ആലപ്പുഴ ജില്ലയിൽ വൈദ്യുതി വാഹനങ്ങൾ കൂടി; ചാർജിങ് സ്റ്റേഷനും
text_fieldsആലപ്പുഴ: ജില്ലയിൽ വൈദ്യുതി വാഹനങ്ങളുടെ എണ്ണത്തിൽ വർധന. നിരത്തുകളിൽ സജീവമായതോടെ ചാർജിങ് സ്റ്റേഷനുകളും കൂടി. ജില്ലയിൽ ഇതുവരെ 6475 വൈദ്യുതി വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.
അഞ്ചുവർഷത്തിനിടെ ഏറ്റവും കൂടുതൽ വൈദ്യുതി വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് ആലപ്പുഴ ആർ.ടി ഓഫിസിലാണ് (2095). ചേർത്തല (2083), കായംകുളം (925), മാവേലിക്കര (686), ചെങ്ങന്നൂർ (413), കുട്ടനാട് (273) എന്നിങ്ങനെയാണ് മറ്റ് ആർ.ടി ഓഫിസുകളുടെ കണക്ക്. ആകെ 5392 ഇരുചക്ര വാഹനങ്ങളും 474 മുച്ചക്ര വാഹനങ്ങളും 609 നാലുചക്ര വാഹനങ്ങളുമാണ് ഓടുന്നത്.
തുടക്കത്തിൽ ജില്ലയിൽ ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം കുറവായതിനാൽ ആളുകൾ വാഹനമെടുക്കാൻ മടികാണിച്ചിരുന്നു. ഇന്ധനത്തിന് വിലകൂടിയതോടെ പലരും മാറിച്ചിന്തിച്ചു. പെട്രോള്-ഡീസൽ വിലവർധന താങ്ങാനാവാത്തതും ഇരുചക്ര-നാലുചക്ര വൈദ്യുതി വാഹനങ്ങൾക്ക് ഉയർന്ന സബ്സിഡിയും നികുതി കുറവും ആകർഷമായി.
അടുത്തിടെ എത്തിയ 13 സ്റ്റേഷൻ ഉൾപ്പെടെ ജില്ലയിൽ 55 കെ.എസ്.ഇ.ബി ചാർജിങ് സ്റ്റേഷനുകളാണുള്ളത്. വൈദ്യുതി തൂണുകളിൽനിന്ന് നേരിട്ട് ചാർജ് ചെയ്യാവുന്ന ‘പോൾമൗണ്ടഡ്’ ചാർജിങ് സ്റ്റേഷനുകളാണിവ. പുന്നപ്ര കെ.എസ്.ഇ.ബി സബ്സ്റ്റേഷനിലും ചേർത്തല ഓട്ടോകാസ്റ്റിനു സമീപവും കാറുകൾ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. വലിയ സ്റ്റേഷനിൽ യൂനിറ്റിന് 15 രൂപയും മിനി സ്റ്റേഷനുകളിൽ 11 രൂപയുമാണ് നിരക്ക്.
മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ചാർജ് ചെയ്യേണ്ടത്. ‘ചാർജ് എം.ഒ.ഡി’ എന്ന മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്ത് യൂസർ നെയിമും പാസ്വേഡും നൽകിയശേഷം ഓൺലൈൻ പേമെന്റ് വാലറ്റുമായി ബന്ധിപ്പിക്കണം. ഓൺലൈൻ ബാങ്ക് അക്കൗണ്ട്, ഗൂഗിൾ പേ, പേ.ടി.എം തുടങ്ങിയവ ഏതും ഉപയോഗിക്കാം. ചാർജ് ചെയ്യാൻ ഒരുങ്ങുമ്പോൾ ആദ്യം ആപ്പ് തുറക്കണം. ചാർജിങ് ഓപ്ഷൻ എടുത്താൽ ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ വരും.
ഇത് ഉപയോഗിച്ച് ചാർജിങ് യൂനിറ്റിന് പുറത്ത് കാണിച്ച ക്യു.ആർ കോഡ് സ്കാൻ ചെയ്യണം. അതിനുശേഷം വാഹനത്തിന്റെ പ്ലഗ് വയർ എടുത്ത് നിശ്ചിത സ്ഥലത്ത് ഘടിപ്പിച്ച് വാഹനവുമായി ബന്ധിപ്പിക്കണം. പിന്നീട് സ്റ്റാർട്ട് അമർത്തിയാൽ ചാർജിങ് തുടങ്ങും. അത് പൂർത്തിയായാൽ മൊബൈലിലെ സ്റ്റോപ് അമർത്തിയാണ് നിർത്തുന്നത്. അതിനുശേഷം പ്ലഗ് വയർ ശ്രദ്ധയോടെ ഊരിയെടുക്കണം. അതോടെ ചാർജ് ചെയ്തതിനുള്ള തുക വാലറ്റിൽനിന്ന് എടുക്കും. ഈസമയം ഉപയോഗിച്ച വൈദ്യൂതി യൂനിറ്റ് നിരക്കിൽ കണക്കാക്കിയാണ് തുക ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.