെന്നാണ് ഒരുവിഭാഗം നേതാക്കൾ പ്രചരിപ്പിക്കുന്നത്. മോദിയെ രൂക്ഷമായി സുധാകരൻ വിമർശിക്കുകയാണുണ്ടായതെന്ന് വ്യക്തമായിട്ടും മോദിയെ പ്രശംസിച്ചുവെന്ന ആരോപണമാണ് ഉയർത്തുന്നത്. മോദി ഏകാധിപതിയായ ഭരണാധികാരിയാണെന്നും വലതുപക്ഷ ഭരണാധികാരികളില്‍ മോദി ശക്തനാണെന്നുമാണ് ജി. സുധാകരൻ അഭിപ്രായപ്പെട്ടത്. ഇതിനാണ് മോദിയെ പ്രശംസിച്ചുവെന്ന് കുറ്റം അദ്ദേഹത്തിൽ ചാർത്തുന്നത്. ഇത്തരം പ്രവണതകൾ എല്ലാ ജില്ലകളിലും ഉണ്ടാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.