എന്നുതീരും? ഇ.എം.എസ് സ്റ്റേഡിയം നവീകരണം
text_fieldsആലപ്പുഴ: നഗരഹൃദയത്തിലെ ഇ.എം.എസ് സ്റ്റേഡിയം നവീകരണം അനന്തമായി നീളുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കായികതാരങ്ങൾക്ക് പരിശീലനം നടത്താനാകുന്നില്ല.
നിർമാണത്തിെൻറ ഭാഗമായി കുഴികളും മൺകൂനകളും നിറഞ്ഞ സ്റ്റേഡിയത്തിൽ അവശേഷിക്കുന്ന ഇത്തിരി സ്ഥലത്ത് വൈകുന്നേരങ്ങളിൽ ചിലർ ക്രിക്കറ്റ് കളിക്കുന്നത് മാത്രമാണ് ഏക കായിക വിനോദം. ഈ വർഷം ഫെബ്രുവരിയിലാണ് നിർമാണം തുടങ്ങിയത്. നവംബർ അവസാനം പൂർത്തിയാക്കേണ്ടതാണ്. ഇതിനകം നിർമാണം പൂർത്തിയാക്കാനാവില്ല. ഗ്രൗണ്ടിലെ ഡ്രെയിനേജ് സംവിധാനം നിർമാണം മുടങ്ങിയ നിലയിലാണ്. ഇതിെൻറ നിർമാണത്തിനായി കുഴിച്ചപ്പോൾ അടിഭാഗം വേസ്റ്റുകൾ നിറഞ്ഞതാണെന്ന് കണ്ടെത്തി. വേസ്റ്റ് നീക്കി മണ്ണിട്ട് ഉറപ്പിച്ച് ഓടകൾ നിർമിക്കുന്നതിന് എസ്റ്റിമേറ്റ് പരിഷ്കരിക്കേണ്ടതുണ്ട്. പരിഷ്കരിച്ച എസ്സ്റ്റിമേറ്റിന് നഗരസഭ അംഗീകാരം നൽകി ഫണ്ട് അനുവദിച്ച് നിർമാണം തുടങ്ങാൻ ഇനിയും വൈകും.
ട്രാക്ക് മണ്ണടിച്ച് ഉയർത്താനും തുടക്കമായി. ഡ്രെയിനേജ് സൗകര്യം പൂർണമാകുന്നതോടെ ടർഫ് നിർമാണത്തിന് തുടക്കമാകും. ഇതിന് ശേഷമാകും സിന്തറ്റിക് ട്രാക്ക് നിർമാണം. ഗാലറികൾ എല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കിഫ്ബിയിൽനിന്ന് അനുവദിച്ച 10.92 കോടി രൂപ വിനിയോഗിച്ചാണ് നവീകരണം. ഇതിൽ ഡ്രെയിനേജ്, ഫുട്ബാൾ കോർട്ട്, ഫ്ലഡ്ലിറ്റ്, പുല്ല് നനക്കാനുള്ള ഓട്ടോമാറ്റിക് സ്പിംഗ്ലർ സിസ്റ്റം, കായികതാരങ്ങൾക്ക് ഡ്രസ് മാറുന്നതിനുള്ള മുറികൾ എന്നിവയുടെ നിർമാണത്തിന് 4.35 കോടി രൂപയുടെ കരാർ കോഴിക്കോട് ആസ്ഥാനമായ സെൽമെക് എൻജിനീയറിങ് കൺസ്ട്രക്ഷൻ കമ്പനിയാണ് ഏറ്റെടുത്തത്.
ലോങ് ജമ്പ് പിറ്റ്, എട്ട് വരിയിൽ 400 മീ. സിന്തറ്റിക് ട്രാക്ക്, ത്രോ മത്സരങ്ങൾക്കുള്ള പിച്ച്, ഗാലറിയുടെ നവീകരണം തുടങ്ങിയവ മറ്റൊരു കമ്പനിയെയാണ് ഏൽപിച്ചിരിക്കുന്നത്. കിറ്റ്കോക്കാണ് നിർമാണത്തിെൻറ മൊത്തം ചുമതല. 2010ൽ ഒന്നാംഘട്ട നിർമാണം പൂർത്തിയായ സ്റ്റേഡിയത്തിൽ ഇന്നോളം ഒരു കായിക ഇനവും അരങ്ങേറിയിട്ടില്ല. ഇപ്പോൾ നടക്കുന്ന നവീകരണം തീരാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.