പൈപ്പ് പൊട്ടി ഒഴുക്കിൽപെട്ട് വൈദ്യുതി തൂണ് അപകടത്തിൽ
text_fieldsമാരാരിക്കുളം: ജല വകുപ്പിന്റെ പൈപ്പ് പൊട്ടി ഒഴുക്കിൽപ്പെട്ട് വൈദ്യുതി തൂൺ അപകടത്തിലായി. സംഭവം നടന്ന് ആഴ്ച പിന്നിട്ടപ്പോൾ ശരിയാക്കാനിറങ്ങി വകുപ്പ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനാലാം വാർഡ് മാവേലിപുരം - റെയിൽവേ റോഡിലാണ് അപകടമുയർത്തി വൈദ്യുതി പോസ്റ്റ് നിൽക്കുന്നത്.
പൈപ്പ് പൊട്ടിയ വെള്ളത്തിന്റെ ഒഴുക്കിൽ പോസ്റ്റ് ചരിയുന്ന വിവരം കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷൻ ഓഫീസിലും ജല വകുപ്പിലും നാട്ടുകാർ അറിയിച്ചിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി കെ.എസ്.ഇ.ബി ജീവനക്കാർ എത്തി വൈദ്യുതി തൂണ് മറിയാതിരിക്കാൻ പ്രത്യേകം സ്റ്റേ സ്ഥാപിച്ചു. എന്നാൽ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ മറ്റൊരു ഭാഗത്തേക്ക് വൈദ്യുതി പോസ്റ്റ് ചായുന്ന നിലയിലായിരുന്നു. ഈ നില തുടർന്നാൽ വൈദ്യുതി ബന്ധം ഈ ഭാഗത്ത് ഒഴിവാക്കേണ്ടിവരുമെന്ന് വൈദ്യുതി വിഭാഗം ജീവനക്കാർ നാട്ടുകാർക്ക് മുന്നറിയിപ്പും നൽകി.
കടുത്ത വേനലിൽ വൈദ്യുതി ഇല്ലാത്ത അവസ്ഥ വന്നാലുണ്ടാകുന്ന പ്രയാസം പരിഗണിച്ച് പൈപ്പ് പൊട്ടിയതിന്റെ മൂന്നാം നാൾ പ്രദേശവാസികൾ മുൻകയ്യെടുത്ത് പ്ലംബറെ വിളിച്ച് പൊട്ടിയ ഭാഗം നന്നാക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി പോസ്റ്റിന്റെ അടിയിലായതിനാൽ ശ്രമം വിജയിച്ചില്ല.
തുടർന്ന് പൈപ്പ് പൊട്ടിയ ഭാഗത്തിന്റെ സമീപത്ത് മറ്റൊരു കുഴിയെടുത്ത് വെള്ളത്തിന്റെ ഒഴുക്ക് തടയുകയും വൈദ്യുതി തൂണ് വീണുണ്ടാകുന്ന അപകടം ഒഴിവാക്കുകയുമായിരുന്നു.
സംഭവം നടന്ന് ഏഴാം ദിവസം ജലവിതരണ വിഭാഗം ജീവനക്കാർ സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയപ്പോൾ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ജല വകുപ്പ് ജീവനക്കാർ നാട്ടുകാർക്കെതിരെ മണ്ണഞ്ചേരി പൊലീസിന് പരാതി നൽകി.
ജല വകുപ്പിന്റെ ലൈനിൽ തങ്ങൾ ചുമതലപ്പെടുത്താത്തവർ അനധികൃതമായി പ്രവൃത്തി നടത്തിയെന്നാണ് നാട്ടുകാർക്കെതിരായ പരാതി. ജലവിതരണ വിഭാഗം ഓഫീസിൽ അറിയിച്ചിട്ടും ഒരാഴ്ചയിലേറെ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതിരുന്ന ജല വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെയാണ് അധികൃതരുടെ അശ്രദ്ധ. സംഭവം നടന്ന് എട്ടാം നാൾ ജലവിതരണ വിഭാഗം എത്തി പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.