ഉയരപ്പാത: നിർമാണ സാമഗ്രികൾ ഇറക്കാൻ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തുന്നു
text_fieldsഅരൂർ: ചന്തിരൂർ ഭാഗത്ത് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. രാവിലെ പത്തോടെ തുടങ്ങിയ ഗതാഗത തടസ്സം മണിക്കൂറുകൾ നീണ്ടു. ദേശീയപാതയുടെ പടിഞ്ഞാറേ ലൈനിൽ അരൂർ -തുറവൂർ ഉയരപ്പാത നിർമാണത്തിനുവേണ്ടി മെറ്റലും മറ്റ് സാമഗ്രികളും വലിയ ടിപ്പറിൽ ഇറക്കിയത് ഗതാഗതം താൽക്കാലികമായി തടഞ്ഞുകൊണ്ടായിരുന്നു. വാഹനം തിരിച്ചുവിടാതിരുന്നത് ഗതാഗതസ്തംഭനത്തിനിടയാക്കി. അരൂർ പോലീസ് സ്റ്റേഷനുമുന്നിൽ നിന്ന് തുടങ്ങിയ ഗതാഗതക്കുരുക്ക് എരമല്ലൂർ കവല കഴിഞ്ഞും കിലോമീറ്ററുകൾ നിന്നു. ഉയരപ്പാതയുടെ നിർമാണ സാമഗ്രികൾ ഇറക്കാൻ വേണ്ടി ഗതാഗതസ്തംഭനം പതിവായിരിക്കയാണ്.
പൊലീസുമായി കൂടിയാലോചിച്ച് ഗതാഗത സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയപാതയുടെ ഒരു ലൈനിൽ തടസ്സം ഉണ്ടായാൽ മറുവശത്തെ ലൈനിലൂടെ ഗതാഗതം തിരിച്ചുവിടാൻ കഴിയും. ഇത്തരം സന്ദർഭങ്ങളിൽ മീഡിയൻ ഗ്യാപ്പിലൂടെ ഗതാഗതം മറുഭാഗത്തേക്ക് തിരിച്ചുവിട്ട് ക്രമീകരിച്ചാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.